Monday, July 13, 2009

പടച്ചോനുദ്യോഗം!

ആയിരത്തി തൊള്ളായിരത്തി എമ്പത്തി ഏയ്‌! മുട്ടറ്റം ഇള്ള പ്രാക്കും മിനുക്കിയ സൂസും ഇട്ട് ആദ്യമായി സെന്റ് ചോസപ്പ്‌സിന്റെ പടി കേറാന്‍ നിക്ക്‌ന്ന ഫ്യൂച്ചര്‍ മഹതിയായ, ഞാന്‍. ചട്ടക്കാരിയേള ഇസ്ക്കോലായോണ്ട്, “വാട്ടീസ്യോനേം” എന്ന് പറഞ്ഞാല്‍ “മൈനെമീസായിഷ” എന്ന് സാസം ബിടാണ്ട് ഇസ്തരി വടിവിലു നിന്ന് പറയാന്‍ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. അതു കൂടാണ്ട്, “വാട്ടീസ്യോഫാതര്‍സ്‌നേമും” പഠിച്ചിട്ടുണ്ട്. എന്നെ ഇസ്കോളില്‍ കൊണ്ടു പോകാന്‍ വെരേണ്ട സൈക്കല്‍ രിക്ഷക്കാരന്‍ ആലിക്കാക്ക ആദ്യ ദിവസം തന്നെ ഡ്യൂട്ടിക്ക് വന്നില്ല. അന്നേ മനസ്സിലാക്കണ്ടെയ്‌നി, ഞാനൊന്നും പഠിച്ചിട്ട് ഒരു കൊണവുമില്ല എന്ന് പടച്ചവന്റെ സൈന്‍ ആയിരുന്നു അതെന്ന്. ആദ്യത്തെ ദൌസമായത് കൊണ്ട്, എന്റെ മനസ്സു മാറുന്നതിനു മുമ്പ് എളാപ്പന്റെയ് കൂടെ മൂപ്പലെ ലംബട്ട സ്കൂട്ടറുമ്മെ എന്നെയ് വേഗം കേറ്റി വിട്ടു.
പുതിയ വേഗും, റെയിങ്കോട്ടും, വാട്ടര്‍ വോട്ടലും, സൂസും ഇട്ട് അണിഞ്ഞൊര്ങ്ങിയ ഞാന്‍ വളരെ ഗ്രാണ്ടായി എന്റ്രി ചെയ്‌ത് ചുറ്റും നോക്കിയപ്പം എന്നെയ്ക്കാളും മുന്തിയ എനങ്ങളുണ്ട് ഔടിരുന്ന് വെടി കൊണ്ട പന്നിയേള പോലെ മുയിച്ച് നൊക്കുന്നു. ഒരുത്തി നെലത്തൊക്കെ വീണ് നെലോളിച്ച് അട്ടം ബെറപ്പിക്കുന്നു. എനിക്ക് ചെറിയ ഒരു കരച്ചിലും ബെപ്രാളോം ഇത്തിരെ ബേജാറും തോന്നി തൊടങ്ങി, “ഇനിപ്പം, എന്നെ ഇസ്ക്കോള് എന്നും പറഞ്ഞ് സൈട്‌ലൂടെ ഉപ്പേം ഉമ്മേം ബാക്കിള്ളോലും ഒയിവാക്കിയതാണൊ? നി ഞാമ്പീടും കുടീം ഒന്നും കാണൂലെ? അബിനേം കൊണ്ടോയീന് ഇസ്ക്കോളിലേക്ക്‌ന്നും പറഞ്ഞ്”. ഇനി ഒന്നും നൊക്കാനില്ല, മാക്സിമും സൈസിലു തൊള്ള പൊളിച്ച് ഞാനും മൊയക്കി നീട്ടത്തിലൊര് സൈറന്‍. എടക്കെടക്ക് ഏറ്റക്കണ്ണിട്ട് അടുത്തുള്ളോള് എന്റത്രേം പൊര്ന്ന്‌ണ്ടോ എന്നും നോക്ക്‌ന്ന്‌ണ്ട്‌, പിന്നെ ഒലിച്ച് വെര്ന്ന കണ്ണീര് നക്കാനും മറക്കുന്നില്ല. കൊറേ കാറിയപ്പം എനിക്ക് മട്‌ത്ത് തൊടങ്ങി. അട്‌ത്തിരിക്ക്‌ന്ന വമ്പത്തി കരച്ചലൊക്കെ നിര്‍ത്തി മൂപ്പത്തിന്റെ ഞെക്കിയാ തൊറക്ക്‌ന്ന പെന്‍സിലു പെട്ടി വെച്ച് പൊരിഞ്ഞ ഷോ ഓഫ്. മുമ്പില് ഒരു പെണ്ണ്‌ങ്ങള് നിന്ന്‌ എന്തെക്കെയോ കോപ്രായം കാട്ട്‌ന്ന്‌ണ്ട്, എടയില് ഒരു മുട്ടായിയും കിട്ടി. കിട്ടിയ മുട്ടായി തൊള്ളെയിലാക്ക്‌ന്ന മുമ്പേ അട്‌ത്തിരിക്ക്‌ന്ന വില്ലത്തി അത് വാങ്ങി തിന്നു. ക്ലാസ്‌ കയിഞ്ഞ് പൊറത്ത് കാത്ത് നിക്കുമ്പം വീണ്ടും വമ്പത്തി, “ഗിവ് മീ സം വാട്ടര്‍” ഞാന്‍ മുയിച്ചു നിന്നു. എന്റെ വാട്ടര്‍ വോട്ടിലു തട്ടി പറിച്ച് വെള്ളം കുടിക്കാന്‍ തൊടങ്ങിയ ഓക്ക്, രണ്ടും കല്പിച്ച് ഞാന്‍ മുട്ടിനിട്ട് ഊക്കിലൊരു ചൌട്ട് കൊട്‌ത്തു. അടുത്ത സീനില്‍ എന്റെ വാട്ടര്‍ വോട്ടില് പറന്നു പോയി അടുത്ത തൊടീല് പോയി വീണു!
എങ്ങനെയൊക്കെയോ ഉച്ചയായി, ഉപ്പ വന്ന് വീട്ടിലേക്ക് കൂട്ടി. മാതാപിതാക്കളിലുള്ള വിശ്വാസം എനിക്ക് വര്‍ധിച്ചു, എന്നെ ഏതായാലും ഒയിവാക്കൂല എന്ന് ഒറപ്പായി. കച്ചറ തൊട്ടീന്നും കിട്ട്യതാണെങ്കിലും എനിക്ക് ചെറിയ ഒരു വെലയൊക്കെ ഉണ്ട് വീട്ടില്.
ഒരു ദിവസത്തെ കഠിനാധ്വാനം കയിഞ്ഞ് വന്ന വകേല് സമ്മൂസ പണ്ടം നൊറച്ച ബന്നും പാലൊയിച്ച് വലിച്ച് നീട്ടിയെ ചായേം കിട്ടി. ഒരുസാറൊക്കെ മന്നപ്പം ഞാന്‍ ഇസ്ക്കൂളിലെ എന്റെ മഹത് വ്യക്തിത്വത്തെ കുറിച്ച് ഒരു പ്രസംഗം ആരംഭിച്ചു. അബി വരുന്ന മുമ്പേ ഞാനാണു ബമ്പത്തി എന്ന് സംശയമേന്യ തെളിയിക്കണം... എന്റെ ഏക ഉദ്ദേശം അതാണ്. ഉപ്പാപ്പ മുതല്‍ സാവിത്രേച്ചി വരെ എന്റെ തൊള്ളേന്നും വീഴുന്നു അറിവിന്റെ മുത്തുകള്‍ പെറുക്കാന്‍ ചുറ്റും കൂടീറ്റുണ്ട്- കോമാളി ഞാനാണെന്ന് ആ ചെള്ള് പ്രായത്തില്‍ എനിക്ക് മനസ്സിലാവണ്ടെ?
അബി വന്ന് ബന്നും തിന്ന്‌ ഓന്റെ ബഡായികളും വിളമ്പിയ ശേഷം, എന്റെ ജീവിതതിന്റെ വഴിത്തിരിവായ ചോദ്യം എന്നോട് ഉണര്‍ത്തപ്പെട്ടു. ആരാണത് ചൊയ്ച്ചത് എന്ന് എനിക്ക് വെലിയ ഓര്‍മയില്ല. ജമീല്‍ത്താന്റെ എളേ മോള് രെഹനത്താത്തയാണെന്നാണ് എന്റെയ് ചെറിയൊരു ഓര്‍മ്മ. സോദ്യം ഇതാണ്, “ബെല്‌തായിട്ട് അനക്ക് എന്താ ആവണ്ടീത്?”
“എനക്ക് പ്ലെയില്‍ പറപ്പിക്ക്‌ന്ന ആളായ മതി. പിന്നെ പോലീസ്‌കാരനും.” യാതൊരു അഹങ്കാരമോ അത്യാര്‍ത്തിയോ സങ്കൂചന്മോ കാണിക്കാണ്ട് അബി പ്രഖ്യാപിച്ചു.
ബെരല് ബായിന്നും പൊറത്തെട്‌ത്ത അനി, വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു, “അനിക്ക് ഫൈടര്‍മാനായാ മതി.” ഫൈടര്‍മേന്‍ എന്ന വലിയ ഉദ്യോഗത്തില്‍ മയങ്ങിയ കണ്ണുകള്‍.
അടുത്തത് എന്റെ ഊഴമാണ്, ഞാന്‍ വളരെ ഗൌരവത്തില്‍ പറഞ്ഞു, “നിക്ക് ബെല്‌തായാ, അട്‌ത്ത അല്ലാ‍ഹുവായാ മതി.”
അതാവുമ്പും വെലിയ എടങ്ങേറ്‌ള്ള പണിയല്ലാലോ? കുറ്റം ചെയ്യ്‌ന്നോരെ നരകത്തില്‍ കൊണ്ട്‌ പോയി എണ്ണ ചൂടാക്കി പൊരിക്ക്യ, ബെള്ളം ചോയിക്കുമ്പം ഇഞ്ഞാമ പറഞ്ഞോലെ തീക്കട്ട തൊള്ളേയ്‌ലേക്ക് കംത്തി കൊട്‌ക്ക്‌ക. പിന്നെ നല്ല കുട്ട്യോക്ക് സ്വര്‍ഗത്തിന്നും കൊറേ കാഡ്‌ബറീസും പുല്ല്‌മുട്ടായീം ഐസ്ക്രീമും കൊട്‌ക്ക്‌അ. പിന്നെ എല്ലാരും നിസ്ക്കരിക്ക്‌ന്ന കണക്കെട്‌ക്കല്‍... കാര്യമായ പണിയൊന്നുമില്ല. ഇപ്പത്തെ പടസ്സോന്‍ തട്ടി പോയാല്‍ ആ കസാലമ്മല് കേറി ഇരിക്കല്, അത്രേയുള്ളൂ.
എല്ലാരും ബയങ്കരം ചിരീം ഉമ്മ വെക്കലും ഓടി പോയി മറ്റ്‌ള്ളോരോട് പറയലും. ഒറ്റ ദൌസം കൊണ്ട് എന്റെ ഫ്യൂച്ചര്‍ പ്രജകളൊക്കെ എന്റെ സപ്പോര്‍ട്ടേര്‍സായി! പരമാനന്തം. ആരെയൊക്കെ നരകത്തില്‍ ഇടും എന്നതിന്റെ ഒരു റഫ്ഫ് എസ്റ്റിമെറ്റൊക്കെ എന്റെയ് അടക്കന്റത്രള്ള തലയില്‍ ഞാന്‍ കണക്ക് കൂട്ടി വെച്ചിരുന്നു. ഉപ്പാപ്പക്ക് സുബര്‍ക്കത്തിലെ പൊന്നോണ്ട് ഇണ്ടാക്കിയെ പൊര കൊട്ക്കാം.
അങ്ങനെ എടക്കെടക്ക് അബിനേം അനിനേം ബാക്കിള്ളോലേം എന്റെ മനസ്സും സൌകര്യോം അനുസരിച്ച് സൊര്‍ഗ്ഗത്തിലും നരകത്തിലും മാറ്റി പാര്‍പ്പിച്ചും, ഭീഷണിപ്പെടുത്തിയും കാലം കയിഞ്ഞു പോയി. എന്റെ അല്ലാഹു ഉദ്ദ്യോഗം ഉമ്മയും പരമാവധി ഉപയോഗപ്പെടുത്തി- അല്ലാഹു ആവാനുള്ളത് കൊണ്ട് ദിവസവും ഇസ്കൂളില് പോണം, നിസ്ക്കാരം ഒന്നും ഒയിവാക്കാന്‍ പറ്റൂല, വാശി പിടിക്കാനോ തലപ്പിരാന്തെടുപ്പിക്കാനോ പാടില്ല, ബസീലിള്ളത് മുയുമനും ബിസ്‌മീം കൂട്ടി തിന്നണം, പാല് മുയുമനും കുടിക്കണം, എന്റെ കളിസാമാനം ബാക്കിള്ളോലിക്കും കൊട്‌ക്കണം, അബിനേം നെസിനേം നേനനേം ആരേം തല്ലാമ്പാടില്ല... ആകെ മൊത്തം ബീര്‍പ്പയക്കാന്‍ പറ്റാത്ത അവസ്ഥ! എന്നാലും ഉമ്മക്ക് നരകത്തിലെ രണ്ട് ചീഞ്ചട്ടി എണ്ണയൊയിച്ച് തെളപ്പിച്ച് ഞാന്‍ മനസ്സില് കരുതി വെച്ചു.. ഓവറായാല്‍ വറുത്ത് കോരി വാലാന്‍ വെക്കാലോ?
അങ്ങനെ ദുനിയാവിന്റെ ഒരോ കാര്യത്തില് തീര്മാനെട്ത്ത് വെര്ന്നെയ്ന്റെ എടയില്, കിനാവില് പോലും നിരീക്കാത്ത ഒരു ബല വന്ന് ന്റെയും അബിന്റെയും ബസീറിന്റെയും നിസാത്താന്റെയും നെസിക്കാന്റേം ഇത്തിരി പോന്ന ചെവികള്‍ പൊന്നാക്കി. ഓത്ത് പഠിപ്പിക്കാന്‍ ഒര് മൊല്ലാക്ക!!! “എങ്ങനക്കോ കയ്യും കാലും പുടിച്ചിട്ടാ” അസ്സനിക്കാക്ക അയാളെ ഒപ്പിച്ചത്. അയിന്റെ നന്ദി സൂചകമായി അസ്സനിക്കാന്റെ പേര് ഞാന്‍ നരകത്തിലേക്ക് അയക്കുന്നോരെ റെജിസ്റ്ററില്‍ എഴുതി ചേര്‍ത്തു.
ആദ്യത്തെ ദൌസം അലിഫ് ബാ താ സാ. ഉസ്താദ് സാ പറയുമ്പോളൊക്കെ തുപ്പലു തെറിച്ചു. ഞാന്‍ പതുക്കെ മൂത്രം പാത്തണം എന്നും പറഞ്ഞു കഴിയുന്നത്ര നേരം മൂത്രം പാത്തി തിരിച്ച് വന്ന് അബിന്റെ ഇപ്പറത്തിരുന്നു. ഇപ്പും തുപ്പലു മുയുമനും അബിന്റെ മേത്താ. ഞാന്‍ ഓനെ നോക്കി ഒരോ പ്രാവഷ്യം ഉസ്താദ് സാ പറയുമ്പോളും കിളിച്ചു, അങ്ങനെ ഉസ്താദ് തന്ന ആദ്യത്തെ പൊന്നിന്റെ ചെവി ഞാന്‍ സൊന്തമാക്കി. സ്ലേറ്റില് എഴുതി തന്ന അറബി അക്ഷരം മാക്സിമം ടൈം കളഞ്ഞ് എഴുതി ഉസ്താദ് പോകുന്ന വരെ നീട്ടി കൊണ്ട് പോകാന്‍ ഞാന്‍ പഠിച്ചു.
“തൊണ്ടെയിലെ ഖുഫ്‌റ് എതൊക്കെയാ?”
“ഖ”- ഞാന്‍
“ഖ്ര”- അബി
“കഫം”- ബസീറ്‌.
അന്നത്തോടെ ബസീറിനെ ഉസ്ത്തായിന് കണ്ണെട്‌ത്താ കണ്ടൂടാണ്ടായി.
ഉസ്താദ് വായിക്കുമ്പം എല്ലാരെയും ചെവി അടുക്കളയിലാ, ഉമ്മാമ്മ ചായ എട്‌ക്ക്‌ന്നെയ്ന്റെ സമണ്ട് കേട്ടാല്‍ എല്ലാര്‍ക്കും പിന്നെ വയങ്കര ഉസാറാ, കെടാന്‍ പൊവ്വുമ്പള്‌ള്ള ആളിക്കത്തല്‍. ചായ വന്നാല് അതും കുടിച്ച് നിസ്ക്കാരോം കയിഞ്ഞ് ഉസ്താദ് സ്ഥലം വിടും. ആ ഒരു നിമിഷത്തിന്റെ സൌന്ദര്യം വേറെ ആരു പൊവ്വുമ്പളും ഇന്നേ ദൌസം വരെ ഞാന്‍ കണ്ടിട്ടില്ല.
അങ്ങനെ ഒരീസം ഉസ്താദ് “അറബി മലയാളം” പാഠാവലി സിലബസില് അവതരിപിച്ചു. ഞാനാണ്, ആദ്യം വായിക്കണ്ട ആള്. ഓരൊ പ്രാവഷ്യം തെറ്റിക്കുമ്പളും ചെവിയിട്ട് തിരിച്ച് തിരിച്ച് ശെരിയാ‍കുന്നത് വരെ എന്നെയ് ട്യൂണ്‍ ചെയ്തു കൊണ്ടിരുന്നു.
“ഇസ്ലാം കാര്യങ്ങള്‍ അഞ്ച്... ഒന്ന്- അല്ലാഹുവല്ലാതെ മറ്റൊരു.... ദൈവം......” എന്റെ ചെവിന്റെ ട്യൂണിങ്ങ് മുറുകി വരുന്നുണ്ട്, പക്ഷെ ഞാന്‍ അതിലും വലിയ തരിപ്പിലാ. എന്റെ ഭാവിയും വര്‍ത്തമാനവും എല്ലാം മുട്ടിപ്പോയില്ലെ!!!
“ഉസ്താദേ ഉസ്താദേ, മറ്റോരു ധൈവമില്ലാന്ന് പറഞ്ഞാലെന്താ?” ഞാന്‍ ദയനീയമായി ചോയിച്ചു.
“എന്നു പറഞ്ഞാല്‍... അല്ലാഹുവല്ലാതെ വേറൊരു റബ്ബും ഇല്ലാന്ന്”
“അപ്പം ഈ അല്ലാഹു മരിച്ചാലോ?” ഞാന്‍ അവസാനത്തെ അപ്പീലു മാതിരി ചോയിച്ചു.
“അല്ലാഹുവിനു മരണമില്ല. അവനു രൂപവും പങ്കുകാരുമില്ല.”
!!!! ഞാന്‍ തകര്‍ന്നു പോയി. ആ ഒരു ഉദ്ദ്യോഗത്തിനു മേണ്ടി ഞാന്‍ നടത്താത്ത ത്യാഗങ്ങളുണ്ടോ ആര്‍ക്കെങ്കിലും അറിവ്‌? ചില്ലറ ലിറ്റര് പാലാ എന്നെ കൊണ്ട് ഉമ്മ കുടിപ്പിച്ചത്? ചില്ലറ ചോറാ ഞാന്‍ വെയ്ച്ചത്? എത്തറ മുട്ടായിയാണ് ഞാന്‍ പങ്കു വെച്ചത്!!! ഇഞ്ഞി ഞാന്‍ എന്താക്കും? നരകത്തിലിടണ്ടോരെയൊക്കെ ഞാന്‍ എവടെ കൊണ്ടോയി ഇടും? ഇമ്മായിരി ഒരു ചതി അല്ലാഹു കാണിക്കാന്‍ പാടില്ലെയ്‌നി! ബാക്കിള്ളോലിക്കും ഇല്ലെ ആഗ്രഹങ്ങള്‍. അബിയാണെങ്കില് വയങ്കരം കൊസീലാ... എന്റെ പണി കിട്ട്‌ന്നെയ്ന്റെ മുമ്പേ തെറിച്ചല്ലോ?
എനിക്ക് ഭയങ്കരമായി വയറു വേദനിച്ചു. ഞാന്‍ കരയാന്‍ തൊടങ്ങി. അന്നു മുയുമനും ഞാന്‍ വയറു വേദന്‍ കാരണം തിന്നാണ്ടും കളിക്കാണ്ടും കെടന്നൊറങ്ങി. പിറ്റേന്ന് ഇസ്ക്കൂളിലും പോയില്ല. എല്ലാം പോയില്ലെ...

19 comments:

Aisibi said...

അല്ലാഹുവല്ലാതെ വേറൊരു റബ്ബും ഇല്ലാന്ന്”
“അപ്പം ഈ അല്ലാഹു മരിച്ചാലോ?” ഞാന്‍ അവസാനത്തെ അപ്പീലു മാതിരി ചോയിച്ചു.
“അല്ലാഹുവിനു മരണമില്ല. അവനു രൂപവും പങ്കുകാരുമില്ല.”

കോറോത്ത് said...

ha ha ha...oru bhaaavi allahuvine ellarumkoote illandaakki..alendenthaa ippo paraya.. !

xxxx said...

Nice one... a Basheer touch..!

Raiz said...

onnum parayaanilla... as buetiful as it can get :)

ശ്രീ said...

ഹ ഹ. കലക്കീട്ടോ. ആ വ്യത്യസ്തമായ ശൈലിയിലൂടെയുള്ള അവതരണമാണ് ഏറ്റവും നന്നായത്.

എന്നാലും ഉസ്താദ് കാണിച്ചത് ഒരൊന്നര പണിയായിപ്പോയി. ;)

സനാതനന് ‍| sanathanan said...

കുറേ നാളുകൾക്കു ശേഷമാണ് ചട്ടിക്കരി വായിക്കുന്നത്. പഴയ എഴുത്തിന്റെ ചടുലതയും അനായാസമായ ശൈലിയും എവിടെയോ നഷ്ടമായപോലെ തോന്നി. ഐശിബിശൈലിയിൽ വാക്കുകളെ ഉറപ്പിക്കാൻ ഒരൽ‌പ്പം മനപൂർവമായ ശ്രമം ഉള്ളപോലെ...എന്നാലും രസിപ്പിക്കുന്ന എഴുത്ത്.

Aisibi said...

@കോറോത്ത്: എന്ത് പറയാനാ?
@എക്‌സന്‍ : നന്ദി, ബഷീറ്ന്നൊക്കെ പറഞ്ഞാല്‍ എനിക്ക് അത്‌ താങ്ങാന്‌ള്ള പവ്വറില്ലേ..
റൈസേ : ഇങ്ങളെന്നെ എന്റെ ഏറ്റോം മുയുത്ത ചക്ക!!!
@ ശ്രീ : :)
@സനാതനന്‍: സെരിയാ ഇങ്ങള് പറഞ്ഞത്, എഴുതുംബോലും എനിക്ക് ഒരു ആയാസം തോന്നാതിരുന്നില്ല.

കുമാരന്‍ | kumaran said...

എമ്മാതിരി എയ്ത്താണിത്..!!
അടിപൊളി ലാംഗ്വേജ്..
തുടരുക.

reshma said...

this lil post sort of rejuvenated me :Dkeep writing. God bless you:D

Aisibi said...

@ കുമാരന്‍: നന്ദി.
‍@ Reshma : Thanks, honoured to rejuvenate you :D

THE LIGHTS said...

paramakarunikanum,karunavaridhiyumaya nathante namathil അല്ലാഹുവിനു മരണമില്ല. അവനു രൂപവും പങ്കുകാരുമില്ല.”

Aisibi said...

@ the lights: ഇങ്ങള് ഇത്രേം കാലം എവിടേയ്നി?! ഇതൊക്കെ ആദ്യേ പറയാന്‍ ഒരാളില്ലാത്തോണ്ട് ഞാന്‍ അനുഭവിച്ച പെടാപ്പാട്!!

samshayalu said...

kettarinju ethiyathanu.....
sangathi jorayittundu....
ellam vayichu nokkiyittu pinnem varam

Anoop said...

adeepoli ezuthannuu (ittu najagal PALA karuday "f(b)ashaya" nuu) :)

Sharikyum cheripechuu -- Ezuthuu vayechum ..Pennaii enikyu vanaa kallaa vayaru vedana kalay kurichorthumm...

Kurachuu veshamichanuu enkilumm vayana continue cheyunnuuu .. iniyum ezuthukaa

Aisibi said...

സംശയാലൂ: വന്നതിനു നന്ദി, കമ്മന്റാൻ സമയം കണ്ടെത്തിയതിനും... പുതിയ കമന്റുകൽ വായിക്കുമ്പോൾ ഭയങ്കരമായി സന്തോഷിക്കാറുണ്ട്... വീണ്ടും വരിക.

അനൂപ്: നന്ദി, വന്നതിനും ആസ്വദിച്ചതിനും. എന്റെ ഭാഷ തെക്കന്മാരെ ഒത്തിരി വിഷമിപ്പിക്കാറുണ്ട് എന്ന് അറിയാം. എന്റെ പിയാപ്ലയും ഒരു തെക്കനാ, ഞാൻ കൊയ കൊയാന്ന് പറഞ്ഞ് മൂപ്പർക്ക് എന്തെങ്കിലും മനസ്സിലാവണമെങ്കിൽ കൊറച്ച് എടങ്ങേറാ.. :)

Anoop said...
This comment has been removed by the author.
Ashhad said...

better than de best.

Saleel Chembayil said...

came to know about your blogs from last week's manorama feature. so pleased to know that you are associated with Greenpeace and you are from Calicut. It was interstingly coincidenatl that we had a delegation from Greenpeace a couple of weeks back at office and we sincerely co opertaed with them as i have been intersted in its activities for a lnong time. its sweeter now that the program corodinator is from calicut.I am not from calicut but I am a puthiappla in a calicut family. Living in delhi with family. Blog is amazing i haven't had such a great malyalam reading since long. will follow it regularly right from today.

ദൈവം said...

ന്റൈസൂ....
നുമ്മ ദേ ആയുധോം വച്ച് കീഴടങ്ങിയേക്കണു! :)

ചത്തുകളയാനൊന്നും ഉദ്ദേശമില്ലെങ്കിലും ഒന്നു റെസ്റ്റ് എടുത്താലോ, എവിടേക്കെങ്കിലും ഒരു ടൂർ പോയാലോ എന്നൊക്കെ ആലോചിച്ചിരിക്കുവാരുന്നു. പറ്റിയ ആളെ പകരം കിട്ടണ്ടേ?
എന്തായാലും ഐസീബീനെ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു.
തൽക്കാലം സ്വർഗ്ഗോം നരകോം ഒന്നു മാനേജ് ചെയ്യ്; ഒരിന്റേൺഷിപ്പ് :)
ഉപ്പാപ്പക്കുള്ള പൊരേം ഉമ്മാക്കുള്ള ചട്ടീം ഇതിനിടേൽ ശരിയാക്കിക്കോ, ഉസ്താദിന്റെ കാര്യോം നമുക്ക് നോക്കാം. :)

Eppadi?