Monday, January 23, 2012

ലുങ്കി കമ്മിഷണര്‍

മഷിയും ഉച്ചക്കത്തെ ഉപ്പ്സോഡി കളിച്ചപ്പം പറ്റിയ ചേറും കൊണ്ട്; നിറം മാറിയ കീസേയ്ന്നും- കണ്ണൂം തുറിച്ച്, തുപ്പലു പോലും ഇറക്കാണ്ട്,വെളറിയ (ഒരു മാതിരി പൂപ്പല് പിടിച്ച പല്ലിയെ ഓര്‍മ്മിപ്പിക്കുന്ന) മുഖമുള്ള ഒരു നെരുന്ത് ചെക്കന്‍ ന്റെ മുന്നില് വന്നു നിന്നു ഒരു കള്ളാസ് എടുത്ത് നീട്ടി. ഇതെന്താ എന്നും കൂടി ചോയിക്കാണ്ട്, വേറെ ആരെങ്കിലും മാങ്ങുന്നതിനു മുമ്പേ എനിക്ക് വേണം എന്ന പരിശുദ്ധമായ ആക്രാന്ത മനോഭാവത്തില്‍; എവ്ടുന്നോ ഇസ്‌ക്കിയ ഒരു മഞ്ഞ ലെറ്റര്‍ പാഡിന്റെ കടലാസുങ്കണ്ടം  ഞാന്‍ തുറന്നു:
" എന്റെ ഹൃദയത്തിനു പ്രാപ്യമായ ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു... കണ്ണീരിലും പുഞ്ചിരിയിലും ഈ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ദൈവം അനുവദിച്ചാല്‍ ഞാന്‍ നിന്നും ഇതിലുമേറെ സ്നേഹിക്കും. എന്റെ സ്നേഹത്തിന്റെ പുസ്തകത്തില് വെച്ച ഒരു റോസ് പോലെ ആണെന്റെ പ്രണയം, അതിനു സുഗന്ധം ഇല്ലായിരിക്കും, എന്നാല് എപ്പോയും ഇതിന്റെ സാന്നിധ്യം  ഇണ്ടായിരിക്കും നിന്റെ ജീവിതത്തില്..."

ഭാഷ സംസ്കൃതം ആയതോണ്ട്  ലൌ ലെറ്റര്‍ ആണോ അതോ പിരിവിന്റെ വല്ല നോട്ടീസുമാണോ എന്ന് മനസ്സിലാവാണ്ട് ഞാന്‍ ഒരു അണ കുറഞ്ഞ നിര്‍ത്തം നിന്നു.
"ഐ ലവ് യു ... എനിക്ക് അന്നെ തോനെ ഇസ്ട്ടാ"  കണ്ടം പെന്‍സിലിന്റെ അത്രള്ളോനു  ഡബ്ബറുങ്കണ്ടത്തിന്റെ അത്രള്ളോളോട്, 'അമീര്‍ക്കാന്റെ മാതിരി' എന്ന് ഓന് മാത്രം  തോന്നിയ ഭാവാഭിനയത്തില്‍ പറഞ്ഞു.

"എനിക്ക് മാണ്ടാ" എന്ന് വളരെ ദയനീയമായി കണ്ണ് നൊറച്ചും കൊണ്ട് ഞാന്‍ വിക്കി. കണ്ട ചെക്കന്മാരോട് കത്തും വാങ്ങി തറവാട്ടിലേക്ക് പോണ്ടിയേയുള്ളൂ... "ഓനും ഓളും ലോഹ്യത്തിലാണ് പോലും..." എന്ന് തീട്ടം മണത്ത പോലുള്ള മോന്തയും വെച്ച് ഉമ്മാമ്മ-ഉമ്മ-അമ്മായി-എളാമ എന്നുള്ള  സ്ത്രീഗണങ്ങളൊക്കെ അടക്കം പറയുന്നത്  എത്തരയോ പ്രാവശ്യം കേട്ടത് ഒര് അസരീരിയായി-  ടേപ്പ് കുടുങ്ങിയ പോലെ കണ്ടിന്യുയസ്സായി എന്റെ അടക്കാത്തലന്റെ ബാക്കിലൂടെ നിര്‍ത്താതെ കളിക്ക്ന്നൂണ്ട്. അതു കൊണ്ട് തന്നെ "ലോഹ്യം കൂടുന്നത്" സാധാരണ ഒച്ചയില് പോലും പറയാന്‍ പറ്റുന്ന പ്രവര്‍ത്തിയല്ല എന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസ്സിലാക്കീനിം.

"അന്‍റെ പേരെനിക്ക് അറീല എന്നാലും അന്നെ ഞാന്‍ ദൌസോം ബസ്സിന്നും കാണും.അന്‍റെ ബസ്റ്റോപ്പിലെത്ത്ന്ന വെരെ എന്റെ നെഞ്ചിനൌത്ത് ഒര് പെടപ്പാ, കാരണം ചെലേ ദൌസം നീ ഏയേ കാലിന്റെ അരുണ്‍ മോട്ടൊസില് കേറി പോവും.അന്ന് അന്നെ കാണാണ്ട് സ്കൂളില് പോയാ ഒരു മായിരിയാണ്.വൈന്നേരം നീ രാജുമാഷൌടെ ട്യൂഷനു പോകുമ്പം ഞാനും അന്റെ പൊറകേ പോരല്ണ്ട്, എന്റെ ബസ്സ് മോടലുസ്ക്കൂളിന്റെ അവിടുന്നാ.രാജൂമാഷവിടെ ട്യൂഷന് ചേരാന് അച്ചന്‍ സമ്മെയ്ക്കിന്നില്ല, അതോണ്ടാ... ഉച്ചക്ക് അന്റെ ക്ലാസിന്റെ അരമതില്‍ന്റപ്പുറത്തുന്നും അന്നെ കാണാന് ഞാനും ആഷിക്കും കൂടി വരല്ണ്ട്. ഓന് ബയങ്കര പേടിയാ, പോളച്ചന്‍ പിടിച്ചാ വെലിയ കൊയപ്പാവും അതോണ്ടാ. എനിക്ക് അതു പുല്ലാ... എന്താന്നെച്ചാ അന്നെ എനിക്ക് തോനെ ഇഷ്ടാ. അതോണ്ട് ഇത് മാങ്ങീല്ലെങ്കില്‍ ഞാമ്പോവ്വൂല"


"ഞാനുപ്പാനോട് പറഞ്ഞു കൊട്ക്കും" എന്ന വളരെ മച്യൂരായ ഭീഷണി മോയക്കി ഞാന്‍ താടീം മൂക്കും വെറപ്പിച്ച്  കണ്ണ് ഒക്കെ പരമാവധി നിറച്ച്, മൂക്കിന്നും അഥവാ ഒലിച്ചാല്‍ തുടക്കാന്‍ വേണ്ടിയും ഒരു ധൈര്യത്തിനുമായി ടൈയും മുറുക്കി പിടിച്ച് , ഇപ്പം കരയും എന്ന പോസില്‍ നിന്നു.

ന്റെ മുന്നില് നിക്കുന്ന രമണന്‍ യാതൊരു കൂസലുമില്ല! പ്രേമത്തില്‍ "ഞാന്‍ ഉപ്പാനോട് പറഞ്ഞു കൊടുക്കും" എന്നത് പിന്മാറാനുള്ള ഒരു കാരണമായി പ്രേമിക്കന്നവരുടെ അസോസിയേഷന്‍ അംഗീഗരിക്കാത്ത കാര്യം ചട്ടിപത്തിരിയും തിന്നു നടക്കുന്ന നമ്മളുണ്ടോ അറിയുന്നു?  രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിറ്റ് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി... ഞാന്‍ ഒന്ന് നിവര്‍ന്നു നിന്നുങ്കാണ്ട് പറഞ്ഞു "ന്റെ ഉപ്പാപ്പ പോലീസാ. ഐ.പി.എസ് പോലീസ് ". രമണന്റെ സ്നേകത്തിന് ഒരു ചെറീയെ എളക്കം തട്ടിയത് ഓന്റെ മോന്തംമല് വിടര്‍ന്നു നിന്ന പൂമന്തഹാസം ഒരു കാലിഞ്ച് കൊറഞ്ഞപ്പം വ്യക്തമായും ശക്തമായും എനിക്ക് മനസ്സിലായി. രമണന്‍ ഒന്നുമ്പാടെ വെറച്ചോട്ടെ എന്ന് വിചാരിച്ചു ഞാന്‍ ഒന്നുംപാടി മൂപ്പിച്ചു കോരി "തോക്കൊക്കെയുള്ള പോലീസാ"!!  എന്നിട്ട് മൂക്കിന്നും ഒലിച്ചു വന്നത് നല്ല ഊക്കോടെ വലിച്ചു കേറ്റി, കണ്ണ് രണ്ടും അമര്‍ത്തി തൊടച്ച് "ഫാ പുല്ലേ, ജസ്റ്റ് റിമെംബര്‍ ദാറ്റ് , ഓര്‍മ്മയുണ്ടോ ഈ മുഖം, സവാരി ഗിരി ഗിരി, നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ്" മുതലായ എല്ലാ കുപ്പിച്ചില്ല് ഡയലോഗും മനസ്സില്‍ പറഞ്ഞു, അതിനു മാച്ച് ചെയ്യുന്ന ഒരു നടത്തവും ഫിറ്റ്‌ ചെയ്തു ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്ക് വെച്ചു പിടിച്ചു. 

അങ്ങനെ എന്റെ ആദ്യ കാമുകനെ നിസ്ക്കരുണം ഇല്ലായ്മ ചെയ്ത് , "എന്തെല്ലാം എന്തെല്ലാം സൊപ്നങ്ങളാണെന്നോ, എന്തെല്ലാം എന്തെല്ലാം മോഗങ്ങളാനെന്നോ" എന്ന് മനസ്സില്‍ ഒരു പാട്ടൊക്കെ ഫിറ്റ്‌ ചെയ്തു വീട്ടിലേക്ക് വെച്ച് പിടിച്ചു. വീട്ടിലെത്തിയപ്പോള്‍ വീട്ടു മുറ്റത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം ഓട്ടുമ്പൊറത്തേക്ക് കണ്ണും നട്ടു നിക്കുന്നു. വല്ല ഉള്‍ക്കയോ തേങ്ങയോ വീണോ? സൂക്ഷിച്ചു നോക്കിയപ്പോള്‍ ടാങ്കിന്റെ ബാക്കില്‍ ഒരു ചെറിയ തല കാണുന്നുണ്ട്.
"എറങ്ങി വാടാ കള്ള ബലാലെ തായോട്ട്, അന്റെ കയ്യും കാലും ഞാന്‍ കൊത്തി ചാടും ഇബിലീസേ" എന്ന് ഗ്രൗണ്ടില്‍ നിന്നും ഒരു അശരീരി ...പ്രക്ഷേപണം വന്ന ടവറിലേക്ക് നോക്കിയപ്പം; ഉപ്പാപ്പ!!! (വന്‍ ആന്‍ഡ്‌ ഒണ്ലി പൂക്കാക്ക).
"ഇമ്മൂപ്പര് മദിരാശീന്നും എപ്പം മന്നു?" ഞാന്‍ കണ്ണും തൊള്ളയും കൊണ്ട് അനിക്ക് ടെലിഗ്രാം അയച്ചു.
"ഇന്നുച്ചക്ക്" അനിന്റെ മറുപടി ഗോഷ്ട്ടി വന്നു. ബെല്ലും ബ്രേക്കും സമണ്ടിനു പരിധികളുമില്ലാത്ത ദിനരാത്രങ്ങളെ... വിട വിട നിങ്ങള്‍ക്കു ഇമ്മിണി ബല്യ ബിട!!  ഓട്ടുമ്പൊറത്തെ തല നേരിടുന്ന വികലാംഗ ഭാവിയിലേക്ക് നമുക്ക് തിരിച്ചു വരാം... 

വീണ്ടും ഒരു ടെലിഗ്രാം അനി അവര്‍കള്‍ക്ക് "തല ആരാ?"

"ചാപ്പിക്കാ" അനി ഗോഷ്ട്ടിച്ചു. ഖദീജ പൂക്കാക്ക ദമ്പതികളുടെ കുഞ്ഞോമന പുത്രന്‍ അബ്ദുല്‍ ഷാഫി അയ്മദ്.

ഓ മൈ ഗോഡ് , പുവര്‍ പുവര്‍ ചാപ് ... അല്ലങ്കിലേ അലര്‍ജി കാരണം തുമ്മലും ചീറ്റലും ഒയിഞ്ഞ നേരമില്ല; കയ്യും കൂടി കൊത്തി കളഞ്ഞാല്‍ എങ്ങനെ മൂക്കും കണ്ണും തൊടക്കും? വളരെ ടിം ഭാവിയാണ്. 

എന്താണ് മേല്‍പ്പറഞ്ഞ തല ചെയ്ത ബലാലിസം? ഞാന്‍ വീണ്ടും കടക്കണ്ണിന്‍ മുന കൊണ്ട് കത്തെഴുതി പോഷ്റ്റ് ചെയ്തു... 

അനി ഓന്റെ കടക്കണ്ണ്‍ കൊണ്ട് അടുക്കള ചായ്പിന്റെ അങ്ങോട്ട്‌ വിരല് ചൂണ്ടി. വിരലിന്റെ പുറകെ വെച്ചു പിടിച്ച എന്റെ കണ്ണ് കണ്ടത് തിരുമ്പി ആറാനിട്ട ഉപ്പാപന്റെ വെള്ള ഷഡികളുടെ കൊടിക്കൂറകള്‍ !

"എന്നാലും എന്റെ ചാപ്പിക്കാ ഇങ്ങക്ക് ഈ തറവാട്ടില്‍ വേറെ ആര ഷഡിയും കിട്ടീലെ എടുത്ത് ചാര്‍ത്താന്‍? ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! ഇനി ഷഡി കേറ്റാന്‍ കയ്യും ഇല്ല കാലും ഇല്ല എന്ന ഗതി ആയിലെ?" എന്നൊക്കെ ഞാന്‍ ഊന്നി ഊന്നി മനസ്സില്‍ ചോദിക്കുമ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം പെട്ടന്ന്‍ ഓര്‍മ്മ വന്നത്.. പതുക്കെ അനിന്റെ അടുത്തേക്ക് നീങ്ങി ഞാന്‍ സ്വകാരിച്ചു "അയിനു ചാപ്പികാക്ക് ഉപ്പപ്പന്റെ ഷഡി കൊള്ളൂലാലോ?"


അനി ആദ്യം എന്നെ ഒന്ന് നോക്കി പിന്നെ ഇളം കാറ്റില്‍ ഉണങ്ങി ആടുന്ന ഷഡികളിലേക്കും... "ഷഡി അല്ല മൊയെ... ഉപ്പാപന്റെ സൈക്കിള്‍ നോക്ക്"

"അയിനു ഉപ്പപ്പന്റെ സൈക്കിള്‍ എവിടണ്ട്? അവിടെ ഒരു കര്‍ത്ത സൈക്കിള്‍ അല്ലെ?" ഉപ്പാപ്പ ദൌസോം രാവിലെ സോപ്പിട്ടു കഴുകി എണ്ണയിട്ടു തൊടച്ച് വിമ്മിന്റെ പരസ്യം പോലെയുള്ള ഹീറോ സൈക്കിള്‍ അവിടൊന്നും ഞാന്‍ കണ്ടില്ല.

"അതെന്നാണ്‌ ഉപ്പാപ്പന്റെ സൈക്കിള്‍. ചാപ്പിക്കാ അയിമല് റഫീക്കാ ദുബെയ്ന്നും കൊണ്ടാന്ന ഫ്രേ പെയിന്റ് അടിച്ചതാ"

ഞാന്‍ അന്തം വിട്ടു നോക്കി നിന്നു! റിമ്മടക്കം ടാറില് മുക്കി എടുത്ത് , പയേ  സൈക്കിളിന്റെ നെയല് പോലെ ഒരു സാധനം. കയ്യും കാലും എന്തായാലും പോകും എന്നറിഞ്ഞും കൊണ്ട്, സൈക്കിളിനു തന്നെ പെയിന്റ് അടിക്കണെയ്നോ? അത്രക്ക് പൂതി ഇണ്ടങ്കില്‍ വല്ല വീല്‍ച്ചെയരിനും ആയിക്കൂടെയ്നോ? ഒരു ഉപയോഗമെങ്കിലും ഇണ്ടാവേയ്നീ പൊന്നു ചാപ്പിക്കാ... ഐ വില്‍ മിസ്സ്‌ യൂ.

ഇറച്ചി വെട്ടുന്നത് കണ്ടാല്‍ പിന്നെ ഇറച്ചി തിന്നാന്‍ പറ്റൂലാ എന്ന് ആരോ പറഞ്ഞത് ഓര്‍മ്മയുള്ളതോണ്ട്, തുടര്‍ന്നുള്ള കാര്യപരിവാടികള്‍ ഒയിവാക്കി ഞാന്‍ ചായേം കടീം ലാക്കാക്കി നടന്നു.

ചായ കുടീം കഴിഞ്ഞു, ചാപ്പിവധം രണ്ടാം കണ്ടം കാണാന്‍, കയ്യിലൊരു പകുതി കടിച്ച സമൂസയും കൊണ്ട് നിക്കുമ്പോള്ണ്ട് നമ്മളെ രാവിലത്തെ കാമുകന്‍ ഒരു വെളുത്ത് മെലിഞ്ഞ മുണ്ടുധാരിയുടെ കൂടെ വരുന്നു. എന്റെ വയറ്റില്‍ നിന്നും നാലഞ്ചു ഉണ്ടകള്‍ ലിവറു വഴി ഹാര്ട്ടിലേക്ക് അതിവേഗ മിസൈല് പോലെ പാഞ്ഞു കേറി. ഇന്നിവിടെ കാലും കയ്യും തൂക്കി വിക്കാന്‍ ഇഷ്ട്ടം പോലെ ഉണ്ടാകും- ചാപ്പിക്കന്റെയും എന്റെയും പിന്നെ ഓന്റെയും. എന്റെ തലയും ചിലപ്പോള്‍ കാണും. ഓനും എന്നെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടിയ പോലെ...

അപ്പോള്‍ ഞാന്‍ ഓനോട്‌ പറഞ്ഞ "ഐ.പി. എസ്" പൂക്കാക്ക ഒരു ലുങ്കിയും ഉടുത്ത്, പള്ളയും ചാടിച്ച്, ബൂട്ട്സ് പോയിട്ട് ഒരു ഹവായി ചെരുപ്പ് പോലും ഇടാണ്ട് കയ്യില്‍ നമ്മള് ക്രിക്കറ്റ് കളിക്കാന്‍ സുബയിത്താന കൊണ്ട് ഡിസൈന്‍ ചെയ്യിപ്പിച്ച മട്ടലും കൊണ്ട് മൂരി മുക്കറയിടുന്ന പോലെ കിതച്ചും കൊണ്ട് "സുവറെ, നീ എപ്പം എറങ്ങി മന്നാലും നിന്‍റെ മയ്യത്ത് ഞാന്‍ എടുക്കും ഇബിലീസേ"  എന്ന കൊടും ഭീഷണികള്‍ മുഴക്കി നില്ക്കുകയാ. സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനുമായി ദൂര്‍ ദൂര്‍ കാ ബന്ധം പോലും ഒരു സൈടിന്നും കാണാനുമില്ല...

നീണ്ടു മെലിഞ്ഞ മനുഷ്യന്‍ ഉപ്പാപ്പന്റെ അടുത്തെത്തി "ഉപ്പാപ്പാ" എന്ന് വിളിച്ചപ്പോള്‍ എനിക്ക് ഉറപ്പായി നീണ്ടു മെലിഞ്ഞു വെളുത്ത കയ്യും കാലും കൂടി കൂട്ടത്തില്‍ ഉണ്ടാകും.

"ഉപ്പാപ്പാ, മദിരാശീന്നും എപ്പം വന്നു?" എന്‍. എം മാന്‍ (നീണ്ടു മെലിഞ്ഞ) ചോയിച്ചു.

"ആ ജോണ് വന്നോ? ഞാന്‍ ഉച്ചക്കത്തെ വണ്ടിക്ക് എറങ്ങി. ധാ അതാണ്‌ സൈക്കിള്‍.. എന്തെങ്കിലും ചെയ്യാന്‍ പറ്റോന്ന്‍ നോക്ക്... "

എന്റെ ഹാര്‍ട്ടിലെ ഉണ്ടകളൊക്കെ തിരിച്ചു അതാതു സ്ഥലങ്ങളിലേക്ക് മടങ്ങി. ഓ സൈക്കിള്‍ മെക്കാനിക്കാ അല്ലെ? ബാക്കി സമൂസയും പല്ല് തൊടാതെ മിണ്‌ങ്ങി ഞാന്‍ നടന്നു. അപ്പോള്‍ ബാക്കില്‍ നിന്നും കാമുകന്റെ സ്വരം "ഇതാണോ പോലീസുപ്പാപ്പ?"
"പോലീസോ? ഇവിടാരാ പോലീസ്?? എനിക്ക് മദിരാശീല് പീടിയാ..." ലുങ്കിയും ഉടുത്ത് പള്ളയും തടവി പൂക്കാക്ക പറഞ്ഞു.

എന്റെ വയറ്റിലെ ഉണ്ടകള്‍ വീണ്ടും ഇറങ്ങി പായാന്‍ തൊടങ്ങി... പക്സെഹ് എന്തായാലും കയ്യും കാലും വികലാംഗ പെന്‍ഷനും ഒയിവായി കിട്ടിയല്ലോ. ഒയിവാവാതെ ഒരു കാര്യം മാത്രം ബാക്കിയായി "ലുങ്കി കമ്മിഷണര്‍" എന്ന്‍ ദൌസോം വൈന്നേരം രാജുമാഷെ വീട്ടിന്റെ പുറത്തുന്നും നീട്ടിയ വിളി!




27 comments:

Aisibi said...

വീട്ടിലെത്തിയപ്പോള്‍ വീട്ടു മുറ്റത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം ഓട്ടുമ്പൊറത്തേക്ക് കണ്ണും നട്ടു നിക്കുന്നു. വല്ല ഉള്‍ക്കയോ തേങ്ങയോ വീണോ? സൂക്ഷിച്ചു നോക്കിയപ്പോള്‍ ടാങ്കിന്റെ ബാക്കില്‍ ഒരു ചെറിയ തല കാണുന്നുണ്ട്.

Sranj said...

"അപ്പോള്‍ ബാക്കില്‍ നിന്നും കാമുകന്റെ സ്വരം "ഇതാണോ പോലീസുപ്പാപ്പ?" "

അപ്പോ ഓന്‍ വീടു വരെ വന്നു?? അത്രൈം എസ്ക്കോര്‍ട്ട് വന്ന ആ കാമുകന്റെ ആല്‍മാര്‍ത്തത അവള്‍ കാണാതെ പോയി... ഓള്ക്ക് ആ കത്ത് വാങ്ങ്യാ മതിയേനി!

സഹയാത്രികന്‍ I majeedalloor said...

ലുങ്കി കലക്കീട്ടോ..ചിരിക്കാതിരിക്കാനാവില്ല..
പ്രവാസകാലത്ത് മലയാളികളുടെ ബെണ്ടലിന്‌ 'ലുങ്കി ടൈംസ്' എന്ന് കേട്ടിരുന്നു.. ലുങ്കി കമ്മീഷണര്‍ ആദ്യമായാണ്‌ കേള്‍ക്കണത്..!
സമൂസന്‍റെ കാരിയം പറഞ്ഞപ്പളാണ്‌ തുഞ്ചന്‍ മീറ്റില്‍ കൊണ്ടോന്ന ബീഫ് സമൂസന്‍റെ ഓര്‍മ വന്നതും വായില്‍ കപ്പലോടിക്കാന്‍ വെള്ളം വന്നതും..
അയിന്‍ ശേസം ഐസിബിയെ കണ്ടിറ്റില്ലാലോ.. കാമുകന്‍ തട്ടിയോ.. എന്നൊരു സംസയം ​കൂടി ബാക്കീണ്ട്..!!!
ലുങ്കിക്ക് എല്ലാ ഭാവുകങ്ങളും..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഐസിബിയുടെ സ്വസിദ്ധമായ ശൈലിയില്‍ വാക്കും വരികളും നല്ല നര്‍മ്മം പകര്‍ന്നു.ഓര്‍ത്തു ചിരിപ്പിച്ചു.
പക്ഷെ,അണ്ടി കച്ചോടം കഴിഞ്ഞ് ഇത്രയും നാള്‍ കാത്തിരുന്നതിനുള്ള കണക്കനുസരിച്ച് ലാഭം പോരെന്നൊരു തോന്നല്‍ .
അഭിനന്ദനങ്ങള്‍ ..

മന്‍സൂര്‍ ചെറുവാടി said...

ബ്ലോഗും പൂട്ടി വനവാസത്തിന് പോയി എന്ന് കരുതിയിട്ടൊന്നും ഇല്ലായിരുന്നു. :-)
ഏതായാലും കുറെ നാള് കഴിഞ്ഞ് ആ നാടന്‍ നര്‍മ്മവുമായി വന്നത് ചിരിപ്പിച്ചു ട്ടോ .
പതിവുപോലെ രസക്കൂട്ടുകള്‍ ചേര്‍ത്ത പോസ്റ്റ്‌ ഇഷ്ടപ്പെട്ടു

Ismail Chemmad said...

നര്‍മം കലക്കീട്ടോ , നന്നായിട്ടുണ്ട്. ആശംസകള്‍..
ഈ കോഴിക്കോട് ഭാഷ സംസാരത്തില്‍ മാത്രമായിരുന്നു എങ്കില്‍ കുറച്ചുകൂടി രസാവില്ലായിരുന്നോ ? എന്റെ സംശയാണെ.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തുഞ്ചന്‍ പറമ്പിലെ സമൂസയും ഉന്നക്കായയും (അത് തന്നെയല്ലേ അന്ന് തിന്നാന്‍ കൊണ്ട് വന്ന സാധനത്തിന്റെ പേര്?) കഴിച്ച ശേഷം ഇപ്പോളാണ് കാണുന്നത്.. എന്തായാലും കലക്കി.

മുകിൽ said...

എവിടെയായിരുന്നു? കുറേക്കാലമായല്ലോ കണ്ടിട്ട്. എന്തായാലും നന്ദി. ഹൃദയം തുറന്നു ഒന്നു ചിരിപ്പിച്ചതിനു. ചിലയിടത്തൊക്കെ ഉള്ളൂ നിറഞ്ഞു ചിരിച്ചൂട്ടാ.

Raiz said...

:) :) :)

കൂവിലന്‍ said...

so nice...keep writing!!!

khaadu.. said...

അപ്പോള്‍ ഞാന്‍ ഓനോട്‌ പറഞ്ഞ "ഐ.പി. എസ്" പൂക്കാക്ക ഒരു ലുങ്കിയും ഉടുത്ത്, പള്ളയും ചാടിച്ച്, ബൂട്ട്സ് പോയിട്ട് ഒരു ഹവായി ചെരുപ്പ് പോലും ഇടാണ്ട് കയ്യില്‍ നമ്മള് ക്രിക്കറ്റ് കളിക്കാന്‍ സുബയിത്താന കൊണ്ട് ഡിസൈന്‍ ചെയ്യിപ്പിച്ച മട്ടലും കൊണ്ട് മൂരി മുക്കറയിടുന്ന പോലെ കിതച്ചും കൊണ്ട് "സുവറെ, നീ എപ്പം എറങ്ങി മന്നാലും നിന്‍റെ മയ്യത്ത് ഞാന്‍ എടുക്കും ഇബിലീസേ" എന്ന കൊടും ഭീഷണികള്‍ മുഴക്കി നില്ക്കുകയാ. സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനുമായി ദൂര്‍ ദൂര്‍ കാ ബന്ധം പോലും ഒരു സൈടിന്നും കാണാനുമില്ല...

ഇത് വായിച്ചപ്പോള്‍ എനിക്കൊര്‍മവന്നത് എന്റെ ഉപ്പാപ്പ ബാറ്റു മെടുത്തു എന്നെ തല്ലാന്‍ വന്നതായിരുന്നു... ഇന്ന് ഉപ്പാപ്പ ഇല്ല... :(

ആദ്യമായിട്ടാണിവിടെ, നര്‍മ്മം നന്നായി... ഭാഷ പ്രയോഗം ഇത്രക്കങ്ങു വേണ്ടായിരുന്നു... എല്ലാര്‍ക്കും അത്ര പെട്ടെന്ന് മനസിലാകില്ല...

mini//മിനി said...

നമ്മളെ ബാഷേല് നമ്മള് ബ്ലോഗെയ്തിയത് നമ്മളും വായിച്ചു. ഇനി പെയ്സ്റ്റ് ചെയ്ത് പഠിക്കട്ടെ

സേതുലക്ഷ്മി said...

ആദ്യമായാണിവിടെ.ഇരിപ്പിടത്തിനു നന്ദി.
പെരുത്തിഷ്ടായി.

മിന്നാമിന്നി*മിന്നുക്കുട്ടി said...

എടീ ചൊങ്കത്തീ ,
താന്‍ ആളു കൊള്ളാലോ ....
ഗമണ്ടന്‍ പോസ്റ്റ്‌ കേട്ടോ !
കണ്ണും തോള്ളയും കൊണ്ട് അനിക്ക് ടെലഗ്രാം അയച്ചതും കടക്കണ്ണിന്‍ മുന കൊണ്ട് കത്തെഴുതിയതും ഒക്കെ

കിടിലന്‍ ,

അല്ല ...

കിക്കിടിലന്‍ !!!!!!!

anamika said...

രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു കാര്യം മനസിലാവാന്‍ ...
കാര്യം പിടികിട്ടിയപ്പോള്‍ ചിരി പൊട്ടി..
നല്ല എഴുത്ത്

വേണുഗോപാല്‍ said...

ഇവിടെ ആദ്യം ....
നര്‍മ്മം ശരിക്കും വഴങ്ങുന്നുണ്ട് ,,,,
ചില സ്ഥലങ്ങളില്‍ പുഞ്ചിരി പൊട്ടി ചിരിയായി
ആശംസകള്‍ ....

Jefu Jailaf said...

നന്നായിരിക്കുന്നു.. :)

MyDreams said...

ചാപ്പിക്കാ എന്തായി ?
കസ്ട്ടായി പോയി ചാപ്പിക്കാന്റെ വെവരം ഒന്നും ഇല്ലാണ്ടയില്ലേ ?

ഗൗരിനാഥന്‍ said...

ഇരിപ്പിടത്തില്‍ നിന്നും എത്തിയതാ..പക്ഷെ ഭാഷ കുഴക്കി കളഞ്ഞു..3 ആവര്‍ത്തി വായിക്കെണ്ടി വന്നു..അതു തമാശയുടെ മൂഡ് കളഞ്ഞു..

Sabu Ismail said...

തകര്‍പ്പന്‍!... ശരിക്കും ചിരിപ്പിച്ചു! :-D

viddiman said...

കൊള്ളാം,,ചിരിപ്പിച്ചു !

മണ്ടൂസന്‍ said...

ശരിക്കും നാട്ടിലെ ഇടവഴികളിൽക്കൂടിയും പാടവരമ്പത്തൂടെയും നടന്നു പൊകുന്ന ഒരു ഫിലിംഗ്. നമ്മുടെ നാടൻ സംസാരഭാഷയ്ക്ക് ഇത്രയ്ക്ക് സൗന്ദര്യമുണ്ടെന്ന് ഇത് വായിച്ചപ്പോഴാണ് മനസ്സിലായത്. ആശംസകൾ.

എം.അഷ്റഫ്. said...

നൊമ്പരവും പൊട്ടിച്ചിരിയും സമ്മാനിച്ചു. അഭിനന്ദനങ്ങള്‍

faisalbabu said...

പോന്നു ചങ്ങായീ അന്റെ ഈ പോസ്റ്റ്‌ ബായിച്ചിട്ടു ,പജ്ജ് ന്റെ നെജ്ജ് കജ്ജ് മ്മലായാല്‍ നെജ്ജ് എങ്ങനാ പോഹാ എന്ന് പറഞ്ഞ പോലെ യായി ......

Echmukutty said...

ങ്ങള് എബട്യേർന്ന്? ഒരു ഈ മെയില് അയച്ചേര്ന്ന്......മറ്ബടി കിറ്റീലാന്നും..അത് പോട്ടെ..
ഇപ്പ കണ്ടല്ലാ, സന്തോശായീ....

പിന്നെ ചിരിച്ച് ചിരിച്ച് ഒരു വഴിയായി......അഭിനന്ദനങ്ങൾ കേട്ടൊ.

വായനക്കാരന്‍ said...

Good One....!
Thanks.

jAs!m said...

തീട്ടം മണത്ത പോലുള്ള മോന്തയും വെച്ച് എന്നു വായിച്ചപ്പോള്‍ മൂക്കു പൊത്താതിരിക്കാന്‍ കഴിഞ്ഞില്ല. ഓ മൈ ഗോഡ് , പുവര്‍ പുവര്‍ ചാപ് ... അയിനു ചാപ്പികാക്ക് ഉപ്പപ്പന്റെ ഷഡി കൊള്ളൂലാലോ? ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി

Eppadi?