Friday, September 11, 2009

ഐസീ ഭീ ഹോത്തീ ഹൈ

നല്ലോണം സമയെട്‌ത്ത് പൊരിച്ച ബീഫും, നാരങ്ങ ചോറും, ഉള്ളിയും പച്ചമൊളകും തക്കാളിയും മുറിച്ചിട്ട് നാരങ്ങ പീഞ്ഞ ഒരു സലാഡും തിന്ന് വായി കൈകിയതേയുള്ളൂ... ഉമ്മാമ്മ പെട്ടിയൊക്കെ ഒരു സൈടിലേക്ക് മാറ്റി അയിമ്മല് പേപ്പ്ര് വിരിച്ച്, ഒരു നാലഞ്ചു മാസം ഒരൊത്ത കുടുംബത്തിനു പള്ളനൊറച്ചും തിന്നാന്‌ള്ള കോയ്യടയും മണ്ടയും എട്‌ത്ത് നെരത്തീട്ട്, ഉമ്മാമ്മ ഫ്ലാസ്ക്കെടുത്ത് കൊട്‌ത്ത് അബിനോട് കല്‍പ്പിച്ച് “ടാ അപ്പറത്തെ ബോഗീലു പോയിട്ട് നൊറച്ചും നല്ല പതക്ക്‌ന്ന വെള്ളം തരാന്‍ പറി... ഇന്നാ അയാക്ക് ഒരു അഞ്ചുരുപ്പ്യേം കൊട്‌ത്തേക്ക്.”
കുടുംബ സമേതം തീവണ്ടിന്റെയ് രണ്ട് ബോഗി മുയുമനും ബുക്ക് ചെയ്താണ് നമ്മള ദില്ലി സര്‍ക്കീറ്റ്‌ന്‌ള്ള പോക്ക്! തീവണ്ടിന്റെ “കണ്ടക്ക്‌റ്റര്” ബെരുംബം അയാക്കും ഇണ്ടാവും ചായേം കടീം. ഒരു രണ്ടു ദിവസം വലിയ കേട്‌പാട്‌കളൊന്നും പറ്റാത്ത ഒരു മാതിരി എല്ലാ ഐറ്റംസും ഉമ്മാമ്മേം ബാക്കിള്ളോലും വണ്ടീലേക്ക് പൊയിഞ്ഞു കെട്ടും, “കണ്ട അനാദിയൊക്കെ തിന്ന് ബയറ് കേടാക്കാന്‍!!” ചായപ്പൊടി, പാല്‍പ്പൊടി, പഞ്ചാര, ഉള്ളി, തക്കാളി, കക്കിരി, പലതരം പലഹാരം, കോയ്യട, ഉണക്ക ചപ്പാത്തി, നാരങ്ങ, ബീഫ് ഉണക്കി പൊരിച്ചത്, നാരങ്ങച്ചോറ്, നേന്ത്രപ്പഴം... അഥവാ വണ്ടിയേറ്റം എവ്‌ടെങ്കിലും നിന്നു പൊയാലും നമ്മളു പട്ടിണി കിടക്കൂലാന്ന് ഒറപ്പാ...
പെണ്ണ്‌ങമാര്‍ക്കൊന്നും പത്തൈസന്റെ ഇന്തിയും അറീല, ഉപ്പപ്പേം എളാപ്പേം ഒരമ്മായീം കൊറച്ച് പറയും. പറയുമെന്ന് തോന്നുന്നു, ഞമക്ക് എന്ത് പറഞ്ഞാലും , “അച്ചാ” ആണ്. ഉമ്മക്ക് പിന്നെ ചില ഇന്ദി കസ്‌ണങ്ങളും, ബാക്കി ആംഗ്യ ഭാഷയും വെച്ച് അട്‌ജസ്റ്റ് ചെയാം പറ്റും. ബോഗി വെടിപ്പാക്കാന്‍ വെരുന്ന ആളോട് മൂലക്കുള്ള കച്ചറയൊക്കെ കാണിച്ച് കൊട്‌ത്ത് ഉമ്മ കൈ കൊണ്ട് അടിച്ചു വാരുന്ന ആക്ഷന്‍ അഭിനയിച്ച് കരയും “കിയോ കിയോ” എന്ന്. “കരോ”, “കീജിയെ” എന്ന വാക്കൊന്നും ഞമ്മളെ വൊക്കാബുലറിയില്‍ എത്തീട്ടില്ലായിരുന്നു.
അങ്ങനെയുള്ള ഒരു തീവണ്ടി ദിവസം, ചായേം കടീം കയിഞ്ഞ് നിസ്ക്കരിക്കാന്‍ വേണ്ടി ഒളു എടുത്ത് ഉമ്മാമ്മ മടങ്ങി വന്നപ്പം ഒരു സിങ്ങ്ജി നമ്മള സീറ്റുമ്മല് ഇരിക്കാനുള്ള പരിപാടീലാ. അയാളെ ചന്തി പലമ്മല് മുട്ടി മുട്ടീലാന്ന്‌ള്ള ചേലില് നിക്കുമ്പം ഉമ്മാമ്മ കാറ്റ് പോലെ പറന്ന്‌ വന്ന് അയാളോട് ചൂടായി,
“ഇബടൊന്നും ബൈട്ടാന്‍ പറ്റൂലെ, അപ്പറത്തെവിടെങ്കിലും പോയി ബൈട്ടിക്കൊ”
മൂക്ക് വെറക്കുന്ന ഒരു കാര്‍ന്നോത്തിയും അന്തം വിട്ട് നിക്ക്‌ന്ന ഒരു സിങ് ഇസ് കിങും ആണ് ഞാന്‍ ആദ്യമായി കേട്ട ഹിന്ദിയുടെ ഒരു സെറ്റപ്പ്! എന്റെ ഇന്ദി മോശായിട്ടില്ലെങ്കിലല്ലേ അല്‍ഭുതം?!
ഹൈദരാബാദിന്നും കൊണ്ടോന്ന സഭിയ എന്ന ഇന്ദിക്കാരിയാണു നമ്മള തറവാട്ടില്‍ കൊറച്ചെങ്കിലും ഇന്ദി പരിജ്ഞാനം ഇണ്ടാക്കി എട്‌ത്തത്. “ ഈ തേങ്ങ ഫോടോ, എന്നിട്ട് ഫിര്‍ ചെരണ്ടണം ഹെ” എന്ന് ഉമ്മാമ്മയും, അപ്പറത്ത അറെയിന്നും, “സഭിയാ, ഇതര്‍ ജാവോ” എന്ന് അമ്മായിയും മത്സരിച്ച് ഇന്ദി പറഞ്ഞു. അമ്മായി ഒരു ഭാഷ നവീകരണം തന്നെ തുടങ്ങിയിരിക്കുകയായിരുന്നു. പിയാപ്ലന്റെ കൂടെ ഒരു കൊല്ലം എര്‍ണാ‍ങ്കുളത്ത് നിന്ന് വന്നതിനു ശേഷം സുദ്ധ മലയാള യജ്ഞത്തിലാണ് “പുഴ. കുട. വാഴപ്പഴം” എന്നൊക്കെ ഉരുട്ടി നാവൊക്കെ കൊ‘ഴ’ച്ച് അമ്മായി നമ്മളെ അന്തം വിടീച്ചു! നമ്മളു പാവങ്ങള് പൊയ കൊയ പയം എന്നൊക്കെ അമ്മായി കേക്കാണ്ട് സൊകാര്യം പറഞ്ഞു. “ലോക്കല്‍ മലയാളം!! ഇങ്ങക്കൊക്കെ ബിര്‍ത്തിക്കും ബെടിപ്പിനും മലയാളം പറഞ്ഞൂടെ?” ഇടക്കിടെ അമ്മായി നമ്മളെ നന്നാക്കാന്‍ നോക്കി. പക്ഷെ ബിര്‍തിക്ക് പറീന്ന ബാസ നമ്മള വീട്ടില് മനസ്സിലാവണ്ടെ? അതിനെവിടാ ഒരു ഹരം? അട്‌ക്കളപ്പറത്ത് പോയി “മാതാശ്രീ ഒരു വാ‘ഴ’പ്പ‘ഴം’ പു‘ഴു’ങ്ങി എനിക്ക് തരുമോ” എന്ന് ചോദിക്കുന്നത് , “മ്മാ, ഒര് പയം പുയുങിയത് താ” എന്ന് ചോയിക്കുന്നതിന്റെ നാലയലത്ത് നിക്ക്വോ? ഇനി അഥവാ നിന്നാല്‍ തന്നെ ഞാന്‍ പണ്ട് പച്ചക്കറിസ്റ്റായ ഒരു പരിധിയിലേ ഇതും വരൂ എന്നെനിക്ക് ഉറപ്പാ.
സൂറന്റെ ചെറിയോനെ ഒന്നു എട്‌ക്കാന്‍ അമ്മായിനെ ഏല്‍പ്പിച്ചപ്പം അമ്മായി തല കുലുക്കീട്ട് പറഞ്ഞു , “ഒക്കത്തില്ല”. ഉമ്മാമ്മ ആകെ വെരണ്ടു കൊണ്ട് ചോയിച്ചു, “ഒക്കത്തില്ലെ? പിന്നെ ഓനേടെ പോയി? അന്റെയ് കൈമന്നും തൊയിഞ്ഞു പൊയോടി?” മീങ്കാരന്‍ മുസ്തപ്പ മീനും കൊണ്ട് വന്നാല്‍ “മണ്‍ക്കലവും” കൊണ്ട് പോയി അമ്മായി ചോയിക്കും, “എന്താണു ഇന്നു മത്സ്യം?” മുസ്തഫാക്ക കണ്ണും മീച്ച് കൊട്ടെയിലു കെടക്ക്‌ന്ന മത്തിനെ പോലെ മീച്ച് നോക്കി. ഇന്നലെ വരെ മത്തീം ഐലേം ചെമ്മീനും മീനെന്നെയ്നല്ലോ, ഇന്നിവക്കെന്ത് പറ്റി? അങ്ങനെ മലയാളം ശുദ്ധീകരണം കൂടി കൂടി ആവശ്യമില്ലാത്തേടത്തും ഇള്ളടത്തും എല്ലാം അമ്മായി “ഴ” ചെലവില്ലാണ്ട് പ്രയോഗിക്കാന്‍ തുടങ്ങി, “ഇന്നലെ അവരു വഴുകിയാ വന്നത്” , എളാപ്പ വരാന്‍ കൊറച്ച് വൈകിയ കഥ എളാമ വിവരിച്ചു, “അതെന്തെയ്? നെരത്തുമ്മല് പായല് കെട്ടീനെയ്നിയൊ? ഇത്തര വൈക്കാന്‍?” ഉപ്പാപ്പ വളരെ കാര്യമായി മൂപ്പത്തിനെ വാരി. “ഹൌ ഈ കഴുതചക്കക്ക് എന്തൊരു പുളിയാ” എന്റെ ഭാഷ നന്നാക്കി കൊണ്ട് മൂപ്പത്തി പറഞ്ഞു തന്നു, “പുരികം എന്നല്ല കഴുതേ, പിരികം എന്നാ”.
അങ്ങനെ എല്ലാരും കൂടി എന്നെയ് ഇന്ദീം മലയാളോം പഠിപ്പിച്ച് എനിക്ക് ഒന്നും മനസ്സിലാവാണ്ടായി. ഇന്ദിയാണെങ്കില് ചോയിക്കേം വേണ്ട. ബുധനായ്ച്ചയായാല് എനിക്ക് മൊത്തം ബെരുത്തോം ബേജാറുമാണ്... അന്നാണ് ഇസ്കൂളില് ലൂസി റ്റീച്ചറെ ഇന്ദിക്ക്ലാസ്. ഒരോ പീരിയഡും മുക്കീം മൂളീം ഒപ്പിച്ചു കൂട്ടലാണ് പതിവു. ഈ ബസ്സിനും മരത്തിനും ഈച്ചക്കും പാറ്റക്കും സ്ത്രീലിംഗോം പുല്ലിംഗോം കൊണ്ടോയി ചാര്‍ത്തീട്ട് മനിസ്യമ്മാരെ സുയിപ്പാക്കാന്‍!!! കാക്കൊല്ല പരീക്ഷക്ക് രണ്ട് പദ്യൊം രണ്ട് പാടോം തത്ത പറീന്ന പോലെ, ഏത് രാവിലു എണീപിച്ചാലും “തിത്തിലീ റാണി, തിത്തിലീ റാണി” എന്ന് ഓട്ടോമാറ്റിക്കായി സ്റ്റാര്‍ട്ടാവാനുള്ള പരിധീലാണു ഞാന്‍. രണ്ട് പാഠമാണ് എന്റെയ് എല്ലാ പേടിയും, “ഘര്‍” “ബാസാര്‍”. രണ്ടും ഏകദേശം ഉമ്മാമ്മ പറീന്ന പോലെ, “പൊരെന്താ ചന്ത പോലെ” എന്ന കണക്കിലാ എനിക്ക്! എല്ലാങ്കൂടി കലങ്ങി ഘറ്‌റും ബാസാറും എനിക്ക് ഒന്നായി കെടക്കുകയാ...
പരീഷന്റന്ന് ചോദ്യം വന്നു, “തൈലീ മെ ക്യാ ക്യാ ഹൈ?” ഞാനും വിട്ട് കൊട്‌ത്തീല, “തൈലീ മെ മെരെ മാതാ പിതാ ഭായി ഔര്‍ ബെഹെന്‍ ഹൈ” അല്ല പിന്നെ!

11 comments:

Aisibi said...

“ഇബടൊന്നും ബൈട്ടാന്‍ പറ്റൂലെ, അപ്പറത്തെവിടെങ്കിലും പോയി ബൈട്ടിക്കൊ”
മൂക്ക് വെറക്കുന്ന ഒരു കാര്‍ന്നോത്തിയും അന്തം വിട്ട് നിക്ക്‌ന്ന ഒരു സിങ് ഇസ് കിങും ആണ് ഞാന്‍ ആദ്യമായി കേട്ട ഹിന്ദിയുടെ ഒരു സെറ്റപ്പ്! എന്റെ ഇന്ദി മോശായിട്ടില്ലെങ്കിലല്ലേ അല്‍ഭുതം?!

WildEagle said...

Amazing one!!!! You got me laughing all over for the "Thaili main kyaa hain" one. Just jotted down a few points to correct if you wish, which I felt could be closer to "koyikkode" language.

കുടുംബ സമേതം തീവണ്ടിന്റെയ് രണ്ട് ബോഗി മുയുമനും ബുക്ക് ചെയ്താണ് നമ്മള ദില്ലി സര്‍ക്കീറ്റ്‌ന്‌ള്ള പോക്ക്! – Kudumbam adakkam

പറയുമെന്ന് തോന്നുന്നു – parayan pattoonnu thonunnu.

മൂലക്കുള്ള കച്ചറയൊക്കെ കാണിച്ച് – kachara ellam

“പുഴ. കുട. വാഴപ്പഴം” എന്നൊക്കെ ഉരുട്ടി നാവൊക്കെ കൊ‘ഴ’ച്ച് അമ്മായി – uritti naavellam koyachu

ഇടക്കിടെ അമ്മായി നമ്മളെ നന്നാക്കാന്‍ - edakkellam

ഐലേം ചെമ്മീനും മീനെന്നെയ്നല്ലോ, ഇന്നിവക്കെന്ത് പറ്റി? –innivakkenna pattiye?

മാഹിഷ്‌മതി said...

ഒരു മണ്ണിന്റെ മണം ...

മാഹിഷ്‌മതി said...

പറയാൻ മറന്നു........ പെരുത്ത് ഇഷ്ടായി

Aisibi said...

@wildeagle: എന്റെ ബ്ലോഗു സന്ദർഷിച്ചതിനും അഭിപ്രായങ്ങൾക്കും നന്ദി. ഞാൻ മുഴുവനായും കോഴിക്കോട് ഭാഷ ഉപയോഗിക്കാത്തത് മനപ്പൂർവ്വമാണ്. ഇതിനു മുമ്പും പലരും പറഞ്ഞിട്ടുമുണ്ട്... കോഴിക്കോട്ട് നിന്നുള്ളവർക്കെ മനസ്സിലാക്കാൻ പറ്റൂ എന്നുള്ള ഒരു പ്രശ്നം :). “ഇന്നിവക്കെന്നാ പറ്റിയേ” എന്നുള്ളത് തെക്കൻ ഭാഷയല്ലെ മാഷെ? നമ്മളെ ഇങ്ങൾ` അച്ചായത്തി ആക്കാണോ?

മഹിഷ്മതി: മതി മതി :) നന്ദി, വന്നതിനും ഇഷ്ട്ടപ്പെട്ടതിനും :‌)

അഭി said...

“ഇബടൊന്നും ബൈട്ടാന്‍ പറ്റൂലെ, അപ്പറത്തെവിടെങ്കിലും പോയി ബൈട്ടിക്കൊ

കോറോത്ത് said...

as usual kalakki marichu kettaaa..ingalekkondu balya eluketaayeekknu..njanmmale chirippichu pandaaradakkum :)

Aisibi said...

അഭി, :)

കോറോത്ത് ഭായി, തേങ്ക്‌സ്, ഞമ്മള ഭാസെയില് പറഞ്ഞാ, ബെലിയുപകാരം, ചിരിച്ചു പണ്ടാരടങ്ങിയതിന് :)

kandaari said...

ente asuthaa,enthellan kekunnath,nokk chirchirch nja karanjoyi.......njan thalaserrynaa,pakengil engane basha nannakaan naanum kure nokeen,nadanillan maatram,pinne kurach hindi ariyaanuladaa aage samadaanam,ayin star plus cheytha upakaaramaa,enigilum olingane sreelingavum pullingavumaakunath enikum pidichilla,pinne ka ki ha hum ho,adokke kekumo enikk halalekum adkond aoonum njan parayoola,engale njanmakk peruthishtaayi,eniyum baraatta

Mohamedkutty മുഹമ്മദുകുട്ടി said...

ഐസീബി(ഭി) ഹോത്തീഹൈ, കലക്കി, പിന്നെ കഴുതച്ചക്കയും !.പണ്ട് ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരന്‍ കുട്ടികൃഷ്ണവാരിയര്‍ എന്നെ കളിയാക്കാന്‍ ,“എനിക്ക് ” എന്നതിന് “ഇച്ച്” എന്നു പറയുന്നപോലെ സ്കെയിലു വരച്ചാന്‍(വരയ്ക്കാന്‍) തരുമോ എന്നു ചോദിച്ചതോര്‍മ്മ വന്നു.

Lishma said...

Oh! chirichu chirichu ente kannu niranju. Adutha kaalthonnum ithra funny post vaayichittilla. thanks for sharing.

Eppadi?