Friday, October 2, 2009

സൂറാത്ത

കുറേ കാലമായി ഇതിങ്ങനെ ഡ്രാഫ്റ്റിൽ കിടക്കുന്നു. എന്റെ സ്ഥിരം വിഷയമായ തീറ്റയും ഫിത്നയും അല്ലാത്തതു കൊണ്ട് ഇതു വേണോ വേണ്ടേ എന്ന ചെയ്ത്താനും കടലും ഏരിയായിലായിരുന്നു ഞാൻ. പിന്നെ തോന്നി, ഞാൻ ജീവിതം മുയുമനും തിന്നേം കുടിക്കേം വായിട്ടടിക്കേം മാത്രമല്ലാലോ ചെയ്തത്... ഇതും കിടക്കട്ടെ എന്ന്.

ആദ്യമായി കോഴിക്കോട് ജയിലിൽ ക്രിമിനൽ സൈക്കോളജിസ്റ്റായി ചേർന്നപ്പോൾ എനിക്ക് പേടി തോന്നിയില്ല. വിചാരിച്ച പോലെ ഉമ്മാന്റേം ഉപ്പാന്റേം വക മെലോഡ്രാമാ വിഭാഗം അഭിനയ പരമ്പരകളും കണ്ടില്ല. എല്ലാരും ഒരു തരത്തിൽ ഹാപ്പിയായിരുന്നു. ഉപ്പ ആകെ പറഞ്ഞത് ഇതു മാത്രം..”പാവം ക്രിമിനത്സ്.” ഞാനാണല്ലോ അവരെ നന്നാക്കാൻ പോകുന്നത്! ഉമ്മന്റെയും ഉമ്മാമന്റെയും ആകെയുള്ള കമന്റ്, “ഇത്രേം കാലം ആയിസെവ്‌ടേയാന്ന് ചോയിചാല്, മങ്ങലാപുരത്ത് ആസ്പത്രീലാന്ന് പറയെയ്നി, ഇതിപ്പം “ഓള് ജെയിലിലാന്ന് പറയണ്ടെ?”
മൂന്നു ദിവസം കോഴിക്കോട് ജയിലിലും, മൂന്നു ദിവസം വിയ്യൂർ സെണ്ട്രൽ ജയിലിലുമാണ് എന്റെ ലീലാവിലാസങ്ങൾ.
ആദ്യത്തെ ദിവസം, അപ്പോയന്മെന്റ് ലെറ്ററുമായി കോഴിക്കോട് ജയിലിന്റെ മുമ്പിലിറങ്ങി. മുൻവശം നിറയേ ആളുകളാ, ഞാൻ കുളൂസിൽ നടന്നു കയറി, പടി ചവിട്ടിയതും ഒരു തോക്കും ഒരു തൊപ്പി പോലീസും കണ്ണുരുട്ടി ചോദിച്ചു, “മ്ം എങ്ങോട്ടാ പാഞ്ഞു കേറുന്നത്? എഴുതിട്ടിട്ട് അവിടിരി.” ഞാനൊന്ന് വെളുത്തു. വളരെ വിനീതയും നമ്രതയും പാത്തുവും ആയി ഞാൻ പറഞ്ഞു, “ജോലിക്ക് ചേരാൻ വന്നതാ.” എന്റെ അപ്പോയന്റ്റ്മെന്റ് ലെറ്റർ വാങ്ങി നോക്കി, “അദ്ദേഹം” അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. കോഴിക്കോട് ജയിലിനു മൂന്നു കടമ്പയാ, ആദ്യത്തെ ഗേറ്റ് ആർക്കും കടക്കാം, രണ്ടാമത്തത് വിളിച്ചാൽ മാത്രം. മൂന്നാമത്തെ ഗേറ്റാണ് ജയിലിനകത്തേക്ക് പ്രവേശിക്കേണ്ട യഥാർഥ ഗേറ്റ്. ആ ഗേറ്റ് എത്തിയാൽ മുട്ടുക, അപ്പോൾ ഒരു കിളിവാതിൽ തുറന്നു ഒരു കണ്ണു ചോദിക്കും, “മ്മ്മ്?” ഞാൻ കത്ത് കാണിച്ചു, എന്നെ നേരെ സൂപ്രണ്ടിന്റെ അടുത്തെത്തിച്ചു. ഞാൻ കത്തു കൊടുത്തു, ഫോർമാലിറ്റീസ് ഒക്കെ പൂർത്തിയാക്കി. എനിക്ക് വേണ്ടി ഒരു മുറി ഒരുക്കാൻ സ്ത്രീകളുടെ ജയിലിലേക്ക് ഉത്തരവു പോയി.
ഞാൻ ഫുൾ റെഡിയായി നിൽക്കുകയാണ്. ഈ ജയിലെന്നു പറയുന്നതൊന്നും നമുക്ക് പുതുമയല്ലാലൊ? സ്ഥിരമായി സീരിയലിലെ പാവം നായിക അഴികളിൽ പിടിച്ച് വിങ്ങി പൊട്ടുന്നതും, സിനിമയിലെ നായകന്മാർ കസരുന്നതും കണ്ടതല്ലെ! ആകെയുള്ള പേടി ചുവന്ന കണ്ണും, വലിയ മൂക്കിന്റെ ഓട്ടയും, മസിലുരുണ്ട ശരീരവുമുള്ള ഗുണ്ടാ ടീംസിനെയായിരുന്നു. ഞാൻ സൂപ്രണ്ടിന്റെ ഓഫീസു വിട്ടിറങ്ങി, ഷർട്ടൂരിയും ഊരാതെയും പകുതി ഊരിയതുമായ കുറെ പേരവിടെ നിൽക്കുന്നുണ്ട്. അതിലൊരുത്തൻ ചോദിച്ചു, “പുതിയ കേസാ? എന്താ കേസ്?” എന്റെ കോൺഫിഡെൻസു മുയുമനും ഫൂ എന്നൊരു പോക്ക്. നാളെ വരുമ്പും ഒന്നും കൂടി നന്നായി കുളിച്ച് മൊഞ്ചാകണം എന്നു മനസ്സാവാചാ ഉറപിച്ചു ഞാൻ ബാക്കിയുള്ള കോൺഫിഡൻസിൽ തൂങ്ങി പിടിച്ചു നടന്നു. വാർഡൻ താക്കോലുമെടുത്ത് എന്നെ സ്ത്രീകളുടെ ജയിലിൽ ആക്കാൻ കൂടെ വന്നു. മൂന്നാം ഗേറ്റിനു പുറത്താണ് സ്ത്രീകളുടെ ഗേറ്റ്.

ഞാൻ അകത്തു കേറിയതും വളരെ ഉത്സുകരായ കുറെ പേർ എന്നെ കാണാൻ വന്നു. എനിക്ക് ആകെ നാണം! ഞാൻ മതിലുമ്മൽ പറ്റി നിക്കുകയാണ്. പെട്ടന്നൊരു ശബ്ദം, “എന്തൈ, എല്ലാരും കായ്ച്ച കാണ്ന്നത്? അയിനു കൊറച്ച് കാറ്റും വെളിച്ചോം കൊട്.. മ്ം പൊയ്ക്കൂട് എല്ലാ ഈറ്റിങ്ങളും.” എല്ലാരും തിരിച്ചു പോയി അവരവരുടെ കാരംബോർഡു കളിയും, തിരുമ്പലും, പേൻ നോക്കലും, വായനയും തുടർന്നു. ഞാൻ പുതിയ താരത്തെ നോക്കി കണ്ടു. ഒരു മെലിഞ്ഞൊട്ടിയ ശരീരം, വലിച്ചു പുറകോട്ട് പിന്നിയിട്ട കുറച്ച് മുടി, മുറിപ്പാടുകൾ നിറഞ്ഞ കൈകൾ, ചെറിയ മുഖം...സുന്ദരമെന്നു പറയാനാവില്ല, പക്ഷെ ശക്തവും വളരെ ആകർഷകവും. ഏറ്റവും ആകർഷണീയം ഒരു പക്ഷെ അവളുടെ കണ്ണുകളായിരിക്കണം. അതൊരു പതിനാറുകാരിയുടേതായിരുന്നു, തെളിഞ്ഞതും തിളങ്ങുന്നതും.
ഞാൻ വണ്ടറടിച്ചു നിൽക്കുകയായിരുന്നു, “സാറിന്റെ പേരെന്താ?”
“ആയിശ” ഞാൻ പറഞ്ഞു.
“ഓ ഞമ്മടാളാ! ഇങ്ങളെ വീടെവിടാ?”
“കോഴിക്കോടു തന്നെ”
അങ്ങനെ വിസ്താരം നീണ്ടു പോയി.
“ഇന്റെ പേര് സൂറ... മുട്ടായി സൂറാന്ന് പറഞ്ഞാ എല്ലാര്‍ക്കും അറിയും. പിന്നെ വേറൊര്ത്തിണ്ട്, പഞ്ചാര സൂറ- ഓള് കഞ്ചാവേസാ. ഇപ്പം കോടതീപ്പോയതാ, ഓള ചെങ്ങായിനെ അപ്പറത്ത് പോവുമ്പം ഇങ്ങക്ക് കാണാ, കുയിലു സുരേസ്. ഇങ്ങക്ക് ചായ കിട്ടീനെയ്നൊ? ഇല്ലേ? ഇന്നാ എന്റെയിന്നും അര ക്ലാസ് എട്‌ത്തോ...”
അതെയ്നും എന്റെ ആദ്യത്തെ വെൽക്കം സ്പീച്ച്. കണ്ണടിച്ചു പോകുന്ന മധുരമുള്ള ചായ മൊത്തി ഞാൻ പരുങ്ങി ഇരുന്നു. ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ. എന്റെ റൂമൊക്കെ ഒരു മേശയും കസാലയും ഒരു ബൾബും ഇട്ട് മൊഞ്ചാക്കി ആണ്ങ്ങള ജയിലിന്നും കൊണ്ടോന്ന മത്തായിയും രാജനും പോയ ഉടൻ, കൈ നിറച്ചും കൊറേ മമ്മൂട്ടിന്റേയും മോഗൻലാൽന്റേയും വളരെ കഷ്ട്ടപെട്ട് അരികിൽ കൂടി വെട്ടിയ ചിത്രവും കൊണ്ട് വന്നിട്ട് ചോയിച്ചു, “സാറെ, ഇതു സാറിന്റെ ഓഫീസില് പറ്റിക്കട്ടെ? നമ്മള മുറീല് പറ്റിച്ചാല് ആ ജെമീലാ മേഡം തൊള്ളടും. സാറിനോടാവുമ്പം മൂപ്പത്തി മുണ്ടൂല... ഇങക്ക് മമ്മൂട്ടിനിഷ്ട്ടല്ലെ? പിർത്തിരായിന്റെ ഫോട്ടം മുയുമനും ആ തുള്ളിച്ചിയേള് ഫൈലൂസും സിത്താരേം എട്‌ത്താളഞ്ഞ്, ഇങ്ങാക്ക് വേണങ്കി ഞാൻ മാങ്ങി തരാം...”
ഒരു പത്തു മിനിട്ടിന്റെ ഉള്ളില് അവിടുത്തെയ് കാര്യസ്ഥ സൂറാത്താന്ന് മനസ്സിലാക്കാൻ എനിക്ക് വഹി എറങ്ങേണ്ട കാര്യമൊന്നും ഇല്ലെയ്നും... മൂപ്പത്തി ആ സബ്ദം ഒന്ന്‌ കനപ്പിച്ചാല് ഒരൊറ്റൊരാള് അനങ്ങൂല...

ആദ്യത്തെ ദൌസം ജയിൽ വാസം കയിഞ്ഞ് വീട്ടിലെത്തിയ എനിക്ക് കൽബിലു തെളച്ച് മറീന്ന പിരിസോം കൊണ്ട് വീട്ടിലെ എല്ലാ മഹതികളും ചായേം കടീം ആക്കി ഇരിപ്പുണ്ണ്ട്. ചായക്ക് കടി തേങ്ങേം പഞ്ചാരേം ഇട്ട കോതമ്പുണ്ട! എന്തൊരു ഹ്യൂമർ സെൻസ്... ഈനെയൊന്നും ബരച്ച ബരമ്മല് നിർത്താത്ത പിയാപ്ലമാരെയ് പറഞ്ഞാ മതിയല്ലൊ? ഞാൻ വളരെ കൌരവത്തില് അനൌൻസ് ചെയ്തു, “നല്ലുസാറ്‌ ചായേം പയം പൊരിച്ചതും ഞാൻ കുടിച്ചിക്ക്‌ണ്, എനിക്കിനി ചായ മേണ്ട. ഞാൻ പോയിസ്ക്കരിച്ച് കൊറച്ചേരം കെടക്കട്ടെ..” ജയിൽ ബിസയങ്ങൾ കേക്കാൻ മുട്ടി നിക്ക്‌ന്നോലെ മുയുമനും എന്റെ മൂടും കാണിച്ച് ഞാൻ ഔത്തേക്ക് നടന്നു. ബു ഹ ഹ ഹാ.. എന്നോട് കളീച്ചാൽ അങ്ങനെയിരിക്കും! പോന്ന പോക്കിൽ ഒരു “ഗ്ലൂ” ഇട്ട് കൊട്‌ക്കാൻ ഞാൻ ചോയിച്ചു, “ഇന്നത്തായത്തിനെന്താ?” മര്യാദക്ക് പല്ലിലു കുട്‌ങ്ങ്‌ന്ന വല്ലോം ഇണ്ടാക്കിയാല് ഇങ്ങക്ക് കിസ്സ കേക്കാം, ഇല്ലെങ്കിലേ “കാദിരിക്കോയന്റെ കെട്ടിയ്യോളെ അമ്മായിന്റെയ്...” കിസ്സ തന്നെ ഇന്നു ലാത്തിരീം 342-ആം എപ്പിസോടായി തൊടർന്നോളി...

പിറ്റേന്ന് രാവിലെ ജയിലിൽ പോയി ഇറങ്ങിയതും മുമ്പിലു നിക്ക്‌ന്ന് ലണ്ട് കാക്കികളും ചൌട്ടി സലൂട്ടടിച്ചപ്പും, ഷഡ്ഡീല് മുള്ളീലാന്നേള്ളൂ- വെരണ്ടു പോയി! ആദ്യം വിജാരിച്ചത് വെടി വെക്കാന്‌ള്ള പൊറപ്പാടാന്നാ. ഓഫീസിലു കേറി മതിലുമ്മല് പല തരത്തില് പറ്റി നിക്ക്‌ന്ന മമ്മൂട്ടിനേം മീരാ ജാസ്മിന്നേം, എവ്‌ടേം പെടാത്ത ഒരു സ്പൈഡർമാനേം (“ഇന്റെ ചെറിയോന് ഈനെ വെലിയ ഇസ്റ്റാ” സൂറാത്ത പിന്നെ വെളിപെടുത്തി) നോക്കി ഞാൻ അന്തം വിട്ട് നിക്ക്‌മ്പം സൂറാത്ത കേറി വന്നു, കൂടെ ഒരു വയസ്സത്തീണ്ട്, “നോക്കീന്ന്, ഇങ്ങള് പൊന്നമ്മേട്‌ത്തിന്റെ കേസ്‌ ബിസ്ത്തരിക്കാൻ മേണ്ടി പനമരത്തിന്നും ആ പോലിസ്‌ ചെക്കൻ പറഞ്ഞിട്ട് വന്നെ അല്ലെ? അല്ലെ?” കണ്ണിറുക്കി, പൊന്നമ്മേടത്തിനെ പറ്റിക്കാനാന്ന് ഗോഷ്ടി കാണിച്ച് സൂറാത്താ ചോയിച്ചു.
“ആന്നോ, സാറെ?” പൊന്നമ്മേടത്തീം ചോയിച്ചു.
ഞാൻ അതേന്ന് തലയാട്ടി. സൂറാത്ത ഖുഷ് ഹുഅ, മൂപ്പത്തിന്റെയ് കുരുത്തക്കെടിന് പറ്റിയ ഒരുത്തിനെയ് തന്നെ കിട്ടിയല്ലോ എന്നുള്ള ഖുഷി. നാടകം തൊടന്നോണ്ട് സൂറത്താ പറഞ്ഞു, “സാറെ, അതില്ലെ.. ഈ പൊന്നമ്മേടത്തില്ലെ അറിയാണ്ട് ചെയ്തോയതാന്ന് ഇങ്ങള് സൂപ്രണ്ടിനോട് പറഞ്ഞതല്ലെ? എല്ലെങ്കിലും കര്തിക്കൂട്ടീട്ട് ആരെങ്കിലും കെട്ടിയോനെ കൊന്ന് പൊയേലു മുക്കൊ? അയാക്ക് ദൌസോം മൂക്കറ്റം കുടിച്ച് എട്ത്തിട്ട് പൂസാം, അയിനു കോടതീം ചോയിക്കലും പറച്ചിലും ഇല്ല. ഗതി കെട്ടിട്ട് അവസാനം നമ്മളൊന്ന് നീർന്ന് നിന്ന് അങ്ങോട്ട് ഒന്നു കൊട്‌ത്തപ്പം ഓന്റെ കാറ്റും പോയി. ഇങ്ങള് ബേജാറാവണ്ട പൊന്നമ്മേട്‌ത്തീ, ഇപ്പത്ത ജട്ജി ഒരു മാതിരി സാമാനാണെങ്കിലും അയാക്ക് പറഞ്ഞാ മനസ്സിലാവും. ഈ സാറ്‌ പറഞ്ഞോളും. ഇങ്ങള് കരച്ചിലും പീച്ചലും നിർത്തി നല്ലോണം തടി നന്നാക്കാൻ നോക്ക്. മ്ം പോയി ചായുടിച്ചൂട്, ഞമ്മളെ സാറിന്‌ള്ള ചായ കൊണ്ടേയി കൊട്‌ക്കട്ടെ.”
ഒരു മൊത്തം കൌൻസിലിങ്ങ് തന്നെയ് ഞാൻ മുയിച്ച് നിക്കുമ്പം അവിടെ സൂറാത്ത പൂർത്തിയാക്കി. “പാവാന്ന്, അയാള മേല് വേദനാക്കലും കുടീം ഈ തള്ളക്കൊക്കെ നമ്മള പോലെ സയിക്കാൻ പറ്റുഒ? കൊറെ കൊണ്ടപ്പം ഒന്ന് തിരിച്ച് കൊട്‌ത്തതാ അയാള് ചത്തോയി. അയാള് ജീവനിള്ളപ്പ അയാള് കൊറേ കണ്ണീരുടിപ്പിച്ച്, ഇപ്പം അയാള് ചത്തിട്ടും അയാളെ പേരില് കൊറേ കുടിക്ക്‌ന്ന്‌. കേസും കൂട്ടോം കയിഞ്ഞ് വിദി വെരുമ്പളേക്ക് ഇയമയും ചാവും, അത് വെരെ പാവം സമാധാനത്തില് കയിഞ്ഞോട്ടെ. ഇങ്ങളോട്‌ എന്തെങ്കിലും ചോയിച്ചാല്, ഇങ്ങള് പറഞ്ഞു പറ്റിച്ചാ മതി...”
എനിക്ക് സൂറാത്തനോട്‌ ഭയങ്കരമായി ഇഷ്ട്ടം തോന്നി തുടങ്ങി. രാവിലെ എനിക്കുള്ള ഒരൊ ക്ലാസ്‌ ചായന്റേം കൂടെ മൂപ്പത്തിന്റെ ചില്ലറ ശിപാർശകളും കാണും, “സാറെ, ഇന്നുച്ചക്ക് ഇങ്ങള് അപ്പറത്ത് പൊവ്വുമ്പം ആ രാജൻ സാറിനോട് ഒന്ന്‌ ഈ ടിവി നന്നാക്കി തരാൻ പറയോ? ഐഡ്യാ സ്റ്റാർ സിങ്ങറ്‌ കാണാനേ പറ്റ്‌ന്നില്ല! ആക കൂടി ഒര് മണിക്കൂറാ അയിന്റെയ് പക്‌തി നേരോം ആ സാമനത്തില് ഒന്നും കാണൂലാ..” “സാറെ ഒര് പുതിയൊര്ത്തി വന്നീന് വന്നത്‌ മുതല് കരച്ചലും പീച്ചലുആ... കണ്ടിട്ട് പുതിയതാന്നാ തോന്നത്. ഇങ്ങള് ഒന്ന് മുണ്ടി നോക്കി” “ഇതാര വന്നേന്ന് കണ്ടോ സാറെ? കണ്ണൂര് നളിനി...ഇവളും ഞാനും കൂടി വിയ്യൂര ജെയിലില് കെടന്നപ്പം ഇണ്ടായ ഓരോ രസം...” “സാറെ, ഇങ്ങള് നാളെ വെരുമ്പം ഒരു മുല്ലന്റെ തൈ കൊണ്ടേയി തരുഒ?”
എല്ലാരേയും പരിചയപെട്‌ത്തീം ചീത്ത പറഞ്ഞും നടക്ക്‌ന്ന സൂറന്റെ കിസ്സ മാത്രം ഞാൻ കേട്ടീല...ആരും പറഞ്ഞന്നതുമില്ല... എന്റെ ജന്മസിദ്ധമായ ഫിത്ന സ്റ്റൈലിൽ ചോയ്ക്കാനും പറ്റീല. അങ്ങനൊരീസം സൂറ വളരെ “പേസണലായിട്ട് സാറിനോട് ഒരുപകാരം ഞാൻ ചോയിക്കട്ടെ” എന്ന് ചായന്റെയ് കൂടെ ചോയിച്ചു. എനിക്ക് ഒര് ചെറിയ പേടി... വല്ല കള്ളും കഞ്ചാവും കടത്താനയിരിക്കും, എന്തായാലും ജെയില്പുള്ളിയല്ലെ? എന്നാലും മുഖത്തിന്റെയ് മസിലിന് യാതൊരു കോട്ടവും തട്ടിക്കാതെ ഞാൻ ചോയിച്ചു, “എന്താ?” “സാറൊന്ന് എന്നെ കുതിരവട്ടത്ത് എന്നെ കെടത്താൻ പറയോ?” എന്റെയ് എല്ലാ മസിലും തൂങ്ങി പോയി! അ അ ആ ഇതിനു പിരാന്തെയ്നോ? തൂങ്ങിയ മസിലൊക്കെ വാരിക്കൂട്ടി ഒരു ചിരി ചിരിച്ചിട്ട് ഞാൻ സൂറനോട് കുശലം ചോദിച്ച്, “ഇൺഗക്കെന്തിന്ന ഇപ്പം പിരാന്താസ്പ്പത്രി?”
“പിരാന്തായിട്ടല്ല സാറെ, പിരാന്താവാണ്ട്‌ക്കാനാ... ഇങ്ങക്ക് എന്റെ കയ്യ് കണ്ടാ മനസ്സിലായിട്ട്‌ണ്ടാകും, ഞാൻ നന്നായിട്ട് മയക്ക്‌മര്ന്ന് കുത്തിയെക്കും. ഇപ്പം അതില്ലാത്തോണ്ട് പൈക്കുന്നൂല്ലാ ഒറൊക്കോ‍ല്ലാ പള്ളെയിന്നാണെങ്കില് വെല്ലാത്തൊര് ആന്തല്. മയക്ക് മരിന്നിനടിമയായോല്ക്ക് കുതിരവട്ടത്ത് സികിത്സ ഇണ്ട്‌ന്ന് പേപ്പറില് ഞാൻ വായിച്ചീനും. ഏതായാലും ജെയിലിലാ പണിയൂല്ല, ഇങ്ങനെ മാറ്വെങ്കില് പണ്ടാരം പിടിച്ച പിടി വിടുവല്ലോ? ഇങ്ങള് പറയൊ?”
ഒരായ്ച്ച കൈഞ്ഞ് ഞാൻ കുതിരവട്ടത്ത് സൂറനെ കാണാൻ പോയി, കാവലിന് രണ്ട് പോലിസൊക്കെ ഉണ്ട്. “സാറ്‌ കയ്യും വീസിയാ ലോഗിനെ കാണാൻ മന്നത്?” പോലിസുകാരനോട് കണ്ണിറുക്കി എന്നെ പറ്റിക്കാനാ എന്ന്‌ ഗോഷ്ടി കാണിച്ച് മൂപ്പത്തി ചോയ്ച്ചു. “സൂറാത്തക്ക് എന്താ വേണ്ടേ എന്ന് ചോയിച്ചിട്ട് വാങ്ങാ‍ന്ന് വിജാരിച്ചിട്ടാ” ഞാനും കളിച്ചു. ഒര് അധികാരി + സന്ദർശക റോളിലേക്ക് മാറി, എന്റെ ഫയലൊക്കെ പുറത്തെടുത്ത് ഞാൻ ചോദിച്ചു, “ചികിത്സയൊക്കെ എങ്ങനെ സൂറാത്താ?”
“സാറപ്പം ഈ ഫോറം മുയുമിക്കാനാ അല്ലെ മന്നത്? അല്ലാണ്ട് സൂറനെ കാണാനല്ല!! സികിത്സൊക്കെ മരുന്നു കുത്തിവെപ്പും കൌസിലിങ്ങും ആയി പോണ്ണ്ട് സാറെ, ഇബടത്തെ സിസ്റ്റെമ്മാരെയാ സയിച്ചൂടാത്തെ, ഞാൻ നല്ലൊന്ന് മൊഖടച്ച് കൊട്‌ക്കണംന്ന് കൊറെ ദൌസായി ബിജാരിക്ക്‌ന്ന്, അയിന് ഈ ലണ്ട് പഹയന്മാരും ഇബ്‌ട്‌ന്ന് മാറണ്ടെ. കണ്ണെറ്റിയാ എനിക്ക് തിന്നാൻ തരൂലാന്ന്! ഈ ആനനെ അടിച്ച് മയക്ക്‌ന്ന ജാതി മര്ന്നാ തര്‌ആ, നമ്മള് ഒറങ്ങി പൂവും എടക്ക്, പഹച്ച്യേള് ഒണർത്തൂലാന്ന്! നമ്മള് പിന്നെ ജെയിൽ പുള്ളിയല്ലെ, തിന്നില്ലേലും മരിക്കൂല്ലാന്നേറ്റാന്ന് ബിസാരം..എനിക്കാണെങ്കി ഈ മര്ന്നൊക്കെ വലിച്ച് കേറ്റീറ്റ് പൈച്ചിട്ട് കന്ന്‌ കാണൂല.”
രണ്ട് മൂന്നീസം കയിഞ്ഞ് ഉച്ചക്ക് ചോറ് വെയ്ക്കാൻ പോന്നെയ്ന്റെ ഒരു അരമുക്കാ മണിക്കൂർ മുമ്പുള്ള സമയം. ഞാൻ ആരെയോ കാണിക്കാൻ വേണ്ടി ഫയലിൽ ആവശ്യമുള്ളെടത്തും ഇല്ലാത്തേടത്തും ഒക്കെ സൈനിടുന്ന തിരക്കിൽ. ആണ്ങ്ങളെ ജെയില്‌ള്ള എന്റെ ഓഫീസിന്നും കയ്‌ത്ത്‌ നീട്ടി ഒന്ന്‌ നോക്കിയാല് മുമ്പിത്തെ ഗേറ്റ് കാണും. അയില് ആരോ ഒറക്കനെ മുട്ടി “ഒന്ന്‌ ഗേറ്റ് തൊറക്ക്, എനിക്ക് സൂപ്രണ്ടിന കാണണം എന്ന് പറീന്ന നേരിയ സമണ്ട് കേക്ക്‌ന്ന്‌ണ്ട്. “ഏതെങ്കിലും പുള്ളിന്റെ അമ്മേ കെട്ട്യോളോ ആയിരിക്കും,“ എന്റെയ് അസ്സി. സുധീഷ് പറഞ്ഞു. ഗേറ്റ്മാൻ വേലായുധൻ സാറിനോട് ഇപ്പം കേക്കും പുളിച്ചത്, ഞാൻ മനസ്സിലു കണക്കാക്കി. ഇവടെ ജോലിക്ക്‌ ചേർന്നപ്പളാ എന്റെ മലയാളം ഒന്ന്‌ പുഷ്ടിപ്പെട്ടത്...ആദ്യത്തെ ഒന്ന് രണ്ട് ആയ്ച്ച, പെണ്ണ്‌ങ്ങള് പറീന്നതിന്റെ പകുതിമുക്കാലും എനിക്ക് മനസ്സിലാവൂലെയ്നി, “എടി കൂത്തിച്ചി, സാറിരിക്കുമ്പളെങ്കിലും അന്റെയ് പുയുത്ത നാവ്‌ തൊള്ളെയ്ലിട്ടൂടെ,“ എന്നും പറഞ്ഞ് സൂറാത്ത എല്ലെണ്ണത്തിനേയും വെരട്ടും.
വേലായുധൻ സാറ്‌, “നീയെന്താ ഇവടെ,അന്റെ കൂടെ ഗാർഡ്‌മാരൊന്നുമില്ലെ?” എന്നും പറഞ്ഞ് ഗേറ്റിന്റെ സാക്ഷകളും പൂട്ടും തൊറക്കുന്നത് ഞാൻ കേട്ടു, അയിന്റെ പിന്നാലെ സൂറാത്താന്റെ വെലിയ വായിലുള്ള ചോദ്യോം, “ആയിസ സാറില്ലെ ഇവടെ?”
ആയിസ സാറിന്റെ എല്ലാ വെളവും അവിടെ, ആ നിമിസം ചെലവായി പോയി. എല്ലാരും ആയിസ സാറിനെ ഉണ്ടക്കണ്ണിട്ട് നോക്കി. ആയിസ സാറിനെ വിളിക്കാൻ നാലു പേര് എന്റെ ഓഫിസിലേക്ക് പാഞ്ഞു, ഒന്ന്‌ മൂളിയാ കേക്കുന്ന ദൂരെ ആയിസ സാറിന്റെ ഓഫീസിനുള്ളൂ എങ്കിലും. ആയിസ സാറ്‌ കണ്ണിലേക്ക് ടോർച്ചടിച്ച് തവളനെ പോലെ ഇറങ്ങി വന്നു, “എന്താ സൂറാത്താ ഇങ്ങള്‌വ്‌ടെ? ഇങ്ങളെ ഡിസ്ച്ചാർജ് പതിനാലാം തീയ്യതിയാന്നാണല്ലോ ഡോക്ടറ്‌ ഇന്നലെ എന്നോട് പറഞ്ഞത്..” എന്റെ തലന്റെ ബാക്കിലൂടെ എന്തായിരിക്കും ഞാൻ ചെയ്തത് എന്ന് ചോദ്യം സ്പീഡില് ഓട്‌ന്ന്‌ണ്ട്‌. ഇനി ഞാൻ കേട്ട ഡേറ്റ് തെറ്റിയോ? ഞാൻ കൊട്‌ത്ത മെഡിക്കൽ റിപ്പോർട്ടിലു ആവശ്യല്ലാത്തേടത്ത് ഞാൻ ഒപ്പിട്ടോ? ഇനി ഞാൻ എഴുതി ചേർത്ത അബ്യൂസ് ഹിസ്റ്ററിയില് വല്ലതും കൂടേ കൊറയേ ചെയ്തോയോ?
“എന്റെ സാറെ... എന്നീം പൂട്ടിട്ട് ഓര് മുയുമനും കലാപരിവാടി കാണാൻ പോയി... ഓരെനിക്ക് ഇന്നലെ മുയുമനും തിന്നാൻ തന്നീല സാറെ. പൈച്ച് തല ചിറ്റിയപ്പം ഞാൻ മതില് ചാടി ഇങ്ങൊട്ട് വന്ന്‌ സാറെ. പൊറത്ത് ഓട്ടോന്റെ കൂലി ആരെങ്കിലും ഒന്ന്‌ കൊട്‌ക്കുഒ? എനിക്ക് പൈക്ക്‌ന്ന്‌ സാറെ...” സൂറാത്താ ആദ്യമായി കരയ്യുന്നത് കണ്ടത്ത് അന്നാണ് ഞാൻ.

21 comments:

Aisibi said...

കുറേ കാലമായി ഇതിങ്ങനെ ഡ്രാഫ്റ്റിൽ കിടക്കുന്നു. എന്റെ സ്ഥിരം വിഷയമായ തീറ്റയും ഫിത്നയും അല്ലാത്തതു കൊണ്ട് ഇതു വേണോ വേണ്ടേ എന്ന ചെയ്ത്താനും കടലും ഏരിയായിലായിരുന്നു ഞാൻ. പിന്നെ തോന്നി, ഞാൻ ജീവിതം മുയുമനും തിന്നേം കുടിക്കേം വായിട്ടടിക്കേം മാത്രമല്ലാലോ ചെയ്തത്... ഇതും കിടക്കട്ടെ എന്ന്.

Pulchaadi said...

ഐസിബി,

വളരെ വളരെ നന്നായി. ആ കോയിക്കോടന്‍ മലയാളവും കഥ പറച്ചില്‍ രീതിയും എല്ലാം കേമം. Internet -ഇല്‍ നിന്ന് പുറത്തു വരേണ്ട സമയമായി.

സൂറ അവസാനം കണ്ണ് നനയിച്ചു. എല്ലാ ആശംസകളും!

Riyan.

പാമരന്‍ said...

ഐസാത്താ, ഇങ്ങള്‌ങ്ങനത്തെ സാനങ്ങളൊക്കെ ഡ്രാഫ്റ്റാക്കി അട്ടത്തില്‌ വെച്ച്‌ കുത്ത്‌ര്ന്നാല്‌ എങ്ങന്‌യാ സെറ്യാവാ? ഒക്കെ ങ്ങട്ട്‌ കൊടഞ്ഞിടീന്നും. ഞമ്മള്‌ ദാ ബഡെത്തന്നെ ണ്ട്‌.

കലക്കി ട്ടാ.

Aisibi said...

പുൽച്ചാടീ- നന്ദി... കയ്യുറച്ചിട്ടില്ല പുറത്ത് വരാൻ :) സൂറ എന്റെ കണ്ണ് ഇതു പോലെ ഒരു നൂറു പ്രാവഷ്യം നനച്ചിട്ടുണ്ട്... ആസ്പത്രീന്നും മതിലു ചാടി, തിരിച്ച് ജയിലിലേക്ക് വന്ന ഏക ജെയിൽ പുള്ളി ഒരു പക്ഷേ സൂറ മാത്രമായിരിക്കും! മൂപ്പത്തിക്ക് വേണമെങ്കിൽ ആ വഴിക്ക് സ്ഥലം വിടാമായിരുന്നു- പോയില്ല! പിന്നീടെപ്പളോ ഞാൻ അതിനെ പറ്റി ചോദിച്ചപ്പോൾ, സൂറ പറഞ്ഞു, “സാറ് എന്നെയ് നന്നാക്കാൻ അവ്‌ടെ കൊണ്ടോയി ഇട്ടാൽ ഞാൻ പൊറപ്പുക്കേട് കാണിക്കാൻ പാടുഓ?”
പാമരാ: ഞാൻ കൊടയുന്നുണ്ട്... ചിലപ്പോൾ ചില കഥ മുയുമിക്കാൻ പറ്റ്‌ണില്ല. അതിങ്ങനെ ബിറ്രിയാൻ പോലെ തൊണ്ടെയില് കുട്‌ങ്ങി കെടക്ക്‌ണ്. :)

kichu / കിച്ചു said...

ഐസിബീ

പാമു പറഞ്ഞപോലെ അട്ടത്തിലു അധികം നേരം ഇങ്ങനെ വേച്ചിരിക്കല്ലെട്ടാ..പുകപിടിച്ച് ബെടക്കായിപ്പോകും :)

ഉമ്മ പറഞ്ഞ പോലെ.. ജ്ജ് ഇപ്പൊ ജെയിലീലല്ലേ കതകള് ഇസ്ടം പോലെ കാണൂലോ.
പോസ്റ്റാന്‍ മറക്കല്ലേ

jayanEvoor said...

വളരെ വളരെ ഇഷ്ടപ്പെട്ടു ...!

(ഞാനും ജയിലിലായിരുന്നു കുറേക്കാലം... പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍! മെഡിക്കല്‍ ഓഫീസര്‍ ആയിട്ട്)

Aisibi said...

കിച്ചൂ: നന്ദി, ജെയിലു വിട്ടിട്ട് ഇപ്പോ 2 കൊല്ലമായി. പക്ഷെ കഥകൾ ഒരു പാടുണ്ട്, എപ്പോഴെങ്കിലും എഴുതാം... :)

ജയാ: എന്റെ ട്രയിനിങ്ങ് പൂജപ്പുര വച്ചായിരുന്നു. ഒരു സുബൈർ എന്നോ മറ്റായിരുന്നു ട്രൈനറുടെ പേര്...

വായനക്കാരന്‍ said...

Nice One. Yours is a humorous family.!

കുമാരന്‍ | kumaran said...

മനോഹരമാ‍യ എഴുത്ത്. പ്രിന്റ് മീഡിയയുടെ നഷ്ടമാണ്.

WildEagle said...

Kalakkinninde!! orachu orachu barinnindu...Way to go!!! - Aaa Fabi Basheer meeting ine patti koode onnu ezhuthedo!

ശ്രീ said...

നന്നായിരിയ്ക്കുന്നു. വല്ലാത്ത അനുഭവങ്ങള്‍ തന്നെ. സൂറാത്തയെ നന്നായി പരിചയപ്പെടുത്തിയിരിയ്ക്കുന്നു.

കിനാവള്ളി said...

നല്ല എഴുത്ത് . കഥാപാത്രങ്ങള്‍ മുമ്പില്‍ വന്നു നില്കുന്നത് പോലെ തോന്നി. അസ്സല്‍ കോഴിക്കോടന്‍ ഹല്‍വ കഴിച്ച പ്രതിതി. കുറെ കാലമായിട്ട് ഗൂഗിളില്‍ കാണാഞ്ഞിട്ട് തപ്പിയോക്ക തപ്പിയപ്പോള്‍ ആണ് അയ്സിബിയെ കിട്ടിയത് .

Aisibi said...

വായനക്കാരാ, ഫാമിലിക്ക് ഹ്യൂമര്‍ സെന്‍സ് കൂടിയാലും ഇച്ചിരി എറ്റങ്ങേറാ... മന്ഷനെ സുയിപ്പാക്കും!

കുമാരന്‍ മാഷേ: നന്ദി. പ്രിന്റ് മീഡിയക്ക്‌ള്ള മരുന്നൊന്നും ആയിട്ടില്ല. എന്നാലും ഒരാള്‍ക്കെങ്കിലും അതു തോന്നിയതില്‍ ഞമ്മക്ക് കുളിര് കോര്ണ്...

ഷെറിത്ത്: നന്ദി. ഫാബി ബഷീറിനെ കണ്ടത് എപ്പോഴെങ്കിലും എഴുതാം.

ശ്രീ.. നന്ദി വന്നതിനും അഭിപ്രായപ്പെട്ടതിനും... സൂറാത്തയെ മുഴുവനായി പരിചയപ്പെടുത്താന്‍ എനിക്ക് ഒരു നുള്ള്‌ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

കിനാവള്ളി:ഞാന്‍ ഇവിടെ തന്നെ ഉണ്ടേ... ഇനിയും വിട്ട് പോകരുത്.. വായിച്ചു കമന്റണം.

മാഹിഷ്‌മതി said...

പറയുന്നതിലുള്ള ലാളിത്യമാണ് ഐസിബിഛാ(പ്രായം കൊണ്ടല്ലങ്കിലും എഴുത്തിന്റെ നിലവാരം കൊണ്ട്)ഇങ്ങളെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ടായെ.കൊർച്ച് ബിട്ട് ബിട്ട് എയ്തിയാ ബായിക്കുന്നവ്ര്ക്കൊരു സുഖേനു...:) :)

-സു‍-|Sunil said...

iTakku inganathEm vENam TTo :):)
-S-

അ‌ബ്ദു. said...

ഒറ്റയിരിപ്പിന്, ഇത്ര വലിയ പോസ്റ്റ് ഇങ്ങനെ വായിച്ചിട്ട് കാലം കൊറച്ചായി,


ജീവിതങ്ങളെ, ഇങ്ങനെ ഇത്ര ലളിതമെന്ന് തോന്നിപ്പിക്കുന്ന ഭാഷയില്‍ അത്രതന്നെ സ്വാഭാവികവും തീവ്രവുമായി അനുഭവിപ്പിക്കുമ്പോള്‍ പിന്നെയെന്തിന് ഒരുപാട് വായിക്കുന്നു,

അവസാനം ഇങ്ങനെ പ്രതീക്ഷിച്ചതെങ്കിലും ഈ വരികളോട് മിണ്ടാതെ പോവാന്‍ തോന്നാത്തത്കൊണ്ട് മാത്രം, ഇത്രമാത്രം (തീരെ പോരെങ്കിലും) എഴുതി പോവുന്നു.

MANU said...

nannayirikkunnu aishaa... ithaanu nee ezhuthendath... ingane thanne aanithezhuthendath... vry well done... i'm proud of u...

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ഐസീബിന്റെ ബാസന്റെ കുട്ടന്‍സ് പിടി കിട്ടി. കുറെ കാലം ജയിലില്‍ കിടന്നാല്‍ ഇങ്ങനെയുണ്ടാകും. ആ ജയന്‍ വൈദ്യര്‍ക്കും ഈ സൂക്കേടുണ്ടായിരുന്നെന്നറിഞ്ഞു.ഇനി കാര്യത്തിലേക്ക് കടക്കാം. ഇതു വരെ ആരും പറഞ്ഞു തരാത്ത ഒരു മേഖലയിലെ അനുഭവങ്ങളാണ് ഈ പോസ്റ്റിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവിടെ നര്‍മ്മം അല്പം ഓവറായോ എന്നൊരു സംശയം. സത്യത്തില്‍ ഇതു ഗൌരവമേറിയ ഒരു വിഷയമാണ്.ജയിലിലെ അന്തേവാസികളെപ്പറ്റി അറിയാന്‍ കുറെ സഹായിച്ചു.ഇത്തരം ഗൌരവമായ വിഷയങ്ങള്‍ വേറൊരു കാറ്റഗറിയില്‍ ഉല്‍പ്പെടുത്തി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കുമെന്നു കരുതുന്നു. നര്‍മ്മം നര്‍മ്മത്തിന്റെ വഴിക്കും പോവട്ടെ.എന്റെ എളിയ ഒരു നിര്‍ദ്ദേശമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

ഏതായാലും ഗോതമ്പത്തിന്റെ ഉണ്ട കരുതിവെച്ച വീട്ടുകാര്‍ക്ക് കൊടുക്കണം മാര്‍ക്ക്!

Echmukutty said...

ഈ പരിചയപ്പെടുത്തലിന് ഒത്തിരി നന്ദി.
ഇന്നിത്രയ്മേ വായിയ്ക്കുന്നുള്ളൂ.
ബാക്കി പിന്നീട് വായിയ്ക്കും.

Sabeerali said...

ബെറ്ദനേ ഡ്രാഫ്റ്റില്‍ ബചൊന്ഡിര്ക്കാതെ മുയ്മനും യെയ്തി ബക്കീന്നു....ന്നാലല്ലെ ഞമ്മക്കതു ബായ്ചാന്‍ പറ്റൊള്ളൂ......
NIce
Expect more from jail stories....

Eppadi?