Saturday, October 17, 2009

പൂക്കാക്ക...





പൂച്ചപ്പൊരെയ്‌ലെ അബ്ദുറഹീമിനെ, അഥവാ പൂക്കാക്കനെ മുക്രീന്റകത്തേക്ക് കെട്ടികൊണ്ടേരുമ്പം ആരും സൊപ്നത്തിലുമ്പാടി വിജാരിച്ചിട്ടില്ലെയ്നും കാര്‍ണോത്തിനെ വെല്ല്‌ന്ന ഒര് ഗടാഗടിയനെയാ തറവാട്ടില് കേറ്റിയേന്ന്‌. ഉമ്മാമനെ ബെറപ്പിക്ക്‌ന്നത് പോട്ടെ, അത്‌ പിന്നെ ബീടര്, എടക്ക് ബെറപ്പിക്കണ്ട മൊതലാണല്ലോ? അവിടള്ള ഈച്ചനേം പൂച്ചനേം നായിനേം പയങ്ങാടിക്കാരേം പണിക്കാരേം എല്ലാരേം എടക്കെടക്ക് തൊള്ളട്ട് അറ്റന്‍സനില്‍ നിര്‍ത്താന്‍ ഒരു പൂക്കാക്ക മാത്രം. ഒണ്‍ലി വണ്‍ ഫ്ലവര്‍ ക്രോ.
“ഇങ്ങളെ പേടിച്ചിട്ട് കൊതു വരെ ഇങ്ങളെ കടിക്കൂലല്ലോ?” കാരണോത്തി പറയും.
എല്ലാ വീട്ട്‌കാര്യത്തിലും- അടുക്കള, മുറ്റം, മക്കള്, പള്ളി... എന്നിവയിലെല്ലാം ആരും ചോദിക്കാതെ തന്നെ ഇഷ്ട്ടം പോലെ അഭിപ്രായം പൂക്കാക്ക വാരി വേറി. സുബൈനിസ്ക്കാരം കയിഞ്ഞ് പാലൊയിച്ച് കൊയിപിച്ച ചായന്റെള്ളോം മൊത്തി മലയാള മനോരമയും വായിച്ച് ഉപ്പാപ്പ കോലായിലെ ചാര്കസാലമ്മലിരിക്കും... ഉച്ച വരെ ആരും പിന്നെ പേപ്പറു വായിക്കൂല! അന്താരാഷ്ട്ര വിപണി മുതല്‍ ഇന്നത്തെ ചരമം വരേയും കോയിക്കല്‍ ക്ഷേത്ര കമ്മിറ്റിയുടെ കൊടിയേറ്റ് വരെയുള്ള എല്ലാ വാര്‍ത്തയും ഒരൊറ്റ പാരഗ്രാഫ് ഒഴിവാക്കാതെ വായിച്ചാലെ പൂക്കാക്ക് ദൌസം വെളുക്കൂ. അയിന്റെടക്ക് വെര്ന്ന എല്ലാ ഗ്രയിന്‍സിനും ചൌട്ടായിറ്റോ "ഹംക്കെ!”യായിട്ടൊ, വീക്കായിട്ടോ അപ്പപ്പം വിതരണം ചെയ്ത് ക്‌ളിയറാക്കാന്‍ പൂക്കാക്ക സ്റ്റാറായിരുന്നു. അയിന്റെടെയില് വെള്ളിയായ്ച്ചയാണെങ്കില് മിസ്ക്കീന്മാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാവും. സ്ഥിരമായി വരുന്നവര്‍ക്ക് പൂക്കാക്കന്റെ സൊഭാവം നല്ല പരിചയമുള്ളതോണ്ട് അധികം സമണ്ടില്ലാണ്ട് വയ്യാമ്പൊറത്തെ വാതിലിന്റവിടുന്നും നേരിയ സമണ്ടില് “കൈച്ചാത്താ...”ന്ന്‌ വിളിച്ച് സക്കാത്തും മാങ്ങി പതുങ്ങി പതുങ്ങി സ്ഥലം വിടും. അന്നത്തെ ജുമാന്റന്ന് ഒരു പുതിയാ‍ള് വന്ന്‌ ഉപ്പാപ്പന്റെ പേപ്പറു വായനന്റവ്‌ടെ നിന്ന്‌ ചോയിച്ചു, “സക്കാത്ത്.”
നോ അനക്കം.
“എന്തെങ്കിലും തെരീ.”
വീണ്ടും നോ അനക്കം.
“സക്കാത്ത്.”
ഉപ്പാപ്പ തൊണ്ട അനക്കി കാറി നീട്ടി തുപ്പി പിന്നേം “വണ്ടിപ്പേട്ടയില്‍ വ്യാപാരി വ്യവസായി യൂണിയന്‍ സമ്മേളിച്ചതിന്റെ” വിശദവിവരങ്ങളിലേക്ക് തിരിഞ്ഞു.
“ഇങ്ങള കയ്യോണ്ട് ഈ പാവത്തിന് എന്തെങ്കിലും തരണേ...” മൂപ്പത്തി വിനീതയും പാത്തുവും ആയി ഉപ്പാപ്പനോട് അപേക്ഷിച്ചു.
ഫലമുണ്ടായി.
പേപ്പറ്‌ മടക്കി, എണീച്ച് നിന്ന്‌ തുണി മുറുക്കീട്ട് ഉപ്പാപ്പ പറഞ്ഞു, “എന്റെ കയ്യോണ്ട് കിട്ടിയാല് അബ്‌ടെ കെടക്കും...ഇബടന്നും കൊണ്ടോവാനാള്ണ്ടാ കൂടെ?”
അതോടെ മൂപ്പത്തിയും വയ്യാമ്പൊറത്തേക്ക് ട്രാന്‍സ്‌ഫര്‍ വാങ്ങി ക്രിതാര്‍ത്ത്യായി.
മൈരിബ് നിസ്കാരം കയിഞ്ഞാല് ഉപ്പാപ്പ റേഡിയം വെക്കും. 7 മണിക്ക്‌ള്ള വാര്‍ത്ത കയിഞ്ഞ് “ആകാശവാണി വാണിജ്യ പ്രക്ഷേപണം“ റ്റ്യൂ റ്റ്യൂ എന്ന സംഗീതം കൊണ്ട് തറവാട്‌ മുഖരിതമാകുമ്പം നാലഞ്ച് സ്മാള്‍ സൈസിലുള്ള സ്മാള്‍ ഹാര്‍ട്ടുകളുടെ മിടിപ്പുകള്‍ മന്ദഗതിയിലാകും.
“നിഷാത്തേ...” അന്നത്തെ ലോട്ട് വീണതും, നിഷാത്തു കരയാന്‍ തൊടങ്ങും. പച്ചപ്ലാവിലകള്‍ ചുറ്റും ആശ്വാസ നെടുവീര്‍പ്പിട്ട് നിഷാത്തിനെ നോക്കി ചിരിക്കും.
“മലയാളം പാഠപ്പുസ്തകം എട്‌ത്ത്‌ട്ട്‌ വാടി വേഗം” നിഷാത്താ ഷഡ്ഡിയില്‍ ഓള്‍മോസ്റ്റ് തൂറീ തൂറീല്ലാ എന്ന സ്ഥിതിയില്‍ ബുക്കും എട്‌ത്ത് സിംഹമടയിലേക്ക് (പൂച്ചയും സിംഹത്തിന്റെ അതേ ഫാമിലിയാണല്ലോ?) മന്ദം മന്ദം നടന്നു.
“എല്ലം പടിച്ചിട്ടില്ലെ? കാക്കൊല്ല പരീക്ഷ അഞ്ചു മാസം കയിഞ്ഞാ തൊടങ്ങൂലെ?”
വളരെ ദയനീയമായി ഒരു മൂളല് ...
“മയിലിന്റെ ബക്ഷണം ഏതൊക്കെ?”
“മ്‌ മ്`മ്‌ പാമ്പ്, മ്‌ അരണ, മ്‌... “
“എന്താണ്ടീ മുണ്ങ്ങ്‌ന്നത്? മയിലിന്റെ ഭക്ഷണം എതാണ്”
“ങ്ങൂ ങൂ പ് പ് പ് പാമ്പ്... ഓന്ത്...”
“എന്ത്? ഓന്തോ?” പ്‌ഠോ!!! നിഷാത്താന്റെ മോന്തന്റെ ഷെയ്പ്പ് കൊറച്ച് മാറി, അതിനോടൊപ്പം മയിലിന്റെയ് ഭക്ഷണം അടിയുടെ ഊക്കില് ചോര്‍ന്നും പോയി!
“പറയടീ, മയിലിന്റെ ഭക്ഷണം...”
“മ്‌ മ്‌ മ്‌മ്‌മ്‌ മയിലിന്റെ ബക്ഷണം.. മ്‌ മ്‌ മ്‌... ചേരട്ട...”
പ്‌ധിം! ഠേ! ഠോ! ധിം!!
“അല്ലുപ്പാ‍... മയിലിന്റെ ഭക്ഷണം...പുയു!!”
ഡിഷും! അ ഡിഷും!
അങ്ങനെ എല്ലാ പക്ഷിമ്രിഗാധികളേയും ബെറപ്പിച്ച് വാഴുമ്പോള്‍...അയിലും വെലിയ ഒര് ബെറ... വയ്യാമ്പൊറത്തെ വെറക്‌ പൊരെയ്‌ല് ഒര് മുട്ടന്‍ തൊരപ്പനെലി.
“ഒര് നായിന്റത്രള്ള ആസാമി!’ ദ്രിക്സാക്ഷി വിവരണങ്ങളുമായി പലോരും രംഗത്തെത്തി. ദിവസം കൂട്‌ന്തോറും തൊരപ്പന്റെ സൈസ് നായ്, പൂച്ച, കോയി, ആട്ടുങ്കുട്ടി, തേങ്ങാ എന്നിവയുടെ വലിപ്പത്തില് പലോരും കണ്ടു. ആമിന്താന്റെ കയ്യിന്നും ജമീലന്റെ പിയ്യാപ്ലക്ക് വെച്ചതിന്നും രണ്ട് പത്തിരീം ഒരു കണ്ടം കോയി മൊള്ട്ടതും “ആ പണ്ടാര പഹയന്‍ തട്ടിപ്പറിച്ചാളഞ്ഞ്!” ആ‍മിന്താന്റെ കുപ്പായത്തുമ്മല് ആ കോയിന്റെ ചാറ്‌ കണ്ടിട്ട് ഉമ്മാമ്മ ഇത്ര മാത്രം പറഞ്ഞു, “അയിനെ പുടിക്കുമ്പം, അന്റെ തടി ഷീണിച്ച് പോവല്ലോ ആമിനാ”
ഉപ്പാപ്പക്ക് ഇരിക്കപൊറ്‌തില്ല!! മൂപ്പരെ തറവാട്ട്‌പേരിനൊരു കറയല്ലെ? പൂച്ചന്റാടത്തെ അബ്ദുറഹീമിന്റെ പൊരെയ്‌ല് ഒര് എലി വെളയാട്‌ആന്ന് പറഞ്ഞാ ചില്ലറ നാണക്കേടാ? വളരെയധികം ആലോചനക്ക് സേസം അവിടെ ചുറ്റി തിരീന്ന ഒര്‌ പൂച്ചനെ ഉപ്പാപ്പ ദത്തെടുത്തു- ബെള്ബെളാ ബെള്ത്ത് നീല കണ്ണുമായി “ഒര് മിസ്സിന്റെ പോലള്ള പൂച്ച! ഈനെ കൊണ്ടെങ്ങനാണ്ടാ‍ എലിനൊക്കെ പിടിപ്പിക്കാ?” അയിന്റെ സ്റ്റാറ്റസ്‌ അയിലുമൊക്കെ വളരെ ഉന്നതിയിലാണെന്ന് ഉമ്മാമ്മ കല്പിച്ചു. ബെള്ത്ത് പൂച്ചകണ്ണൊക്കെ ഇള്ള ആരെയും എടങ്ങേറാക്കാന്‍ നമ്മക്ക് പണ്ടേ ബുദ്ധിമുട്ടാണല്ലോ? അയിനു നല്ല മിസ്സിമാരെ പേര് തന്നെ കാര്‍ണോത്തി കണ്ടും പിടിച്ചു, “കിറ്റി”. കിറ്റി നല്ല മീന്തലയും കോയിന്റെ എല്ലും കഷ്‌ണവും പിന്നെ ആമിന്താന്റെ കയ്യിന്നും എടക്കിടക്ക് അടിച്ചു മാറ്റുന്ന ചട്ടിപത്തിരീം, കോയ്യടയും, സമ്മൂസയും തിന്ന്‌ കിറ്റി ഒരു മിനി പിയാപ്ല റോളിലായി. എലിനെ പോയിട്ട് ഒര് ഓന്തിനെ പോലും മിസ് കിറ്റി മൈന്‍ഡ് വരെ ആക്കീല.
അവസാ‍നം ഗതി കെട്ട് പൂക്കാക്ക, കയ്യില്ലാത്ത പാക്കരേട്ടനെ അങ്ങാടീലയച്ച് നല്ലൊര് “ഒറപ്പ്‌ള്ള ഒരു എലിക്കൂട്‌“ വാങ്ങിപ്പിച്ചു. ഒണക്കച്ചെമ്മീനും തേങ്ങാപ്പൂളും വെച്ച് തൊരപ്പന്റെ അവസാന നിമിഷങ്ങള്‍ എല്ലാരും സന്തോഷപ്പൂര്‍വം കാത്തു നിന്നു!
തൊരപ്പന്‍ കുട്‌ങ്ങീ! പഹയന്‍ കൂട്‌ നിറഞ്ഞു നിന്നു. ദയനീയമായി കീ കീ എന്ന്‌ കരഞ്ഞു. തൊരപ്പനെ കാണാന്‍ അപ്പൊറത്തെ പൊരെയ്ന്നും എല്ലാരും വന്നു. ഇനി എന്തു ചെയ്യും? എലിവെഷം വെക്കണോ? എവിടെങ്കിലും കൊണ്ടോയി ഇടണോ? കിറ്റിക്ക് അറത്ത് കൊട്‌ക്കണോ? അടിച്ച്‌ കൊല്ലണോ?
പൂക്കാക്ക കല്‍പ്പിച്ചു, “അയിനെ കാനെയില് മുക്കി കൊന്നാള് ശാഫീ.”
ശാഫീ നെഞ്ചും വിരിച്ച് സല്യൂട്ട് അടിച്ച് നിന്നു. ഉപ്പാന്റെ പ്രീതിപാത്രമാവാന്‍ ഇതന്നെ ചാന്‍സ്. നല്ല ക്ലീനായി അയിനെ കൊന്ന് കുഴിച്ച് മൂടി “നല്ല മോന്‍“ “പറയുന്നത് അതു പോലെ ചെയ്യുന്നോന്‍” “വിസ്വസ്തന്‍” മുതലായ അപൂര്‍വ ഇനത്തില്‍ പെട്ട മെഡലുകള്‍ വാരി കൂട്ടാന്‍ അനുയോജ്യമായ ശുഭമുഹൂര്‍ത്തം.
എലിക്കൂട്‌ തൂക്കിയെടുത്ത് സ്മാര്‍ട്ടായി വയ്യാമ്പൊറത്തെ കാനെയില് വെള്ളം നൊറച്ച് കൂടോടെ മുക്കി പിടിച്ച്, സാപ്പി കൂട്‌ തൊറന്നു!!! പണ്ടൊന്നും വിജ്ഞാനമാസികകളൊന്നും വാങ്ങി തരാത്തതു കാരണം എലി നീന്തുന്ന കാര്യം നമ്മളൊന്നും അറിഞ്ഞീല! എലി സാപ്പിനേക്കാളും സ്മാര്‍ട്ടായി സൈഡിലൂടെ എറങ്ങി പാഞ്ഞ് കയിച്ചലായി! സാപ്പി അപ്പം തന്നെ പട്ടാളത്തില്‍ ചേരാനുള്ള വഴികല്‍ ആലോചിച്ച് തൊടങ്ങി- ഇനിയേതായാലും വീട്ടില് ഉപ്പാപ്പ നിര്‍ത്തുമെന്ന് തോന്നുന്നില്ല.
“ന്തായടാ?” പൂക്കാക്ക.
കൂട്‌ വെള്ളത്തിന്റെ അടിയില്‍ തന്നെ പിടിച്ചിട്ട് സാപ്പി പറഞ്ഞു, “മുങ്ങ്‌ന്ന്‌ണ്ടുപ്പാ..”
“അത് മതിയാവും, കൂടെട്‌ക്ക്.. നോക്കട്ടെ”
“ആയിട്ടില്ലുപ്പാ, കൊറച്ച് നേരമ്പാടി മുക്കണം”
“എട്‌ക്കെട ഹംക്കെ പൊറത്തേക്ക്, എലിയല്ലെ? പന്നീം പോത്തൂ‍ൂല്ലാല്ലൊ?”
വളരെ സ്ലോമോശ്യനില് കൂട്‌ പൊറത്തെട്‌ത്ത സാപ്പിക്ക്, ആദ്യം ചള്ള നോക്കി നല്ല ഭാരത്തില് ഒര് മെഡല് കിട്ടി, “എവിടെടാ ബലാലെ എലി?”
“ഇത്‌ വെരെ ഇണ്ടേയ്നും ഉപ്പാ”
“ഇപ്പെന്താ അലിഞ്ഞോയോ ഹംക്കെ?!! അടിച്ച് നിന്റെ കണ്ണ്‌ ഞാന്‍ മുറിക്കും ഇബിലീസെ!”
അപ്പോളുണ്ട് തിര്മ്പ്‌കല്ല്‌മ്മല് നനഞ്ഞൊലിച്ച് ഒരു സായിബ്‌ വെള്ളമൊക്കെ കൊടഞ്ഞ് നരസിംഹം സ്റ്റൈലില്, ഉപ്പാപ്പനെ നോക്കി ഇളിക്കുന്നു. എന്നിട്ട് ഒറ്റ ഓട്ടം. ആ ഓട്ടത്തിനെ ഒരു രണ്ടെരട്ടി സ്പീഡില് സാപ്പിയും സ്ഥലം കാലിയാക്കി. ഒരായ്ച്ച ഇഞ്ഞാമന്റവിടെ അഭയാര്‍ത്ഥിയാകുകയേ ഇനി ജീവനോടെ ഇരിക്കാന്‍ ഏകമാര്‍ഗ്ഗം.

15 comments:

Aisibi said...

പൂച്ചനേം നായിനേം പയങ്ങാടിക്കാരേം പണിക്കാരേം എല്ലാരേം എടക്കെടക്ക് തൊള്ളട്ട് അറ്റന്‍സനില്‍ നിര്‍ത്താന്‍ ഒരു പൂക്കാക്ക മാത്രം. ഒണ്‍ലി വണ്‍ ഫ്ലവര്‍ ക്രോ...

Melethil said...

“എന്റെ കയ്യോണ്ട് കിട്ടിയാല് അബ്‌ടെ കെടക്കും...ഇബടന്നും കൊണ്ടോവാനാള്ണ്ടാ കൂടെ?”

ഒരു മണിക്കൂര്‍ ചിരിച്ചു. ഇങ്ങനത്തെ ഒരാളെ ഞമ്മളും അറിം. സന്തോഷം, നന്ദി.

കുമാരന്‍ | kumaran said...

ഹഹഹ.. ചിരിച്ച് പണ്ടാറടങ്ങി... കലക്കി. സൂപ്പര്‍ ലാംഗേജ് തന്നെ.

ശ്രീ said...

പാവം സാപ്പി! ഒരു എലി കാരണം വീടു വിടേണ്ടി വന്നോ?

എഴുത്ത് കലക്കി.

ഗുപ്തന്‍ said...

പൂച്ചന്റാടത്തെ അബ്ദുറഹീമിന്റെ പൊരെയ്‌ല് ഒര് എലി വെളയാട്‌ :))

ഇത്തവണ ഭാഷ കുറേക്കൂടി തനി നാട്ടുഭാഷയായിട്ടുണ്ടെന്ന് തോന്നി. ഇതാണ് നല്ലതെന്നും

Bijoy said...

Dear blogger,

We are a group of students from cochin who are currently building a web portal on kerala.

in which we wish to include a kerala blog roll with links to blogs maintained by malayali's

or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://chattikkari.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog

if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Aisibi said...

മേലേതില്‍, വന്നതിനും ഒരു മണിക്കോറ് ചിരിച്ചതിനും നന്ദി... കൊറച്ച് കസ്‌റ്റപ്പെട്ടില്ലെ?

കുമാരന്‍ സായിബേ: :)

സ്രീമോനേ: ഉപ്പാപ്പ കാരണം നാട്‌ വിട്ടോര് ചില്ലറയല്ല. ലിസ്റ്റ് ഇടാന്‍ തൊടങ്ങിയാല്, എനിക്ക് തോന്നുന്നത്,കോഴിക്കോട് അങ്ങാടി പകുതിയും കാണുമെന്നാ...

ഗുപ്തങ്കാ- :) കലികാലം എല്ലാണ്ടെന്ത് പറയാനാ?

reshma said...

ചിരിച്ചാനന്ദിച്ചാഹ്ലാദിച്ചു.കഴിഞ്ഞ രണ്ട് കിസ്സയിലും തീറ്റീംകുടീം കുറവാണല്ലോ? നന്നാവാന്‍ പോവ്വാ?

ബിനോയ്//HariNav said...

ഹ ഹ കൊള്ളാം. രസികന്‍ ശൈലി. ആശംസകള്‍ :))

കോറോത്ത് said...

ingalu pinnem kalakki :)

Flower crow !!!! :)

അരുണ്‍ കായംകുളം said...

കൊള്ളാല്ലോ ഗഡ്യേ!!
:)

മാഹിഷ്‌മതി said...

ഈ ഉപ്പാപ്പ ബഡേര സെയിഡിലെങ്ങാനും ബരുത്തുണ്ടോ?

Raiz said...

kalakalakki... once again :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>സാപ്പി അപ്പം തന്നെ പട്ടാളത്തില്‍ ചേരാനുള്ള വഴികല്‍ ആലോചിച്ച് തൊടങ്ങി- ഇനിയേതായാലും വീട്ടില് ഉപ്പാപ്പ നിര്‍ത്തുമെന്ന് തോന്നുന്നില്ല. <<

പാവം സാ‍പ്പി..
ഐസീബി, ഇനി പിന്നെ വരാം. ചിരിച്ച് ഒരു വഴിക്കായി :)

Mohamedkutty മുഹമ്മദുകുട്ടി said...

ഫ്ലവര്‍ ക്രോ ഉഗ്രന്‍!ഇങ്ങളൂ കോയിക്കോട്ടുകാരുടെ ഉല്പമെല്ലാം ഇങ്ങനെ തന്നെയാണൊ? പൂച്ചന്റവുത്ത് ഐസീബി!. ഇടക്കു ഞമ്മളെ പുരാണങ്ങളും ബായിക്കണം.ഇബട കുത്തിയാ മതി

Eppadi?