Monday, January 23, 2012

ലുങ്കി കമ്മിഷണര്‍

മഷിയും ഉച്ചക്കത്തെ ഉപ്പ്സോഡി കളിച്ചപ്പം പറ്റിയ ചേറും കൊണ്ട്; നിറം മാറിയ കീസേയ്ന്നും- കണ്ണൂം തുറിച്ച്, തുപ്പലു പോലും ഇറക്കാണ്ട്,വെളറിയ (ഒരു മാതിരി പൂപ്പല് പിടിച്ച പല്ലിയെ ഓര്‍മ്മിപ്പിക്കുന്ന) മുഖമുള്ള ഒരു നെരുന്ത് ചെക്കന്‍ ന്റെ മുന്നില് വന്നു നിന്നു ഒരു കള്ളാസ് എടുത്ത് നീട്ടി. ഇതെന്താ എന്നും കൂടി ചോയിക്കാണ്ട്, വേറെ ആരെങ്കിലും മാങ്ങുന്നതിനു മുമ്പേ എനിക്ക് വേണം എന്ന പരിശുദ്ധമായ ആക്രാന്ത മനോഭാവത്തില്‍; എവ്ടുന്നോ ഇസ്‌ക്കിയ ഒരു മഞ്ഞ ലെറ്റര്‍ പാഡിന്റെ കടലാസുങ്കണ്ടം  ഞാന്‍ തുറന്നു:
" എന്റെ ഹൃദയത്തിനു പ്രാപ്യമായ ആഴത്തില്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു... കണ്ണീരിലും പുഞ്ചിരിയിലും ഈ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ദൈവം അനുവദിച്ചാല്‍ ഞാന്‍ നിന്നും ഇതിലുമേറെ സ്നേഹിക്കും. എന്റെ സ്നേഹത്തിന്റെ പുസ്തകത്തില് വെച്ച ഒരു റോസ് പോലെ ആണെന്റെ പ്രണയം, അതിനു സുഗന്ധം ഇല്ലായിരിക്കും, എന്നാല് എപ്പോയും ഇതിന്റെ സാന്നിധ്യം  ഇണ്ടായിരിക്കും നിന്റെ ജീവിതത്തില്..."

ഭാഷ സംസ്കൃതം ആയതോണ്ട്  ലൌ ലെറ്റര്‍ ആണോ അതോ പിരിവിന്റെ വല്ല നോട്ടീസുമാണോ എന്ന് മനസ്സിലാവാണ്ട് ഞാന്‍ ഒരു അണ കുറഞ്ഞ നിര്‍ത്തം നിന്നു.
"ഐ ലവ് യു ... എനിക്ക് അന്നെ തോനെ ഇസ്ട്ടാ"  കണ്ടം പെന്‍സിലിന്റെ അത്രള്ളോനു  ഡബ്ബറുങ്കണ്ടത്തിന്റെ അത്രള്ളോളോട്, 'അമീര്‍ക്കാന്റെ മാതിരി' എന്ന് ഓന് മാത്രം  തോന്നിയ ഭാവാഭിനയത്തില്‍ പറഞ്ഞു.

"എനിക്ക് മാണ്ടാ" എന്ന് വളരെ ദയനീയമായി കണ്ണ് നൊറച്ചും കൊണ്ട് ഞാന്‍ വിക്കി. കണ്ട ചെക്കന്മാരോട് കത്തും വാങ്ങി തറവാട്ടിലേക്ക് പോണ്ടിയേയുള്ളൂ... "ഓനും ഓളും ലോഹ്യത്തിലാണ് പോലും..." എന്ന് തീട്ടം മണത്ത പോലുള്ള മോന്തയും വെച്ച് ഉമ്മാമ്മ-ഉമ്മ-അമ്മായി-എളാമ എന്നുള്ള  സ്ത്രീഗണങ്ങളൊക്കെ അടക്കം പറയുന്നത്  എത്തരയോ പ്രാവശ്യം കേട്ടത് ഒര് അസരീരിയായി-  ടേപ്പ് കുടുങ്ങിയ പോലെ കണ്ടിന്യുയസ്സായി എന്റെ അടക്കാത്തലന്റെ ബാക്കിലൂടെ നിര്‍ത്താതെ കളിക്ക്ന്നൂണ്ട്. അതു കൊണ്ട് തന്നെ "ലോഹ്യം കൂടുന്നത്" സാധാരണ ഒച്ചയില് പോലും പറയാന്‍ പറ്റുന്ന പ്രവര്‍ത്തിയല്ല എന്ന് ഞാന്‍ ബുദ്ധിപൂര്‍വ്വം മനസ്സിലാക്കീനിം.

"അന്‍റെ പേരെനിക്ക് അറീല എന്നാലും അന്നെ ഞാന്‍ ദൌസോം ബസ്സിന്നും കാണും.അന്‍റെ ബസ്റ്റോപ്പിലെത്ത്ന്ന വെരെ എന്റെ നെഞ്ചിനൌത്ത് ഒര് പെടപ്പാ, കാരണം ചെലേ ദൌസം നീ ഏയേ കാലിന്റെ അരുണ്‍ മോട്ടൊസില് കേറി പോവും.അന്ന് അന്നെ കാണാണ്ട് സ്കൂളില് പോയാ ഒരു മായിരിയാണ്.വൈന്നേരം നീ രാജുമാഷൌടെ ട്യൂഷനു പോകുമ്പം ഞാനും അന്റെ പൊറകേ പോരല്ണ്ട്, എന്റെ ബസ്സ് മോടലുസ്ക്കൂളിന്റെ അവിടുന്നാ.രാജൂമാഷവിടെ ട്യൂഷന് ചേരാന് അച്ചന്‍ സമ്മെയ്ക്കിന്നില്ല, അതോണ്ടാ... ഉച്ചക്ക് അന്റെ ക്ലാസിന്റെ അരമതില്‍ന്റപ്പുറത്തുന്നും അന്നെ കാണാന് ഞാനും ആഷിക്കും കൂടി വരല്ണ്ട്. ഓന് ബയങ്കര പേടിയാ, പോളച്ചന്‍ പിടിച്ചാ വെലിയ കൊയപ്പാവും അതോണ്ടാ. എനിക്ക് അതു പുല്ലാ... എന്താന്നെച്ചാ അന്നെ എനിക്ക് തോനെ ഇഷ്ടാ. അതോണ്ട് ഇത് മാങ്ങീല്ലെങ്കില്‍ ഞാമ്പോവ്വൂല"


"ഞാനുപ്പാനോട് പറഞ്ഞു കൊട്ക്കും" എന്ന വളരെ മച്യൂരായ ഭീഷണി മോയക്കി ഞാന്‍ താടീം മൂക്കും വെറപ്പിച്ച്  കണ്ണ് ഒക്കെ പരമാവധി നിറച്ച്, മൂക്കിന്നും അഥവാ ഒലിച്ചാല്‍ തുടക്കാന്‍ വേണ്ടിയും ഒരു ധൈര്യത്തിനുമായി ടൈയും മുറുക്കി പിടിച്ച് , ഇപ്പം കരയും എന്ന പോസില്‍ നിന്നു.

ന്റെ മുന്നില് നിക്കുന്ന രമണന്‍ യാതൊരു കൂസലുമില്ല! പ്രേമത്തില്‍ "ഞാന്‍ ഉപ്പാനോട് പറഞ്ഞു കൊടുക്കും" എന്നത് പിന്മാറാനുള്ള ഒരു കാരണമായി പ്രേമിക്കന്നവരുടെ അസോസിയേഷന്‍ അംഗീഗരിക്കാത്ത കാര്യം ചട്ടിപത്തിരിയും തിന്നു നടക്കുന്ന നമ്മളുണ്ടോ അറിയുന്നു?  രമണന്റെ മോന്തമ്മല് വിളയാടുന്ന കൂസലില്ലായ്മ കണ്ടിറ്റ് ഒരു സിമ്പിള്‍ ഉപ്പ പോര എന്ന് മനസ്സിലായി... ഞാന്‍ ഒന്ന് നിവര്‍ന്നു നിന്നുങ്കാണ്ട് പറഞ്ഞു "ന്റെ ഉപ്പാപ്പ പോലീസാ. ഐ.പി.എസ് പോലീസ് ". രമണന്റെ സ്നേകത്തിന് ഒരു ചെറീയെ എളക്കം തട്ടിയത് ഓന്റെ മോന്തംമല് വിടര്‍ന്നു നിന്ന പൂമന്തഹാസം ഒരു കാലിഞ്ച് കൊറഞ്ഞപ്പം വ്യക്തമായും ശക്തമായും എനിക്ക് മനസ്സിലായി. രമണന്‍ ഒന്നുമ്പാടെ വെറച്ചോട്ടെ എന്ന് വിചാരിച്ചു ഞാന്‍ ഒന്നുംപാടി മൂപ്പിച്ചു കോരി "തോക്കൊക്കെയുള്ള പോലീസാ"!!  എന്നിട്ട് മൂക്കിന്നും ഒലിച്ചു വന്നത് നല്ല ഊക്കോടെ വലിച്ചു കേറ്റി, കണ്ണ് രണ്ടും അമര്‍ത്തി തൊടച്ച് "ഫാ പുല്ലേ, ജസ്റ്റ് റിമെംബര്‍ ദാറ്റ് , ഓര്‍മ്മയുണ്ടോ ഈ മുഖം, സവാരി ഗിരി ഗിരി, നിനക്കൊന്നും അറിയില്ല കാരണം നീ കുട്ടിയാണ്" മുതലായ എല്ലാ കുപ്പിച്ചില്ല് ഡയലോഗും മനസ്സില്‍ പറഞ്ഞു, അതിനു മാച്ച് ചെയ്യുന്ന ഒരു നടത്തവും ഫിറ്റ്‌ ചെയ്തു ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്ക് വെച്ചു പിടിച്ചു. 

അങ്ങനെ എന്റെ ആദ്യ കാമുകനെ നിസ്ക്കരുണം ഇല്ലായ്മ ചെയ്ത് , "എന്തെല്ലാം എന്തെല്ലാം സൊപ്നങ്ങളാണെന്നോ, എന്തെല്ലാം എന്തെല്ലാം മോഗങ്ങളാനെന്നോ" എന്ന് മനസ്സില്‍ ഒരു പാട്ടൊക്കെ ഫിറ്റ്‌ ചെയ്തു വീട്ടിലേക്ക് വെച്ച് പിടിച്ചു. വീട്ടിലെത്തിയപ്പോള്‍ വീട്ടു മുറ്റത്ത്‌ ഒരു ചെറിയ ആള്‍ക്കൂട്ടം ഓട്ടുമ്പൊറത്തേക്ക് കണ്ണും നട്ടു നിക്കുന്നു. വല്ല ഉള്‍ക്കയോ തേങ്ങയോ വീണോ? സൂക്ഷിച്ചു നോക്കിയപ്പോള്‍ ടാങ്കിന്റെ ബാക്കില്‍ ഒരു ചെറിയ തല കാണുന്നുണ്ട്.
"എറങ്ങി വാടാ കള്ള ബലാലെ തായോട്ട്, അന്റെ കയ്യും കാലും ഞാന്‍ കൊത്തി ചാടും ഇബിലീസേ" എന്ന് ഗ്രൗണ്ടില്‍ നിന്നും ഒരു അശരീരി ...പ്രക്ഷേപണം വന്ന ടവറിലേക്ക് നോക്കിയപ്പം; ഉപ്പാപ്പ!!! (വന്‍ ആന്‍ഡ്‌ ഒണ്ലി പൂക്കാക്ക).
"ഇമ്മൂപ്പര് മദിരാശീന്നും എപ്പം മന്നു?" ഞാന്‍ കണ്ണും തൊള്ളയും കൊണ്ട് അനിക്ക് ടെലിഗ്രാം അയച്ചു.
"ഇന്നുച്ചക്ക്" അനിന്റെ മറുപടി ഗോഷ്ട്ടി വന്നു. ബെല്ലും ബ്രേക്കും സമണ്ടിനു പരിധികളുമില്ലാത്ത ദിനരാത്രങ്ങളെ... വിട വിട നിങ്ങള്‍ക്കു ഇമ്മിണി ബല്യ ബിട!!  ഓട്ടുമ്പൊറത്തെ തല നേരിടുന്ന വികലാംഗ ഭാവിയിലേക്ക് നമുക്ക് തിരിച്ചു വരാം... 

വീണ്ടും ഒരു ടെലിഗ്രാം അനി അവര്‍കള്‍ക്ക് "തല ആരാ?"

"ചാപ്പിക്കാ" അനി ഗോഷ്ട്ടിച്ചു. ഖദീജ പൂക്കാക്ക ദമ്പതികളുടെ കുഞ്ഞോമന പുത്രന്‍ അബ്ദുല്‍ ഷാഫി അയ്മദ്.

ഓ മൈ ഗോഡ് , പുവര്‍ പുവര്‍ ചാപ് ... അല്ലങ്കിലേ അലര്‍ജി കാരണം തുമ്മലും ചീറ്റലും ഒയിഞ്ഞ നേരമില്ല; കയ്യും കൂടി കൊത്തി കളഞ്ഞാല്‍ എങ്ങനെ മൂക്കും കണ്ണും തൊടക്കും? വളരെ ടിം ഭാവിയാണ്. 

എന്താണ് മേല്‍പ്പറഞ്ഞ തല ചെയ്ത ബലാലിസം? ഞാന്‍ വീണ്ടും കടക്കണ്ണിന്‍ മുന കൊണ്ട് കത്തെഴുതി പോഷ്റ്റ് ചെയ്തു... 

അനി ഓന്റെ കടക്കണ്ണ്‍ കൊണ്ട് അടുക്കള ചായ്പിന്റെ അങ്ങോട്ട്‌ വിരല് ചൂണ്ടി. വിരലിന്റെ പുറകെ വെച്ചു പിടിച്ച എന്റെ കണ്ണ് കണ്ടത് തിരുമ്പി ആറാനിട്ട ഉപ്പാപന്റെ വെള്ള ഷഡികളുടെ കൊടിക്കൂറകള്‍ !

"എന്നാലും എന്റെ ചാപ്പിക്കാ ഇങ്ങക്ക് ഈ തറവാട്ടില്‍ വേറെ ആര ഷഡിയും കിട്ടീലെ എടുത്ത് ചാര്‍ത്താന്‍? ഈറ്റ പുലിന്റെ ഷഡി തന്നെ കൂറക്ക് ഇടണം എന്ന് വാശി പിടിച്ചാല്‍ ഇങ്ങനെയിരിക്കും! ഇനി ഷഡി കേറ്റാന്‍ കയ്യും ഇല്ല കാലും ഇല്ല എന്ന ഗതി ആയിലെ?" എന്നൊക്കെ ഞാന്‍ ഊന്നി ഊന്നി മനസ്സില്‍ ചോദിക്കുമ്പോഴാണ് എനിക്ക് വേറെ ഒരു കാര്യം പെട്ടന്ന്‍ ഓര്‍മ്മ വന്നത്.. പതുക്കെ അനിന്റെ അടുത്തേക്ക് നീങ്ങി ഞാന്‍ സ്വകാരിച്ചു "അയിനു ചാപ്പികാക്ക് ഉപ്പപ്പന്റെ ഷഡി കൊള്ളൂലാലോ?"


അനി ആദ്യം എന്നെ ഒന്ന് നോക്കി പിന്നെ ഇളം കാറ്റില്‍ ഉണങ്ങി ആടുന്ന ഷഡികളിലേക്കും... "ഷഡി അല്ല മൊയെ... ഉപ്പാപന്റെ സൈക്കിള്‍ നോക്ക്"

"അയിനു ഉപ്പപ്പന്റെ സൈക്കിള്‍ എവിടണ്ട്? അവിടെ ഒരു കര്‍ത്ത സൈക്കിള്‍ അല്ലെ?" ഉപ്പാപ്പ ദൌസോം രാവിലെ സോപ്പിട്ടു കഴുകി എണ്ണയിട്ടു തൊടച്ച് വിമ്മിന്റെ പരസ്യം പോലെയുള്ള ഹീറോ സൈക്കിള്‍ അവിടൊന്നും ഞാന്‍ കണ്ടില്ല.

"അതെന്നാണ്‌ ഉപ്പാപ്പന്റെ സൈക്കിള്‍. ചാപ്പിക്കാ അയിമല് റഫീക്കാ ദുബെയ്ന്നും കൊണ്ടാന്ന ഫ്രേ പെയിന്റ് അടിച്ചതാ"

ഞാന്‍ അന്തം വിട്ടു നോക്കി നിന്നു! റിമ്മടക്കം ടാറില് മുക്കി എടുത്ത് , പയേ  സൈക്കിളിന്റെ നെയല് പോലെ ഒരു സാധനം. കയ്യും കാലും എന്തായാലും പോകും എന്നറിഞ്ഞും കൊണ്ട്, സൈക്കിളിനു തന്നെ പെയിന്റ് അടിക്കണെയ്നോ? അത്രക്ക് പൂതി ഇണ്ടങ്കില്‍ വല്ല വീല്‍ച്ചെയരിനും ആയിക്കൂടെയ്നോ? ഒരു ഉപയോഗമെങ്കിലും ഇണ്ടാവേയ്നീ പൊന്നു ചാപ്പിക്കാ... ഐ വില്‍ മിസ്സ്‌ യൂ.

ഇറച്ചി വെട്ടുന്നത് കണ്ടാല്‍ പിന്നെ ഇറച്ചി തിന്നാന്‍ പറ്റൂലാ എന്ന് ആരോ പറഞ്ഞത് ഓര്‍മ്മയുള്ളതോണ്ട്, തുടര്‍ന്നുള്ള കാര്യപരിവാടികള്‍ ഒയിവാക്കി ഞാന്‍ ചായേം കടീം ലാക്കാക്കി നടന്നു.

ചായ കുടീം കഴിഞ്ഞു, ചാപ്പിവധം രണ്ടാം കണ്ടം കാണാന്‍, കയ്യിലൊരു പകുതി കടിച്ച സമൂസയും കൊണ്ട് നിക്കുമ്പോള്ണ്ട് നമ്മളെ രാവിലത്തെ കാമുകന്‍ ഒരു വെളുത്ത് മെലിഞ്ഞ മുണ്ടുധാരിയുടെ കൂടെ വരുന്നു. എന്റെ വയറ്റില്‍ നിന്നും നാലഞ്ചു ഉണ്ടകള്‍ ലിവറു വഴി ഹാര്ട്ടിലേക്ക് അതിവേഗ മിസൈല് പോലെ പാഞ്ഞു കേറി. ഇന്നിവിടെ കാലും കയ്യും തൂക്കി വിക്കാന്‍ ഇഷ്ട്ടം പോലെ ഉണ്ടാകും- ചാപ്പിക്കന്റെയും എന്റെയും പിന്നെ ഓന്റെയും. എന്റെ തലയും ചിലപ്പോള്‍ കാണും. ഓനും എന്നെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടിയ പോലെ...

അപ്പോള്‍ ഞാന്‍ ഓനോട്‌ പറഞ്ഞ "ഐ.പി. എസ്" പൂക്കാക്ക ഒരു ലുങ്കിയും ഉടുത്ത്, പള്ളയും ചാടിച്ച്, ബൂട്ട്സ് പോയിട്ട് ഒരു ഹവായി ചെരുപ്പ് പോലും ഇടാണ്ട് കയ്യില്‍ നമ്മള് ക്രിക്കറ്റ് കളിക്കാന്‍ സുബയിത്താന കൊണ്ട് ഡിസൈന്‍ ചെയ്യിപ്പിച്ച മട്ടലും കൊണ്ട് മൂരി മുക്കറയിടുന്ന പോലെ കിതച്ചും കൊണ്ട് "സുവറെ, നീ എപ്പം എറങ്ങി മന്നാലും നിന്‍റെ മയ്യത്ത് ഞാന്‍ എടുക്കും ഇബിലീസേ"  എന്ന കൊടും ഭീഷണികള്‍ മുഴക്കി നില്ക്കുകയാ. സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനുമായി ദൂര്‍ ദൂര്‍ കാ ബന്ധം പോലും ഒരു സൈടിന്നും കാണാനുമില്ല...

നീണ്ടു മെലിഞ്ഞ മനുഷ്യന്‍ ഉപ്പാപ്പന്റെ അടുത്തെത്തി "ഉപ്പാപ്പാ" എന്ന് വിളിച്ചപ്പോള്‍ എനിക്ക് ഉറപ്പായി നീണ്ടു മെലിഞ്ഞു വെളുത്ത കയ്യും കാലും കൂടി കൂട്ടത്തില്‍ ഉണ്ടാകും.

"ഉപ്പാപ്പാ, മദിരാശീന്നും എപ്പം വന്നു?" എന്‍. എം മാന്‍ (നീണ്ടു മെലിഞ്ഞ) ചോയിച്ചു.

"ആ ജോണ് വന്നോ? ഞാന്‍ ഉച്ചക്കത്തെ വണ്ടിക്ക് എറങ്ങി. ധാ അതാണ്‌ സൈക്കിള്‍.. എന്തെങ്കിലും ചെയ്യാന്‍ പറ്റോന്ന്‍ നോക്ക്... "

എന്റെ ഹാര്‍ട്ടിലെ ഉണ്ടകളൊക്കെ തിരിച്ചു അതാതു സ്ഥലങ്ങളിലേക്ക് മടങ്ങി. ഓ സൈക്കിള്‍ മെക്കാനിക്കാ അല്ലെ? ബാക്കി സമൂസയും പല്ല് തൊടാതെ മിണ്‌ങ്ങി ഞാന്‍ നടന്നു. അപ്പോള്‍ ബാക്കില്‍ നിന്നും കാമുകന്റെ സ്വരം "ഇതാണോ പോലീസുപ്പാപ്പ?"
"പോലീസോ? ഇവിടാരാ പോലീസ്?? എനിക്ക് മദിരാശീല് പീടിയാ..." ലുങ്കിയും ഉടുത്ത് പള്ളയും തടവി പൂക്കാക്ക പറഞ്ഞു.

എന്റെ വയറ്റിലെ ഉണ്ടകള്‍ വീണ്ടും ഇറങ്ങി പായാന്‍ തൊടങ്ങി... പക്സെഹ് എന്തായാലും കയ്യും കാലും വികലാംഗ പെന്‍ഷനും ഒയിവായി കിട്ടിയല്ലോ. ഒയിവാവാതെ ഒരു കാര്യം മാത്രം ബാക്കിയായി "ലുങ്കി കമ്മിഷണര്‍" എന്ന്‍ ദൌസോം വൈന്നേരം രാജുമാഷെ വീട്ടിന്റെ പുറത്തുന്നും നീട്ടിയ വിളി!




Friday, April 8, 2011

അണ്ടി കച്ചോടം...

"ഹലോ ഉമ്മാ അബില്ലെ ഔടെ?"

"അലോ... ആരാ റഫീക്കാ?"

"ആങ്ങ്ഉമ്മാ അബില്ലെ ഔടെ?"

"ഇല്ലെടാ, ഓനും ഷൌക്കൂം, ആയിസേം, ആമീം, നുച്ചൂം കൂടി പൊറൊത്തോയീന്"

"കല്ല്യാണതിന്റെ തലേന്നാ സര്‍ക്കീട്ട്? പൊരെയ്ല് ആള് വെര്മ്പം പിയാപ്പളേം മേണ്ടോലും ഇല്ലാണ്ടെങ്ങനെയാ? എബടെ പോയതാ?"

"അതബിന്റെ സാമാനം മാങ്ങാന്"

"അബിന്റെ സാമാനതിന് എന്ത് പറ്റി?"

"അല്ലെടാ...ഇള്ളത് പയേതല്ലെ? കല്ല്യാണതിന് പുതിയേത് മേണ്ടേ. ഈ പയേതും വെച്ച്..കൊറവല്ലെ? ഓനാണെങ്കില് ഒരു തിരിപാടും ഇല്ല, അതോണ്ടാ നുച്ചൂനേം ആയിസനേം എല്ലാരീം കൂടെ അയച്ചത്. ഓരാവുമ്പം വെല്ലാണ്ട് പൈസല്ലാണ്ട് നല്ല സാമാനം നോക്കി മാങ്ങിക്കോളും അതാ.."

"കല്ല്യാണതിന് മാങ്ങ്ന്ന സാമാനല്ലെ ഉമ്മാ? അപ്പം പിന്നെ എന്തിന ബെറ്തെ പൈസക്കണക്ക് നോക്ക്ന്നേ?"

ഈ സാമാനം എന്നു പറന്ഞത് അബിക്ക്ള്ള ബനിയന്‍, ടൌവ്വല്, ഷെഡ്ഡി, സോക്സ് മുതലായ അനാദികളാണ് എന്നു വ്യക്തമാക്കി കൊള്ളട്ടേ...

അബി വലിയ സംഭവമൊന്നുമല്ല, അതായത് ആയിരുന്നില്ല... ഏയാങ്ക്ളാസീ മൂന്നാമതും തോറ്റപ്പം അസ്സുക്കാക്കയാണ് പിടിച്ച് അയ്മദാക്കന്റെ പീടിയേലാക്കി കൊട്‌ത്തത്. അയമ്മദാക്ക തിരിച്ച് തിരിച്ച് ട്യൂണെയ്തെട്ത്ത മൊറം പോലത്തെ ചെവിയും വെച്ച് അബി കച്ചോടം പടിച്ചു.

"ഇനി ഓന് മേണങ്കി ഒരു നാട് ഗവണ്‍മെന്റിന് ബിക്കാം" എന്ന് അയമ്മദാക്ക് സര്‍ട്ടിക്കറ്റ് കൊടത്തേയ്ന്റെ പിറ്റേന്നത്തെ ആയ്ച്ച അബി സൊന്തം കച്ചോടം തൊടങ്ങാന്‍ തേരുമാനിച്ചു. എന്ത് തൊടങ്ങണം എന്നു പൊരിന്ഞ ആലോസന... ഓന്റെ ലങ്കോട്ടി ദോസ്തായ ഉസ്മാനിനെയും കൂട്ടി ആലോസനക്ക്...

"കോയിക്കോട് ഏറ്റോം ചെലവ് ഏതിനാ?" ഉസ്മാന്‍ അബിനോട് ചോയിച്ചു.

"ആ... നീ പറി, എന്തിനാ?" അബി കൈ മലത്തി.

"അണ്ടിക്ക്!!"

"അയ്യേ, അതൊന്നും ഇസ്ലാമിന് നെരക്ക്ന്ന പണിയാ സ്മാനേ?"

"പോ മോയന്തേ അവിടുന്നും! കസൂവണ്ടി! ബിരിയാന്ന് മേണം, ചട്ടിപ്പത്തിരിക്ക് മേണം , ഉന്നക്കായിക്ക് മേണം, പയന്നൊറച്ചെയ്ന് മേണം, നെയ്ച്ചോറിന് മേണം..." ഉസ്മാന്‍ വെരല് മടക്കി മടക്കി ബോധിപ്പിച്ചു.

അങ്ങനെയാണ് അബി അണ്ടിക്കച്ചോടം തൊടങ്ങുന്നത്. പിന്നെ അബിക്ക് തിരിന്ഞോക്കേണ്ടി വന്നിട്ടില്ല. കര്‍ണാടേയ്ന്നും ബോമ്പായിന്നും ലോറിക്കണക്കിന് കോളിറ്റി അണ്ടികള് പാന്ഞു കളിച്ചു. അബിന്റെ കച്ചോടത്തിന്റെ മെഹബ് മൂപ്പരെ ചാടിയ പള്ള വിളിച്ചു പറന്ഞു.

"ഓനൊരു ഇരുത്തം ബന്ന്‍ക്ക്ന്ന്, കൈമല് ചെലവാക്കാന് കായി മന്ന് കയിന്ഞാല് പിന്നെ വെച്ച് താമസിപ്പിക്കാണ്ട് ഒരു ബീടരെ കയ്യിലേല്പ്പിക്കാന്ള്ള പണി നോക്കണം".ഒസ്സാന്‍ബളപ്പിലെ ഹമീദ്ക്കാന്റെ ചെറിയോള് ആരിഫക്ക് അങ്ങനെ അബിനെ ഒറപ്പിച്ചു.

നിക്കാഹ് വെരുന്ന മാസം ആദ്യത്തെ ജുമാക്ക് പള്ളീന്നും ജുമാ ശേഷം നടത്താന് തീരുമാനമായി. അയിനേഷം പെണ്ണിന്റെ പൊരെയ്ന്നും ചോറും; പിറ്റേന്ന് തറവാട്ടിന്നും വീട്ടിക്കൂടലും.

കുത്ത്ബ നടന്നോണ്ടിരിക്കുമ്പം അബിക്ക് ഫോണ് വന്നോണ്ടിരിക്കുന്നു. അബി ഫോണെടുക്കുന്നു ബേജാറായി എന്തൊക്കെയോ പറയുന്നു, വിയര്‍ക്കുന്നു വന്നിരിക്കുന്നു..പിന്നേം ഫോണെടുക്കാന്‍ പോകുന്നു...അകെ മൊത്തം ബേജാറും ബെരുത്തോം... എല്ലാരും നോക്കുന്നുമുണ്ട്.

"ടാ, നീയെന്താണ്ടാ തീട്ടം കണ്ട ഈച്ചനെ പോലെ കെടന്ന് കുന്തം മറീന്ന്... അടങ്ങിരിക്ക്.. ആ ഫോണൊഫാക്കിട്!"- മൂത്താപ്പ ഒറക്കെ സൊകാരിച്ചു!

"മൂത്താപ്പാ, കാദിരിക്കോയന്റെ ഫോണാ...ബോമ്പെയിന്നും വെര്ന്ന നമ്മള ലോറി പോസ്റ്റില് പിടിച്ചിട്ടീന്‌ന്ന്... ഏയെട്ട് ലക്ഷത്തിന് മൊതലാ.. ആകെ കൊയപ്പാവും.. എന്താപ്പം ചെയ്യാ? നമ്മക്കാരിക്കും ഇപ്പം പൊവ്വാനും പറ്റൂലാലൊ? എനിക്ക് ഒന്നും മനസ്സിലാവുന്നൂലാ.." അബിന്റെ കൊടവയറ് കൊറക്കാ‌ന്‍ പെഷലായി പറന്ഞ് തുന്നിച്ച നേറുന്റെ കളസം വിയ‌ര്‍പ്പില് തെളങ്ങി.

കണ്ണ് ചീനിലും ചെവി ലന്തനിലും എന്ന് പറയുന്നതിനു ഉത്തമോദാഹരണമായ ഇച്ചുകോയട്ടി എടെയില് കയറി- നമ്മളെ ഫ്രീയായി കിട്ടുന്ന ആ സാമാനമില്ലെ? ഹ! എല്ലാരും എല്ലാരിക്കും വാരിക്കോരി മേണോമേണ്ടേ എന്നു വെച്ച് ഒരു പിസുക്കും കാണിക്കാണ്ട് കൊട‌ക്ക്‍ന്ന സാമാനം? ഉപദേശ്! അതന്നെ! അതും കൊണ്ട് ! ബാക്കി എല്ലാ കാര്യത്തിനും ഇറുക്കീസാണെങ്കിലും ഉപദേസം, ആരാന്റെ കാര്യം, മറ്റുള്ളോലെ കുറ്റോം കൊറവും, ഫിത്ത്ന എന്നിവയില് വിസാലഹ്രിദയമാ ഇച്ചുകോയട്ടിക്ക്...

"ന്താ ബി? ന്താ പ്രസ്ണം?" ഒരു നിക്കാഹ് മൊടങ്ങിയാല് കടിച്ചു പറിക്കാന്‍ ഒന്നു രണ്ടായ്ച്ചത്തേക്ക് എറച്ചിയായല്ലോ? പക്ഷെ ചമ്മിയത് ഇച്ചുകോയട്ടി! "ഏ? എയു ലക്സോ? എന്നിട്ടാ? നീയൊരു കാര്യം ചെയ്യ്... ഖുത്ത്ബ കയ്യുമ്പം, പ്രസ്ണം എന്താന്ന് ചുരുക്കതില് എയുതി ദുആക്ക് ഒരു അപേക്ഷ എയുതി കൊടക്ക്. അല്ലാഹു ബിജാരിച്ചാ എല്ലന്നേരയാവും..."

അതെല്ലാര്‍ക്കും ബോധിച്ചു. എല്ലാം തവകല്‍ത്തു അലല്ലാ എന്ന് വിജാരിച്ചു സബൂറാക്കി കാത്ത് നില്‍ക്കുക. ഇച്ചുകോയട്ടി കത്തെയുതി മൊല്സായിവിനെ ഏല്പ്പിക്കാന്‍ പോയി. ഖുത്ത്ബ കയിന്ഞ് നിസ്ക്കാരത്തിന്റെ തൊട്ട് മുന്നം മൌലവി ഉമ്മര്‍ അന്നതെ ദുആക്കുള്ള അപേക്ഷകള്‍ വായിച്ചു തുടങ്ങും

"ഒരു സഹോദരി അറിയിക്കുന്നു..അവരുടെ മകന് അടുത്ത്യാഴ്ച്ച ദുബാഇയിലേക്ക് വിസ കിട്ടിയിട്ടുണ്ട്, എല്ലാം നന്നായി വരാന് ദുആ ചെയ്യാന്‍ അപേക്ഷിക്കുന്നു..."

"പി.പി ഹസ്സന്‍ കോയ സായിബ് അറിയിക്കുന്നു അവരുടെ കച്ചോടസമ്പന്തമായി നടക്കുന്ന കേസിന്റെ തീര്‍പ്പ് വരുന്ന ചൊവായ്ച്ചയാണ്. എല്ലാം നല്ലപോലെ നടക്കാനും അവര്‍ക്കു അനുകൂലമായ ഒരു വിധി ഉണ്ടാകാനും ദുആക്ക് അപേക്ഷിക്കുന്നു"

ഇങ്ങനെ ഒരു സഹോദരിയും സഹോദരനും അറിയിച്ചതൊക്കെ വായിച്ച ശേഷം അബിന്റെ ദുആക്കുള്ള അപേക്ഷ വായിച്ചു.

"ഇന്നു ഇവിടെ നിക്കാഹ് നടക്കുന്ന വരന്‍ ഹബീസ് ഹാഷിം സാഹിബിന്റെ ദുആക്കുള്ള അപേക്ഷയാണ്. അദ്ദേഹം അറിയിക്കുന്നതെന്തെന്ന് വെച്ചാല്‍, പ്രിയപ്പെട്ടോരെ കര്‍ണ്ണാടക ഗേറ്റില് എന്റെ അണ്ടി കുടുങ്ങിയിരിക്കുകയാണ്. വളരെയേറെ നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എത്രയും വേഗം അണ്ടി വിട്ടു കിട്ടാനും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ എത്താനും വേണ്ടി എല്ലാരും ദുആ ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു."

"എന്നാലും മോനെ നിക്കാഹിന്റന്ന് തന്നെ അന്റെ അണ്ടി കുടുങ്ങി പോയല്ലോ..." അബിന്റെ അടുത്തിരുന്ന കണ്ണിമ്മിക്കോയ ബെസമത്തോടെ അബിന്റെ പൊറത്ത് തട്ടി.

Monday, October 11, 2010

കോയിപുരാണം കണ്ടം ഒന്ന്

മുക്രീന്റകം തറവാടിലെ പുലിയായ പൂക്കാക്കയുടെ ഡാര്‍ളിങ്ങായ റോക്കി- ഉപ്പാപ്പ "റോക്കീ" എന്നു നീട്ടി വിളിച്ചാല് തൂറുന്നെയ്ന്റെടെയിലായാലും പറന്നു വെര്ന്ന നായ്- സ്നേഹം കൊണ്ടല്ല, പേടിച്ചിട്ട്. ഒരിക്കല് തേങ്ങ കക്കാന്‍ കേറിയ യൂനുസിനെ കൊരച്ചോണ്ട് പറമ്പിനു ചുറ്റും ഓടിച്ചപ്പം യൂനുസ് "ഉപ്പാപ്പാ.. അള്ളോ ഉപ്പാപ്പാ..." എന്നു കരന്ഞതും ഓട്ടം നിര്‍ത്തി മോങ്ങി കൊണ്ട് പാന്ഞ് കൂട്ടില് കേറി ഒളിച്ചവന്‍ റോക്കി!!!

ദിവസോം ലാവിലെ സുബൈസ്ക്കാരം കയിന്ഞാല് പേപ്പറെടുക്കാന്‍ പോവുമ്പം ഉപ്പാപ്പ റോക്കിനെ കൂട്ടീക്കേറ്റി കൂടടച്ചിട്ടാണ് പേപ്പറു വായന തുടങ്ങാറ്... ഒരു കരിദിനം നോ മാറ്റര്‍ വാട്ട്, റോക്കി കൂട്ടില് കേറുന്നില്ല.

"ഹമ്ക്ക് ബലാലെ, നിന്റെ കണ്ണ് ഞാന്‍ അടിച്ച് മുറിക്കും ഇബിലീസെ! കേറടാ കൂട്ടില്" ഉപ്പാപ്പ റോക്കിനെ പിടിച്ച് ഉന്തുന്നു, റോക്കി ദയനീയമായി മോങ്ങി കൊണ്ട് പുറകോട്ട് വലിയുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉന്ത് തള്ള് തെറി മോങ്ങ്. ആദ്യമായാണ് റോക്കി ഇമ്മായിരി അനുസരണക്കേട് കാണിക്കുന്നത്. പൂച്ചപൊരെയ്ലെ അബ്ദുറഹീമിനോട് കളിക്കാന്‍ പൂച്ച പോയിട്ട് നായി വരെ വളര്‍ന്നിട്ടില്ല... ആങ്ങ്ഹാ!! ഉപ്പാപ്പ റോക്കിനെ അനുസരണ പടിപ്പിക്കാന് ചെത്തി മിനുക്കി വെച്ച വടിയെട്ത്തു "പറീന്നേ അന്‍സരിക്കുന്നുണ്ടോ??"

"സോറി പൂക്കാക്കാ, ഇന്നിങ്ങള് എന്ത് പറന്ഞാലും കൂട്ടില് കേറ്ന്ന പരിവാടിയേ ഇല്ല" എന്ന് ദയനീയമായി മോങ്ങി കൊണ്ട് റോക്കി തീര്‍ത്തു പറന്ഞു.

ഉപ്പാപ്പന്റെ കുരു പൊട്ടി, "നായിന്റെ മോനെ, നീ കേറോ ഇല്ലേന്ന് ഞാനൊന്ന് നോക്കട്ടെ" എന്നും പറന്ഞ് ഉപ്പാപ്പ അവിടെ കൂട്ടിയിട്ട വെറകുകൊള്ളീന്നും ഒരു മട്ടലൂരിയെടുത്തു റോക്കിനെ അടിക്കാന്‍ ഓങ്ങിയതും റോക്കി വളരെ വളരെ ദയനീയമായി "ങ്ങൂ ങ്ങീ ഊ ഊ ഊഊഊഊഊഊഊഊ ങ്ങീ" എന്നു സങ്കട ഹര്‍ജി ബോധിപ്പിച്ചു. എന്നിട്ടും കിട്ടി റോക്കിക്ക് ചുട്ട ഒന്ന്...

"ദാ നോക്കീ, ഇങ്ങളാ പാവം നായിനെ ബെറ്തേ ബിടീന്ന്. ഓന് മേണ്ടപ്പം ഓന് കേറിക്കോളും, ഓന് തൂറാനേറ്റം മുട്ട്ന്ന്ണ്ടാവും... ഇമ്മായിരി കണ്ണി ചോരല്ലണ്ടാവരുത്! മിണ്ടാപ്രാണിയേളോട് വെരെ നരിനെ പോലെയാ" ഉമ്മാമ്മ അട്ക്കള ജനലിന്നും ഉപദേശിച്ചു.

"ഉപ്പാ, റോക്കിനെ വിട്" എന്ന് നെഞും വിരിച്ച് പറന്നെത്തിയ സാപ്പിക്ക് ആദ്യം മട്ടലോണ്ട് ഒരു വീക്ക് കിട്ടി "നീയെല്ലാരും കൂടിയാ ഈ നായിനെ ഇങ്ങനെ വസളാക്കിയത്! നായിനെ നായിന്റെ സ്ഥാനത്ത് നിറ്ത്തണം..."

അടുത്ത് വീക്കിന് റെഡിയായി നിക്കുന്ന ഉപ്പാപ്പ, കിട്ടിയ വീക്കും കൊണ്ട് നിക്കുന്ന സാപ്പി, ഇപ്പം കിട്ടും വീക്ക് എന്ന പ്രതീക്ഷയുമായി നിക്കുന്ന് റോക്കി, അടുത്ത വീക്ക് അബി കാണുന്നതിന്റെ മുമ്പേ എനിക്ക് കാണണം എന്ന പൂതിയുമായി നിക്കുന്ന ഞാന്‍. ഈ സീനിലേക്കാണ് റോക്കിന്റെ കൂടിന്റെ വാതില് തുറന്നു ഒരു കോയി "ആരാ എന്നെ ഉണര്‍ത്തിയത്?" എന്ന ലുക്കുമായി വരുന്നത്. നമ്മുടെയൊക്കെ നില്പ്പു കണ്ടതും മൂപ്പിലാന്‍ "എടത്തേ ചിറ്ക് മുന്നോട്ട്... വലത്തെ കാല് പിന്നോട്ട്... പറന്നു കൊത്തി.. താഴ്ന്നു മാന്തി" എന്ന് കളരി പൊസിഷനിലേക്ക് നീങ്ങിയതും, മട്ടലും എറിന്ഞ് മുണ്ട് മടക്കി ഉപ്പാപ്പ വീട്ടിലേക്കും, സാപ്പി അടുക്കള പൊറത്തേക്കും, റോക്കി സാപ്പിക്കാന്റെ പിന്നാലേയും, നമ്മളു ചില്ലറകള് ഉപ്പാപ്പന്റെ പൊറകേ ഉപ്പാപ്പനെ വെട്ടിച്ചും ഓടി.

കോയികള്‍ എന്നാല് മുറ്റം മുയുമനും കാട്ടട്ട് നാറ്റാനും ചിക്കിപരത്തി കേടാക്കാനും മാത്രമായി നടക്കുന്ന മൊതലുകളാണെന്ന പിയാപ്ലമാരുടെ പൊതുവായ അഭിപ്രായത്തിനു വീട്ടിലെ പെണ്ണ്ങ്ങളെല്ലാങ്കൂടി ആസ് യൂഷ്വലായി യാതൊരു വെലയും കൊട്ക്കാന്ഞപ്പം "എന്തെങ്കിലാക്കിക്കൂടി" എന്ന സഥിരം തീരുമാനത്തിലെത്തി. (എടക്കെടക്ക് കറിയാക്കിയും, ബിരിയാണീലും, പത്തിരീലും, അലിസേലും, സമൂസേലും നൊറച്ച് തിന്ന്ന്ന കശ്മലരേ നന്ദിയും ഓര്‍മ്മയും വേണം ചെയ്‌ത്താന്‍സേ...നന്ദി!)

അങ്ങനെയാണ് ആദ്യമായി തറവാട്ടില് കോയി മന്നത്. ബാബു ആശാരിനോട് പറന്ഞ് പലകേം ടാര്‍പ്പായും കൂട്ടിയടിച്ച് ഒരു കോയിക്കൂടും പണീച്ച്, കോയി പോറ്റല്‍ ഔദ്യോഗികമായി തൊടങ്ങി.ആദ്യമായി വന്നത് ഒരു പുള്ളിക്കോയി..."എന്തൊര് ബര്‍ക്കത്തും അയാവുമാ അയിന്" ഉമ്മാമ്മ ഒരു കൈ താടിക്കും മറ്റേ കൈ അരയിലും വെച്ച് പറന്ഞു പോയി. പുതിയ വീടാണെന്ന ഒരു തപ്പലും ഇല്ലാണ്ട് മിസ്.പുള്ളിക്കോയി നേരെ പറമ്പിലേക്ക് വെച്ചടിച്ച് ഉടനെ ചിക്കി കൊത്തി തൊടങ്ങി. അയിനു സേസം തടിച്ചി കോയി, പൂവങ്കോയി, സൊസൈറ്റീലോയി, കറത്തോയി എന്നിങ്ങനെ പല കോയികളും തറവാട്ടങ്കങ്ങളായി. ഓരോ വിര്ന്ന് കയിന്ഞാലും കൊറയുന്ന എണ്ണത്തിനനുസരിച്ച് പുതിയ പുതിയ പൂവങ്കോയികള് വന്നു കൊണ്ടേയിരുന്നു. പെടക്കോയികളു മാത്രം സ്തിരം മെമ്പേഴ്സായി നിന്നു. തറവാട്ടിലെ പെണ്ണ്ങ്ങളെ പോലെ.

അങ്ങനെ കാര്യമായ തക്കാരോം തീനും ഇല്ലാത്ത കൊറച്ചു മാസങ്ങള്‍ക്ക് സേസാണ് ആസിയന്റെ മോക്ക് മാപ്പ്ളൊറച്ചത്. നല്ല ലെങ്ക്ന്ന ഒരുത്തന്‍. കാദിരിക്കോയന്റെ മൂന്നാമത്തോന്‍ അയമ്മദ്.

"നല്ല മൈദമാവു പോല്ള്ള ചെക്കനാ..." ഇഞാമ സീലടിച്ചു.

മാപ്പ്ളന്റാട്ന്നും വളടാന് പെങ്ങമ്മാരും അമ്മായിമാരും വരുന്ന ദൌസം കോയിക്കൂട്ടില് ഒരു വെപ്രാളം രാവിലേ തൊടങ്ങും കോയികളാണെങ്കിലും ആരാനു വെച്ച് വെളമ്പാന്‍ മാണ്ടി കൈത്തറക്ക്ന്നേയ്ന് ഓല്‍ക്കും ഇല്ലെ ഫീലിങ്ങ്സ്?

അങ്ങനെ ബിരിയാനായും കോയ്യടയായും കോയിക്കൂട്ടാനായും ജന്മസാഫല്യം പൂണ്ട് കോയിച്ചികളും പൂവന്‍സും ഒടുങ്ങി മന്നപ്പം സുലോചനേട്ത്തിക്ക് അറിയിപ്പ് പോയി കൊറച്ച് കോയികളെ മേണം, എണ്ണം തേക്കാന്‍. അങ്ങനെ വന്ന കൂട്ടത്തില് ഒരു ബമ്പനും മന്നു, ഒരു ആട്ടുങ്കുട്ടിന്റത്ത്രള്ള ഒരു ചൊങ്കന്‍. വന്ന പാടന്നെ മൂപ്പിലാനു സെറ്റപ്പൊന്നും പിടിച്ചില്ലാന്ന് മനസ്സിലായി, ആകെ മൊത്തം ഒരു പുഛേഷ്‌കുമാര്‍ സ്റ്റൈലില് നീട്ടി കൂവി മൂപ്പിലാന്‍ പറമ്പിനു ചുറ്റും പര്യടിച്ചു. കോയിക്കുടുമ്പത്തിനു വിളമ്പിയ തീറ്റ ഒരു കല്‍മാടി ലൈനില് മുയുമനും അകത്താക്കി മൂപ്പിലാന്‍ റെസ്റ്റിനായി ചുറ്റും നോക്കി, ഉമ്മാമ്മ ബഹുമാനപുരസ്കരം കോയിക്കൂടിന്റെ വാതില് തുറക്കാന്‍ ഇറങ്ങിയപ്പോളാണ് ആദ്യത്തെ ആക്രമണ സംഭവം അരങ്ങേറിയതായി റിപ്പോര്‍ട്ട്. തടിമാടന്‍ മോഹന്‍ലാലിനെ വെല്ലുന്ന സ്റ്റൈലില് ഒരു കയറിന്റെ സകായം പോലുമില്ലാതെ പറന്നു കേറി ഉമ്മാമ്മന്റെ തോളത്ത് ഒരു കൊത്ത്! പിന്നെ ചെറകൊക്കെ വിരിച്ച് അത്യുഗ്രന്‍ പ്രകടനം, കൊറച്ച് എണ്ണ തേക്കാതിന്റെ കൊറവു മാത്രമുണ്ട്.

കാദിരിക്കോയന്റെ പൊരെയ്ന്നും വിര്ന്ന് വെരുന്നോല്ക്ക് ഒര് ചെമ്പ് കോയിക്കൂട്ടാന്‍ വെക്കാനുള്ള കോയിനെ വരെ അങ്ങനെ കിട്ടാണ്ടായി. ഏതെങ്കിലും കോയിനെ നോക്കി ഉമ്മര്‍ സ്റ്റൈലില് ആരെങ്കിലും താടി ചൊറിന്ഞാ മതി പുച്ചേസ്ക്കുമാറിന് എളകാന്‍, ഉടനെ ചെറകും വിരിച്ചു മൂപ്പിലാന്‍ "എടത്തേ ചിറ്ക് മുന്നോട്ട്... വലത്തെ കാല് പിന്നോട്ട്... പറന്നു കൊത്തി.. താഴ്ന്നു മാന്തി" ലൈനിലാകും! കോയി കോയി സര്‍വത്ത്ര ഒരു കാല് കടിക്കാന്‍ ഇല്ലത്ത്രെ എന്ന സ്ഥിതിയായി തറവാട്ടില്. ഒരു മാതിരി ബാലപീഡകരെ പോലെ പെണ്ണുങ്ങളെല്ലാം എതെങ്കിലും കോയിച്ചി ഒറ്റക്ക് നടക്കുന്നുണ്ടോ തട്ടാന്‍ എന്നും നോക്കിയിരുപ്പായി.

സ്ക്കൂളില് പോകാന്‍ ഗേറ്റ് വരെ ചൂലും കത്ത്ന്ന വെറക് കൊള്ളിയുമായി ഒരു ബ്ലാക്ക് ക്യാറ്റും, സ്ക്കൂളിന്നും വരുമ്പോള് ഗേറ്റില് നിന്ന് മിസ്ക്കീന്മാരെ പോലെ "ഉമ്മാ ഉമ്മാ" എന്നും വിളിച്ചു നമ്മളും ജീവിതം തള്ളി നീക്കി തൊടങ്ങി. നമ്മളെല്ലാരും ഫുള്‍ടൈം കുളിപിച്ച് നിര്‍ത്തിയ അതേ ചേലില് നിന്നു, എല്ലാരും വെളുത്ത് തുടുത്തു- വെയിലും മുറ്റോം കണ്ട കാലം മറന്നേ... പൊറത്തെറങ്ങിയാ തുടങ്ങും മൂപ്പരെ വക ബാലപീഡനം. വീട്ടില് വരുന്ന വിരുന്നുകാരെ മുയുമനും വിറപ്പിച്ചും കൊത്തി പേടിപ്പിച്ചും വില്ലന്‍ തറവാട്ടിന്റെ പേര് പണ്ടാരടക്കി. ചെയ്ത്താന്‍!

എനിക്ക് രണ്ട് കൊത്ത്, അബിക്ക് നാല്, അനിക്ക് ഒന്ന്, സാപ്പിക്ക് രണ്ട്, ഉപ്പാപ്പക്ക് ഒന്ന് എന്ന കൊത്ത് നിലവാരത്തില്‍ നമ്മളെല്ലാരും ഒന്നിനൊന്ന് പൊരുതി നിക്കുന്ന സമയത്താണ് റോക്കിയുടെ കൂട് പിടിച്ചടക്കുന്നത്. ഉപ്പാപ്പ തീരുമാനിച്ചു, ഇനിയെന്തെങ്കിലും ചെയ്തേ പറ്റൂ...

"കൊത്തോയിന്റെ കൈത്തില് ബെല്ല് തൂക്കാം"- അബിന്റെ തലെയില് മിന്നാമിനുങ്ങ് വെട്ടി. അങ്ങനെയാകുമ്പോള് കോയി വെരുമ്പോള് രക്ഷപ്പെടാം, അനങ്ങിയാലറിയല്ലോ? കൊള്ളാം!

"സാപ്പീ, ദാമൂന്റെ പീടിയേന്നും ഒര് മണി മാങ്ങി കെട്ടിയേക്ക്" എന്നും പറന്ഞ് ഉപ്പാപ്പ ക്ലീനായി സ്കൂട്ടായി. പിന്നെയും ആ ഫിലോസോഫിക്കല്‍ ചോദ്യം ദുനിയാവില് മൊയങ്ങി, "പൂച്ചക്ക് ആര് മണി കെട്ടും?" അതു കൂടാതെ കോയിക്കും കെട്ടണമല്ലോ?

കോയിനെ മയക്കു മരുന്നു കൊട്ത്ത് കിണ്ടിയാക്കുക, എന്നിട്ട് മണി കെട്ടി വിടുക! ആകെയുള്ള വയി തെളിഞപ്പം എല്ലാരേം മൊഹം തെളിഞു. ബോധല്ലാണ്ട് കെടക്കുമ്പം രണ്ട് കോയിനെ പിടിച്ച് അറക്കേം ചെയ്യാം. പൊരെയ്ല് സുലേഖന്റെ കല്ല്യാണൊറപ്പിച്ചെയ്നേക്കാളും കൊസി! മയക്കു മരുന്നെവ്ടുന്നും കിട്ടും?

"പിലോമിന്റെ മോന് ടോക്ക്ട്രല്ലെ? ഓനോട് പറി, എന്തെങ്കിലും നല്ല മര്ന്ന് തെരാന്"

അങ്ങനെ മര്ന്നൊപ്പിച്ച് ലാത്തിരി എല്ലാ കോയിക്കളേം പൂട്ടിയേന്ന് സേസം റോക്കിന്റെ കൂടിനു പൊറത്ത് "നല്ലോണം ബോധം പൊയ്ക്കോട്ടേന്ന്" തീരുമാനിച്ച് പൊടിച്ചിട്ട നാലു കുളീക ചേര്‍ത്ത ചോറ് ഒച്ചണ്ടാക്കാണ്ട് കമ്മ്യൂണിസ്ട് പാര്‍ട്ടിയുടെ ചിഹ്നത്തിലെ അമ്മാളൂനെ പോലെ കൊടുവാളേന്തിയ ഉമ്മാമയും ചൂലേന്തിയ സാപ്പിയും കൂടി കൊണ്ടോയി വെച്ചു. നാളെ ബാക്കി പരിവാടിയൊക്കെ. സാപ്പി മണി മിനുക്കി വെച്ചു, ഉമ്മ കത്തി ഒരതി വെച്ചു...

നേരം പൊലര്‍ന്നു. എണീച്ച ഉടനെ എല്ലാരും പാന്ഞത് "അമന്‍ ബോധല്ലാണ്ട് കെടക്ക്ന്നത്" കാണാനെയ്നി. ഉപ്പാപ്പ പേപ്പറും വായിച്ച് കോലായില് ഇരിക്ക്ന്ന്ണ്ട്, "സാപ്പീ, ഇബട ബാ"

"ന്താപ്പാ?"

"ഹമെക്കേ, ചൌട്ടി നിന്റെ പല്ല് ഞാന്‍ തൊയിക്കും, ബലാലെ! കോയിക്ക് മര്ന്ന് വെക്ക്മ്പം റോക്കിനെ കെട്ടിടാന്ള്ള പുത്തി പോലും അനക്കില്ലെ ഇബിലീസെ! ജന്തു!"

മുറ്റത്ത് ഒരു റോക്കി ബോധമില്ലാതെ കിടന്നു. കളരി മുറ തെറ്റിക്കാതെ ഒരു കോയി മുറ്റമടിക്കാന്‍ നിക്ക്ന്ന സാവിത്രിനെ നോട്ടമിട്ടു കൊണ്ടും!



കുറിപ്പ്: രണ്ട് മാസം അടക്കി വാണതിനു ശേഷം "ഒര് മൂന്നര കിലോ എറച്ചിയെങ്കിലും അറക്കാന്‍ കൈമല് കിട്ടിയെങ്കില് കിട്ടേയ്നി" എന്ന നെടുവീര്‍പ്പ് മാത്രം ബാക്കിയാക്കി കൊണ്ട്; എതോ പൊട്ടന്‍ (ധൈര്യവാനും) ഇവനെ അടിച്ചോണ്ട് പോയി.

Wednesday, August 18, 2010

സാമൂക്യ സേവനം...

കൊല്ലകാലം ലണ്ടായിരത്തി ഏയ്...എങ്ങനെങ്കിലും ലോകം നന്നാക്കി മകാത്മാ കാന്തിന്റെയ് തൊട്ടിപ്പറമുള്ള സീറ്റുമ്മല് കേറി നെരങ്ങണം എന്ന നല്ല കനത്തില്ള്ള പൂതിയുമായി മേയുന്ന കാലം. അങ്ങ്നത്തെ മോകം മൂത്ത് മൂത്താണ് ഞാന്‍ സാമൂഹ്യ സേവനം പടിച്ച് പാസാകണം എന്ന അതിമോഹവുമായി എമ്. എസ്.ഡബ്ല്യൂ കോഴ്സിനു ചേര്‍ന്നത്.

"സാമൂക്യസേവനാ... ഇസ്ലാമിനു നെരക്കുന്ന പണിയാ. കയിവില്ലാത്തൊരെ സകായിക്കലും, നാട് നന്നാക്കലും ഒക്കെ നല്ല കാര്യാണല്ലോ. അത് പൊരെയ്ലും ഒരു ബര്‍ക്കത്ത്‌ള്ള പരിവാടിയാണല്ലോ?" ഉമ്മാമയും ഉമ്മയും അമ്മായിയും തലയൊക്കെ കുലുക്കി മൂക്കോക്കെ ബെറപ്പിച്ച് ചുണ്ടൊക്കെ കൂര്‍പ്പിച്ച് എന്റെ സാമൂക്യസേവന ചന്തി നാട്ടാരെ മുന്നില് മാക്സിമും പൊക്കി പിടിച്ച് കുളൂസാക്കി! ഞാന്‍ നന്നാക്കാന്‍ പോവ്ന്ന നാടല്ലേ വിശാലമായി കെടക്കുന്നത്, അതില്ള്ള പ്രജകളൊക്കെ എന്നെ അറിയണല്ലോ? പി.ആര്‍ പണി പാത്തിബിയും, കൈസേയിത്താത്തയും, മിസ് ദില്ലീസയും എല്ലാരും മല്‍സരിച്ച് ചെയ്തു "നുച്ചൂന്റെ ആയിസല്ലെ? ഓള് കാന്തിക്ക് പഠിക്കാന്‍ ചേര്‍ന്നീന്. വെലിയ പഠിപ്പാ, മനസ്സാസ്ത്രാ പഠിക്ക്ന്ന്. അന്റെ പിയാപ്ലനെ ഒരീസം കൊണ്ടേരി, ഓള് നോക്കീട്ട് എന്താ അസ്ക്യതാന്ന് പറന്ഞെരും"

ഞാനാണെങ്കില് ഒരടി മോളിലൂടെ ഒയുകി ഒയുകിയാ നടത്തം. ഉള്ളില് കന്ഞിയാണ് കുടിക്ക്ന്നതെങ്കിലും മീസമ്മല് നെയ്യും പൊരട്ടിയാ നടത്തം. നാലാള് പൊറത്തുന്നും കാണുമ്പം നെയ്യല്ലെ മണക്കൂ? അല്ലാഹു ആവാനുള്ള പൂതിയോ നായ നക്കി പോയി, ഇനിയുള്ള ഏക ചാന്‍സ് ഇതാണ്. ഫാമിലി കൌസിലിങ്ങു മുയുമനും ഞാന്‍ ഏറ്റെടുത്തു, പിന്നെ ഉമ്മാമന്റേം, എളാമന്റേം, അമ്മായിന്റേം, ഉമ്മന്റേം റെക്കമെന്റേഷണില് വെരുന്ന പാര്‍ട്ടികള് വേറേയും. ഏളാമന്റെ പാത്രം കയുകല് കണ്ടിട്ട് ഞാന്‍ തീര്‍ത്ത് പറന്ഞു, "എളാമ ഞെട്ടരുത്, എളാമക്ക് ഒബ്സെസീവ് കമ്പള്‍സീവ് ഡിസോഡറാണ്"

"പോടി വലാലെ, പാത്തരത്തിലെ നെയ്യ് കയുകാന് അന്റെ മാപ്ലന്റാട്ന്ന് ആളെ കൊണ്ടോരോ, ചെയ്ത്താനെ?". ഹ്മ്!! ഇതാണ് ഈ തറവാട്ടിലെ പ്രസ്ണം! ഒരാളെ ഷോക്ക് കൊട്ത്ത് നന്നാക്കമെന്ന് വെച്ചാല്, സമ്മെയ്ക്കൂല!! "സുബൈത്താ, ഇങ്ങളെ യൂനുസിനെ നാളെ ബെരുമ്പം ഒന്നു കൂട്ടി കൊണ്ടേരോ? ഓന്‍ പത്തില് തോക്കാന്ള്ള കാരണം ഞാന്‍ പറന്ഞെരാം"
"അയിന് ബെലിയ മനസ്സാസ്ത്രൊന്നും മേണ്ട മോളെ, ഓനോന്റെ വാപ്പന്റെ അതേ കളിയാ! സൊറ കളിച്ച് നടന്ന് കിട്ട്ന്ന പൈസ മുയുമനും കൊണ്ടോയി സില്‌മേം കണ്ട് മക്കാനീന്നും പൊറാട്ടേം തിന്ന് നടക്കണം. അയന്നെ!

അങ്ങനെ പഠിച്ചത് എവ്ടെങ്കിലും കൊണ്ടോയി കമ്ത്താന്‍ മുട്ടി നിക്കുമ്പളാണ് കോളേയിന്നും പുതിയറ ബീച്ചു ഭാഗത്ത് സ്ത്രീകള്‍ക്കായി സ്വയംസേവാ ഗ്രൂപ്പുകള്‍ തുടങ്ങാന്ള്ള പരിവാടി സര്‍ക്കാര് പ്രഖ്യാപിച്ചതായും, അയിനു മേണ്ടി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്നും അറിയിപ്പ്. നാട് എവിടെ എങ്ങനെ നന്നാക്കണം എന്ന ഏക ചിന്തയുമായി നടക്കുന്ന ഞാന്‍ മനസ്സില് വിജാരിച്ചു " തേടിയ മസാല കുപ്പിയില്‍ കെടച്ചാച്ച്, ഹിയ്യട ഹിയാ"! ഇനി ആരൊക്കെ എതിര്‍ത്താലും, പുതിയറ ബീച്ചു ഭാഗത്ത് ഒരു മിനിമം പത്ത് സൊയംസേവാ ഗ്രൂപ്പ് തൊടങ്ങീട്ടെ ഞാന്‍ സുലൈമാനി കുടിക്കൂ!!! യൊവ്വനം ഒരു സില്‍സിലാ എന്നണല്ലോ... കണ്ണും മൂക്കുമില്ലാലോ?

ഡേ വണ്‍: കണ്‍മഷിയൊക്കെ വാരി തേച്ച് ഒരു എക്സ്ട്രാ കോട്ട് പൌഡറും പൂശി ഉമ്മാമന്റെ അത്തറ് കുപ്പിന്നും തോണ്ടിയ ഒരു തോണ്ട് അത്തറും പൊരട്ടി "എന്നാ പിന്നെ അസ്സലാമു അലൈക്കും, ഞാന്‍ പുതിയറ നന്നാക്കീട്ട് വരാം ഘടികളേ" എന്നും പറന്ഞ് എളാപ്പന്റേട്‌ത്തുന്നും കടം മേങ്ങിയ എക്സിക്യൂട്ടീവ് മാന്ഞാള വേഗും തൂക്കി ഞാന്‍ പടിയിറങ്ങി. "പുതിയറേലാ മുസ്തപ്പന്റെ പൊര, ഉച്ചക്ക് ഓന്റാടെ ചോറെയ്ക്കാന്‍ വിളിച്ചീന് അന്നേം ചെങ്ങായിച്ചിയേളേം. ഓനോട് അട്ത്തേയ്ന്റട്ത്തായ്ച്ച് കൊറച്ച് ചെമ്മീന്‍ മേണം, റഫീക്കിന് പൊവുന്മ്പം അച്ചാറിടാന് എന്ന് പറയണം". മുസ്തഫാക്ക കാലാകാലങ്ങളായി ഹമാരാ മീന്‍ക്കാരന്‍ ഹെ! അങ്ങനെ മുസ്തഫാക്കന്റെ നമ്പരും സുബാപ്തി ബിസ്വാസോം കൊണ്ട് ഞാന്‍ പുറപ്പെട്ടു. കൂടെ സ്മിതയും ഹാഷിമും.

ടിങ്ങ് ടോങ്ങ് "നമസ്ക്കാര്‍, എന്റെ പേര് ആയിഷ. ഞാന്‍ ഇവിടെയുള്ള ബമ്പത്തിയോക്ക് മേണ്ടി ഒരു സ്വയം സേവാ സങ്കട്ടന തൊടങ്ങാന്‍ പോകുകയാണ്. അയിനു ശേഷം താങ്കളുടെ പൊരയില്‍ സന്തോയം,സമാധാനം,അച്ചാറ്,സോപ്പുമ്പൊടി,അടിപ്പാവാട,ഫിനോയില് മുതലായ സാമാനങ്ങള്‍ കളിയാടും. ഇതിനായി ഭവതി ചെയ്യേണ്ടതിത്ര മാത്രം..." എന്നൊക്കെ ബസ്സിലിരുന്നു ഞാന്‍ മനസ്സില് ഓതി പഠിച്ചു.

ടിങ്ങ് ടോങ്ങ് "നമസ്ക്കാരം ചേച്ചീ" (പല്ലു മുയുമനും പൊറത്താക്കിയ ഒരു ചിരി കൂടെ സൌജന്യം!)

"ഇവിടെ ഒന്നും മേങ്ങാറില്ല!" ഠപ്പ്. ഞാന് കണ്ണിമ്പി തൊറക്ക്ന്നെയ്ന്റെ മുന്നെന്നെ വായിലും പൂട്ടി ചന്തീം കുലുക്കി ഓള് പോയി.

"അന്റെ പൊരെയ്ല് കുന്തം കളിയാടും ഏക്ക‌ര്‍ച്ചി!!" എന്നും മനസ്സില് വിജാരിച്ച് ഞാനും കൂട്ടവും അടുത്ത പൊരെയ്ലേക്ക് നീങ്ങി.

ടിങ്ങ് ടോങ്ങ് "എന്റെ പേര് സ്മിത. ഞങ്ങളിവിടെ സര്‍കാരിന്റെ സ്വയം സേവാ സംഘടന എന്ന ഒരു പരിപാടിയുടെ ഭാഗമായി വന്നതാണ്..." സ്മിതയുടെ പ്രസംഗം മുഴുവന്‍ കേട്ട ശേഷം അസ്മാബി പറന്ഞു, "ഓല് പറന്ഞ്ക്ക്ണ് ഇമ്മായിരി ഒന്നിലും ചേരര്ത്‌ന്ന്. ഓല്‍ക്ക് ഇതൊന്നും ഇസ്‌ട്ടല്ല"

"ഓലോ? ആര്?"

"ഇന്റെ അസ്പന്റ് ".

"ഫിനൊയിലിന്റേം അടിപ്പാവാടന്റേം സന്തോയത്തിനേം കാര്യം പറ" ഞാന് സ്മിതനെ പൊറകിന്നും ഞോണ്ടി. പക്സേങ്കില് അസ്പന്റ് സമ്മെയ്ക്കിന്നില്ലെങ്കില് എന്താക്കാനാ?

ഈ ദുനിയാവിന്റെ ഏകദേസ മാമൂലുകള് എനിക്ക് പിടി കിട്ടി തൊടങ്ങി.. ലതായത്, ഞാന്‍ ലോകം നന്നാക്കണോന്ന് തൊള്ളട്ട്ട്ട് ഒര് കാര്യോല്ല. ലോകത്തിന് നന്നാവണം എന്ന ഒരു പൂതീം മേണം! അത് നമ്മളെ എളാമനെ പറന്ഞ പോലെ നന്നാവണം എന്ന് യാതൊരു പൂതീമില്ലാണ്ട് നടക്കാ. ഇന്ഞിപ്പം എന്താക്കും? "നന്നാവാന്‍ ആളെ ആവശ്യമുണ്ട്" എന്ന് ഒരു പരസ്യം?

എല്ലാര്‍ക്കും ആകെ മൊത്തം നിരാസ കൂടി കൂടി വെരാ. എന്നാലും "ഒരു അഞ്ചാറ് പൊരെയ്ലുമ്പാടി കേറി ഓരെ നന്നാക്കാന്‍ നോക്കാം," ഞാന്‍ ഒരു പൊരെയെങ്കിലും നന്നാക്കീട്ടെ ഇബ്‌ട്‌ന്നും പൊവ്വാന്ള്ള പരിവാടിള്ളൂ എന്ന് ഒറച്ചു പറന്ഞു.അങ്ങനെ എന്റെ അടങ്ങാത്ത സ്വൈര്യക്കേട് കാരണം നമ്മള് അട്ത്ത പൊരെയ്ലെ ബെല്ലടിച്ചു.

ഒര് നിസ്ക്കാര കുപ്പായോം മക്കനേം ഇട്ട ഉമ്മാമ്മ വാതില് തൊറന്നു. മുഖം നൊറച്ചും ചിരിയും കൊണ്ട് ചോയിച്ചു "എന്തേയി മക്കളെ?".

എന്റെ മനസ്സ്, ബിരിയാന്റെ സേസം സുലൈമാനി കുടിച്ച പോലെ തണുത്തു. ഈ ഉമ്മാമ്മ നന്നാവും, കണ്ടാലറിയാം!

"ഉമ്മാമ്മ, സര്‍ക്കാരിന്റെ സ്വയം സേവാ സങ്കടനയെ പറ്റി പറയാനാ"

"സര്‍കാരിന്റെയാ? മക്കള് കേറി ഇരിക്കീ. എന്തെങ്കിലും കുടിച്ചിട്ട് പോവാ. വെരീ" എന്റെ ഇത്തിരി പോന്ന ജീവിതത്തില് ആ നിമിസം സന്തോയോം സമാധാനോം പിന്നെ സയിക്കാന്‍ പറ്റാത്ത കൊസിയും കളിയാടി. ഇനിയാരൊക്കെ സുയിപ്പാക്കിയാലും തരക്കേടില്ല നമ്മള് ലോകം നന്നാക്കീട്ടെ കിയാമം നാള് കാണൂ.. ആ...ഡിങ്കിഡിക്കാ!! മനസ്സില് ലണ്ട്മൂന്ന് പാട്ടൊക്കെ മൂളി നമ്മള് കേറി കുത്തിരിന്ന്. നല്ലൊരു പൊര, ആരോ ദുബെയ്ലിള്ളത് കാണാന്ണ്ട്.

"ഇങ്ങളിരിക്കീ, ഞാന്‍ ചായെട്ത്ത്ട്ട് ബെരാ..."

"വേണ്ടുമ്മാമ്മാ. നമ്മള് പറയാന്ള്ളത് പറന്ഞ്ട്ട് പൊവ്വാ. ഇനിയും കൊറേ വീട്ടില് കേറാന്ണ്ട്"

"അത് പറന്ഞാ പറ്റൂലേ... മോളെ പേരെന്താ?...

"ആയിശ"

"ഓ മുത്ത്നബീന്റെ കെട്ട്യോളെ പേരാണല്ലോ..." എന്നും പറന്ഞ് മൂന്ന് കപ്പ് അസാധ്യ മധുരള്ള ചായേം ബര്‍ത്തായക്കയും കൊണ്ടേയി വെച്ച് ഉമ്മാമ്മ എന്റട്ത്ത് വന്നിരുന്നു. സ്മിത പ്രസംഗം ഏറ്റെടുത്തു. ഞാന്‍ ഫുള്ള് ശ്രദ്ധയും ഒരു കൈ കൊണ്ട് ബര്‍ത്തായക്ക തിന്ന്ന്നേയിലേക്കും മറ്റേ കൈ കൊണ്ട് ചായക്കോപ്പ പിടിക്കുന്നേയ്ലും സ്മിത വിട്ടു പോകുന്ന ഭാഗങ്ങള് പൂരിപ്പിക്കുന്നെയ്ലും ഒക്കെ പരന്നു കിടക്കുകയാണ്...

സ്മിതയാണ് വായിട്ടടിക്കുന്നതെങ്കിലും ഉമ്മാമ്മന്റെ നോട്ടം ഫുള്‍ ടൈം എന്റെ മോത്തേക്കാണെന്ന് ബര്‍ത്തായക്ക വായില് കുത്തി നൊറക്കുനെയ്ന്റെ എടെയ്ല് എന്റെയ് എടങ്കണ്ണിലൂടെ എനിക്ക് കാണുന്നുണ്ട്. തീരെ അഹങ്കാരവും ദുസ്ച്ചിന്തകളുമില്ലാത്ത ഞാന്‍ മനസ്സിലു വിജാരിച്ചു "പുവര്‍ ഗ്രാന്മാ, എന്റെ മൊഞ്ച് കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്ന്ന്നേയില്ലാ" ഹ ഹ ഹ! ഉമ്മാമ്മ ഒന്നും കൂടി അഞ്ചിക്കോട്ടേന്ന് കരുതി ഞാന്‍ എന്റെ ചിപ്സ് നൊറന്ഞ തൊള്ള കാട്ടി ഉമ്മാമ്മനെ നോക്കി ചിരിച്ചു കാട്ടി.

പെട്ടന്ന് ഉമ്മാമ്മ എന്റെ മൊഖം രണ്ട് കയ്യോണ്ടും പിടിച്ച് മൂപ്പത്തിന്റെ നേരെ തിരിച്ച് മൂപ്പത്തിന്റെ മൊഖത്തേക്ക് വലിച്ചടുപ്പിച്ച് ചോയിച്ചു, "ആയിസാ, അന്റെ മണ്ടെയിലെന്താ? എന്താ?"

"ങ്ങേ?!!" എന്നു പോലും മൂളാന്‍ സമയം തരാണ്ട് മൂപ്പത്തി "മിനച്ചെയ്ത്താനി റജീം" എന്ന് ഒരു നാലര സ്പീക്കറിന്റെ സമണ്ടില് കൂവി വിളീച്ച് എന്റെ മോന്തമ്മലേക്ക് അഞ്ചാറ് ഊത്ത് ഊതി. ആ സമണ്ടും തുപ്പലും വായ്‌നാറ്റോം എല്ലാങ്കൂടി എന്റെ വയറിങ്ങ് ലൂസ് കോണ്ടാക്റ്റിലായി പോയി! ഞാനൊരു സെക്കണ്ട് ബ്ലിങ്കി ഇരുന്നെയ്ന് ശേഷം സ്മിതനേം ഹാഷിമിനേം നോക്കി. ദയനീയമായി നോക്കി എന്നാണ് ദ്രിക്സാക്ഷി വിവരണം, പക്ഷെ ഞാന്‍ ഒരു ചോദ്യചിഹ്ന നോട്ടമായിരുന്നു ഉദ്ദേശിച്ചത്!

ഉമ്മാമ്മ എണീച്ച് മേശപ്പൊറത്തെ ജഗ്ഗെട്ത്ത് അയിലെ വെള്ളം ഹാഷിമിന്റെ മേല് കൊടന്ഞിട്ട് "ഒയിന്ഞോ... ഒയിന്ഞോ... പോ.." എന്ന് അമറാന്‍ തൊടങ്ങി. എന്നെ നോക്കി കിതച്ചോണ്ട് അലറി ചോയിച്ചു: "അന്റെ മേത്ത്ള്ള കറ കയികി കളയോ ഇയ്യ്?"

ഞാന്‍ തൊണ്ടേയില് കുടുങ്ങിയ ബര്‍ത്തായക്ക എറക്കാന് പെടാപ്പാട് പെട്‌ആ. ഉമ്മാമ്മ പിന്നേം അലറി "ഞാന്‍ ചോയിക്കാണ്...

ചോയിച്ചത് എന്താന്ന് ഞാങ്കേട്ടീല. സ്ഥലകാല ബോധം വന്ന് നോക്കുമ്പണ്ട് ഞാന്‍ കൈയ്യിലൊര് കോപ്പ ചായേം ഒര് പിടി ബര്‍ത്തായക്കേം കൊണ്ട് റോട്ടുമ്മല് നിക്ക്ന്ന്. പടച്ചോനാണേ, ഇദ്ദൂസം വെരെ ഞാനെങ്ങനെ റോട്ടുമലെത്തി എന്ന് എനിക്കോര്‍മ്മയില്ല. സ്മിതയും ഹാഷിമും പറയുന്നത്, ഞാന് ഇന്റെ കയ്യും കാലും നെലത്ത് കുത്തി ബെരളി പിടിച്ച എട്ട്കാലിന്റെ ചേലില് ഉമ്മാമ്ം നീട്ടിയ കയ്യിന്റെടെയിലൂടെ നൂണ് നൊയന്ഞ്, കപ്പും ബര്‍ത്തായക്കയും അടക്കം നാലു കാലില് ഇഴയുകയോ ഓടുകയോ എന്തോ ഒന്ന് വളരെ സ്പീഡില് ചെയ്തു ഇറങ്ങി പാന്ഞു എന്നാണ്.

കോപ്പയും പിടിച്ച് എന്താക്കുമെന്ന് അറിയാണ്ട് റോട്ടുമ്മല് മുയിച്ചു നിക്കുമ്പണ്ട് ഒരു വയിപ്പോക്കന്‍ ആ വയിക്ക് പോണ്. ഇതെന്നെ കിട്ടിയ ചാന്‍സെന്ന് മനസ്സിലാക്കിയ ഞാന്‍, "ഇക്കാ, ഈ കോപ്പൊന്ന് ആ പച്ച പെയ്ന്റടിച്ച പൊരെന്റെ കൊലായില് വെക്കോ?" ഇക്കാക്ക നമ്മളെയൊന്ന് ആകെ നോക്കി "ഇങ്ങള് റംലാബീവിന്റാടെ പോയീനെയ്നോ? ഓരെന്താ പറന്ഞേ?"

"ഓരെന്തു പറയാന്? ആ പെണ്ണ്ങ്ങക്ക് പിരാന്താ?"

"പിരാന്ത് നിന്റെ ഉമ്മക്കാണ്ടി!! സെയ്ക്കിന്റെ ജിന്ന് കൂടിയോരെ പിരാന്ത്‌ന്ന് പറന്ഞ നീയൊക്കെ നരകത്തിലാണ്ടി!".

അന്നു രാത്രി മുതല് എനിക്കൊര് നേരിയ പനി. എല്ലാരും ഒറപ്പിച്ച് പറന്ഞു ഇത് പേടി കുട്ങ്ങിയതാ. ഞാന്‍ സമ്മെയ്ച്ചീലാ.

പിറ്റേന്ന് പനി നൂറ്റിനാല്... "ഓക്ക് കണ്ണൊണ്ടതാ, ഒന്നുയിന്ഞിട്ടാളി..പനി പോയ വയി കാണൂല!" ആമിന്താത്ത ഒറപ്പിച്ചു പറന്ഞു.

"അയ്യോ ചാമീ, എന്നാച്ച് അയ്സാവുക്ക്? തീ പോലെ ജൊരം, മാത്ര യെതാവത് പോയി വാങ്ങണുമാ?" പാങ്കിയുടെ സ്നേകം.

"മോളേ ആയിസൂ, അനക്കെന്താ മേണ്ടി തിന്നാന്? രണ്ട് പത്തിരീം എറച്ചി ചാറും തെരട്ടെ?" പാത്തിബി

"മേണ്ടുമ്മാമ്മാ, എനിക്ക് ഒറങ്ങണം". അപ്പം എല്ലാരും നല്ലോണം പേടിച്ചു. പത്തിരീം ചാറും തിന്നൂലെങ്കില് എന്റെ തലച്ചോറിനായിരിക്കും പ്രസ്ണം!

"കൊറച്ച് പൊടിയരിക്കന്ഞി നല്ലോണം നാലഞ്ച് നേരായിട്ട് ഓക്ക് പനിനാരങ്ങേം കൂട്ടി കോരികൊട്, പനി നാളാവ്മ്പളേക്ക് ബിടും. ഓരോ ഹലാക്കിന്റെ പണിക്ക് നിക്കര്ത്‌ന്ന് ഇതാണ് തലേം മൊലേം വെച്ചോരോട് മൂത്തോര് പറീന്നെയ്ന്റെ കാര്യം!"

Monday, August 16, 2010

പേറും ബൈതിങ്ങേം

ഓഫീസില്‍ കാര്യമായ ഒരു മീറ്റിങ്ങ് നടക്കുമ്പോള്‍ വീട്ടിന്നും ഫോണ്, ഞാന്‍ ചൊമന്ന ബട്ടണ്‍ അമ്ക്കി. പിന്നെയും വിളി,പിന്നെയും അമ്ക്കി. ഇത് ഇന്ന് രാവിലെ പുട്ട്‌ണ്ടാക്കുമ്പം തേങ്ങ ഇട്ടോ, ഇട്ടേങ്കില്‍ തന്നെ മത്തിച്ചാറില്‍ കയിഞ്ഞായ്ച്ച ഒണക്കി കൊട്‌ത്തയച്ച നെല്ലിക്കയാണോ അരച്ചൊയിച്ചത്, മലപ്പൊറത്തെ തിത്താച്ചൂന്റെ പൊരെയ്‌ലെ പണിക്കാര്ത്തി ഒപ്പിച്ച പണിയോ മുതലായ സൊറകളാണ് മിക്കവാറും ഫോണിന്റെ മറ്റേ തലക്കല്. ഞാന്‍ മീറ്റിങ്ങിലാണെങ്കില് ഫോണ് എടുക്കൂലാന്നും കട്ടാക്കിയാല്‍ ഞാന്‍ തിരക്കിലാണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു പഠിപ്പിച്ചാലും, “അയിലുമൊക്കെ വെലുതാണ്ടി പെറ്റ തള്ളമാരുടെ ഖല്‍ബിലെ തീ. നീ ഫോണെട്‌ത്ത് കാര്യം പറഞ്ഞ് വേഗം വെച്ചൊ...” അക്കോര്‍ഡിങ്ങ് റ്റു മൈ പെറ്റ തള്ള ഞാന്‍ ഫോണെടുത്തില്ലെങ്കില് അതിനു അഞ്ച് കാരണങ്ങളേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ:
വണ്‍: ഞാന്‍ പാണ്ടി ലോറിയോ, അല്ലാത്ത ലോറിയോ സൈക്കിളോ തട്ടി തട്ടിപ്പോയി.
ടൂ: ഞാന്‍ നടന്നു പോകുമ്പോള്‍ പെട്ടന്നു സഡണ്‍ലി വീണു മരിച്ചു
ത്രീ: എന്നെ ആരോ തട്ടി കൊണ്ടുപ്പോയി എന്റെ ഫോണ്‍ ആന്‍സര്‍ ചെയ്യാന്‍ വിടുന്നില്ല!
ഫോര്‍: ഞാന്‍ എന്റെ ഓര്‍മ്മ നഷ്ടപ്പെട്ട് വേങ്ക്ലൂര്‍ ടൌണിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.
ഫൈവ്: എന്നെ ആരോ വെറുതെ കുത്തി കൊന്നു.

അങ്ങനെ ഒരു പത്ത് പ്രാവശ്യം കട്ടാക്കിയിട്ടും പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു പേടി തോന്നി, “എനി വീട്ടില് വല്ല പാണ്ടി ലോറിയും ഇടിച്ചു കേറിയോ? ആരെങ്കിലും സഡണ്‍ലി സുഖമില്ലാതായൊ? വല്ലോരും ക്ലോസായൊ?” പെറ്റ തള്ളയല്ലെങ്കിലും ഖല്‍ബില്‍ തീ!!ബാക്കിലെ പറമ്പിലെ മാവുമ്മല് മാങ്ങ ഉണ്ടായോ? എളാമ വാങ്ങിയ കോഴി മുട്ടയിടുന്നില്ലെ? ഫാബി പിന്നെയും പെറ്റോ? വാസന്തി ഇണ്ടാക്ക്ന്ന ചക്കപായസത്തിന്റെ സീക്രറ്റ് റെസിപ്പി സാവിത്രി വിജയകരമായി ചോര്ത്തിയോ? ഈ മീറ്റിണ്‍ഗിനിരുന്നിട്ട് ഒന്നും കിട്ടാനില്ല! ആകെ വെപ്രാളം.

“എക്സ്ക്യൂസ്മി, അര്‍ജന്റ് കോള്‍” എന്നും പറഞ്ഞ്, അവിടെയിരിക്കുന്ന ചാത്തന്മാരുടെ നിരസത മൈന്‍ഡാക്കാണ്ട് ഇറങ്ങി, തിരക്കിട്ട് തിരിച്ചു വിളിച്ചപ്പം എങേജ്! വെപ്പ്രാളം കൂടി... ഇതതു തന്നെ, ആരോ തട്ടി പോയി! പിന്നെയും കുത്തി, പിന്നേയും അതു തന്നെ!!

അവസാനം “മറ്റേ ഫോണിലേക്ക്” (അതായത് നമ്മളെ പാവം ലാന്‍ഡ് ലൈന്‍) വിളിച്ചു. ഉമ്മ ഫോണേടുത്തതും ഞാന്‍ “എന്താ ഉമ്മാ?” എന്നു ചോദിച്ചതും

“അല്ലാ,നിനക്ക് പെറ്‌ഏം പോറ്റ്‌ഏം ഒന്നും മേണ്ടേ? കാലാകാലം ഇങ്ങനെ ഒറ്റത്തടിയായിട്ട് ജോളിയാക്കി നടക്കാനാ പരിവാടി?”

ഒരാണിണ് ബാണിട്ട് രണ്ട് കൊല്ലായിട്ടും പെറാത്തെ എന്നെ ഒരു സംസയക്കണ്ണോണ്ടാണ് പൊതുവേ തറവാട്ടിലുള്ള നോട്ടം. ഓക്കാണോ അതോ ഓളെ പിയാപ്ലക്കാണോ ഫങ്ങ്‌ഷണല്‍ ട്രബിള്‍ എന്ന ചോദ്യം അവിടൊക്കെ പാറിപ്പറന്നു നടന്നു... ആര്‍ക്കും എന്നോട് നേരിട്ട് ചോദിക്കാന്‍ ധൈര്യം പോര. എന്നാലും “ബിസേസൊന്നും ഇല്ലെ”, “നിന്റെ കുട്ട്യോളെ കളിപ്പിച്ചാന്‍ ഇഞ്ഞി എപ്പളാ?” “അനക്കും മേണ്ടേ ഒരു ചെറ്‌ത്?” എന്നൊക്കെ ചോയിച്ച് വിവരസാങ്കേതിക പ്രയാസങ്ങള്‍ മനസ്സിലാക്കനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരുന്നു! ചുളുവില്‍ ഞാന്‍ കേക്കാന്‍ മേണ്ടി നാലാള് കൂടുമ്പോള്‍ “കച്ചിബിന്റെ മോക്ക് രണ്ടാമതും പള്ളേയിലാ പോലും! ഓള പോലെ ബേം ബേം പെറ്റിട്ടാ ഒറ്റടിക്ക് പണി കയൂലെ. മക്കള് രണ്ടും ഒരടിക്ക് മളര്‍ന്നോളും” പണി കയ്യുന്നത് ഓളതാണോ എന്നുള്ള സംശയം, കേക്കാത്ത മാതിരി ഇരിക്കുന്ന എനിക്ക് ചോദിക്കാന്‍ പറ്റൂലാലൊ?

അതു ഏശുന്നില്ലാന്ന് മനസ്സിലാക്കിയാല് ഒന്ന്‌ മാറ്റി ചവിട്ടും, “കെയെക്കേയിലെ ബിച്ചന്റെ മോക്ക് ഒന്നര കൊല്ലായിട്ടും പള്ളെയിലാവാഞ്ഞിട്ട് എന്തൊരു വേജാരെയ്‌നി ഓക്ക്! എന്നിട്ട് ആ ഫറൂക്കിലെ സഞു ഡോക്‌ട്ര കാണിച്ച് മൂന്നായ്ച്ച മര്ന്ന്‌ കയിക്കുമ്പള്‍ക്ക് വയറ്റിലായില്ലെ?! ഒര് പഥ്യോം ഇല്ലെയ്‌നി’ ഇനി ഞാന്‍ കോയീം മീനും ഒയിവാക്കണ്ടി വെരുംന്ന്‌ള്ള പേടീല് പെറാണ്ടിക്കണ്ടാ! ‘ആ ഡോക്‌ട്ര വീടാണെങ്കി ഒര് മൂലക്കായോണ്ട് ആരും കാണൂല്ല!”

എന്നിട്ടും ഞാന്‍ പെറ്റില്ല! അങ്ങനെ പേറാണ്ട് നടക്കുന്ന ഒരു അവധി ദൌസം ഉമ്മാമ എന്നെ കാണാന്‍ വന്നു! എന്നോട് അത്യാവസ്യമായി ഒരു കാര്യം പറയാനുണ്ട്! എന്നെ കണ്ട് ഉടനെ ഉമ്മാമ്മ സൌണ്ടില്‍ ഒരു സൊകാര്യ സമണ്ടൊക്കെ ബെരുത്തി ചോയിച്ചു:

“എടീ നീ ബൈതിങ്ങ തിന്നല്ണ്ടാ?”

“ബൈതിങ്ങേ? അങ്ങനെ ദിവസോം തിന്നലൊന്നൂല, എന്നാലും കിട്ടിയാ തിന്നും!”


“ഇപ്പളത്തെ വൈതിനമ്മല് ബീട്ടീന്ന് പറീന്ന എന്തോ സാമാനം കുത്തി വെക്ക്‌ന്ന്‌ണ്ടോലും! അത് തിന്നാ പെറൂല പോലും! ഖിയാമം നാളട്‌ക്കുമ്പളാ ഇമ്മായിരി ഒരോ അല്‍ക്കുല്‍ത്തിണ്ടാവ്‌ആ. അന്റവ്‌ടെ ഇഞ്ഞി മേലാല്‍ ഈ കുത്തിവെച്ച ഒന്നും മേങ്ങണ്ടാ ട്ടോ?'

ഉമ്മാമ്മ പേപ്പറ്‌ വായിച്ചാല്‍ ഇതാണ്. ഏതു ന്യൂസും ഉടനെ ലോക്കല് ന്യൂസാക്കുമ്. "അമേരിക്കയില് ചിന്തിയ ഓയല് കാരണമാണെന്ന് തോന്ന്ന്ന് മത്തിക്കൊര് വെടക്ക് ടേസ്ട്"

ഞാന്‍ പ്രസവിക്കാത്തത് ഫാമിലി പ്ലാനിങ്ങാണെന്ന് പറഞ്ഞാലും കാര്‍ണോത്തി അത്‌ സമ്മതിക്കൂല.

“ഇന്നത്തെ കുട്ടിയോക്ക് വേണ്ടപ്പളല്ലെ ഓല് പെറൂ? നമ്മളെ കാലൊക്കെ കയിഞ്ഞീലെ കൈജാ?” എന്ന്‌ ഇഞ്ഞാമ ചോയിക്കുമ്പം കാര്‍ന്നോത്തിക്ക് ചൊടിക്കും, “ഇതൊക്കെ പൊറത്ത് പറീന്നതല്ലെ? പെണ്ണായാല് പെറും, അയിലാണ് ഓളെ ബഅ്സും പൊരുത്തോം!”

അങ്ങനെ ഞാന്‍ പെറും എന്ന് ഉറപ്പ്‌ വെര്ത്താന്‍ ഇഞ്ഞി മുതല്‍ കുത്തിവെക്കാന്‍ യോഗമുള്ള യാതൊരു പച്ചക്കറീം പൊറത്തുന്നും വാങ്ങൂല എന്ന്‌ ബില്ല് പാസാക്കി! വീട്ടില്‍ പെണ്ണ്‌ങ്ങളെല്ലാം കൂടി ഒരു ജൈവക്രിസി തൊടങ്ങാ‍ന്‍ തീരുമാനിച്ചു. നാടന്‍ വേണ്ടിങ്ങ, ബൈതിങ്ങ, മൊള്, തക്കാളി, ചേന, പയറ്‌, പുതിന, വെള്ളരി എന്നിവ ഒര് തൊടക്കത്തിന് വേണ്ടി നടാനുള്ള ലിസ്റ്റ് തയ്യാറാക്കി. വയ്യാമ്പൊറത്തെ തൊടീലെ ചപ്പും ചവറും വാരിയിട്ട് കത്തിച്ച് അവ്‌ടള്ള പുല്ലൊക്കെ വെട്ടി വെടിപ്പാക്കി വിത്തിടാന്‍ പാകത്തിലാക്കാന്‍ സുപ്രനെ ഏല്‍പ്പിച്ചു. ഒരൊറ്റ ദൌസം കൊണ്ട് സുപ്രന്‍ പുല്ലും കല്ലും ചെത്തി തൊടി കണ്ണാടി പരുവത്തിലാക്കി, ഉമ്മ വിത്തിറക്കി. അടുക്കളെയ്ന്നും വെര്ന്ന വേസ്റ്റൊക്കെ അങ്ങോട്ട് തിരിച്ചു വിട്ടു. അങ്ങനെ ചെടിയൊക്കെ തഴച്ചു വളരാന് തുടങ്ങി, വീട്ടില് സന്തോയം കളീയാടി. ബിരിയാന്ന്ള്ള പുതീനേം പച്ചമൊളും പറിക്കാന് ആമിന്താത്തേം മിസ് ദില്ലീസയും പാപ്പാത്തിയേളെ പോലെ പറന്നു നടന്നു.

ഒരു ദൌസം രാവിലെ ചട്നിക്ക്ള്ള പുതീന പറിക്കാന് പോയ ദില്ലീസ "എന്റെ റബ്ബേ!! എല്ലാം പോയീ" എന്നു വെലിയ തൊള്ളോണ്ട് അലറി പാന്ഞു വന്നു. ഉമ്മയും ഉമ്മാമയും പാങ്കിയും ദില്ലീസേം "ചോര നീരാക്കി" ഇണ്ടാക്കിയ പുതീനേം ബേണ്ടിങ്ങേം ബൈതിനേം കോവക്കേം തക്കാളീമുണ്ട് കറുത്ത് കരിന്ഞ് സലീം കുമാറിനെ പോലെ ചുരുണ്ട് കൂടി നില്ക്കുന്നു! ഉമ്മ ഉടനെ ഇമ്മിടിയറ്റായി മൂക്കിന്നും കണ്ണിന്നും ഒലിപിക്കാന്‍ തൊടങ്ങി, 'ഞാനെങ്ങനെ ബെള്ളോം ബളോം ഇട്ട് ബളര്‍ത്തിയ ചെടിയാ? എന്നക്കൊണ്ടാവൂലുമ്മാ അയിറ്റിങ്ങള് കരിന്ഞ് ബാടി നിക്ക്ന്നത് കാണാന്. എന്റെ ചങ്ക് കത്തി പോവൂമ്മാ!!" മൂക്ക് തൊട, കണ്ണ് തൊട പിന്നെ നൊടിച്ചല്. ഉമ്മാമ്മക്ക് ഒരൊറ്റ ബേജാറേയുള്ളൂ, "ഇന്ഞിപ്പം ബൈതിങ്ങക്കെന്താക്കും? പെറാണ്ട് പറ്റൂലാലൊ?"
എല്ലാരും താടിക്ക് കയ്യും കൊട്ത്ത് നെരത്തി പിരാവുകുന്ന തെരക്കിലേര്‍പ്പെട്ടു. കരിന്ഞതിന്റെ മൂല കാരണം എന്താന്ന് ഇതു വെരെ അറീലാലോ?

"ഇന്ഞി മേങ്ങിയ ബിത്തുമ്മല് കുത്തി വെച്ചിട്ട്‌ണ്ടാഓ? ഇപ്പള്ത്തെ കാലാ...ഖിയാമം! ആ ഹറാമ്പെറന്നോറ് അതും ചെയ്യും !!"

"അപ്പറത്തെ പൊരെയ്ലെ നാണി തള്ള ഇന്നലെ കടു മേങ്ങാന് മനപ്പം നമ്മളെ കിറ്സി കണ്ടിറ്റ് മൂപ്പിക്ക്‍ന്നെ കേട്ടീനും! ആ പഹച്ചിന്റെ കണ്ണ് തട്ടീയേന്നെ ഇത്! പണ്ട് നൂപ്പത്തിക്ക് ഞമ്മളെ റഓബസ്റ്റിന്റെ ബായ കൊലച്ചപ്പം ഒരു പയം കൊട്‌ത്തീനി, അയിന്റേസം ആ ബായമ്മല് ഒരു പുയു പോലും നൊയന്ഞിട്ടില്ല! അമ്മായിരി കണ്ണാ കരികണ്ണിച്ചിക്ക്!!!"

"ഇങ്ങളെ ഒട്‌ക്കത്തെ ബെള്ളം പാരലും, എല നുള്ളലും, ചോട് മാന്തലും... അപ്പളേ എനിക്ക് തോന്നീന് ഇത് നസിക്കാന്ള്ളതാന്ന്"

എന്നാല് സത്യം, ഹഖ്, ഇതൊന്നുമല്ലായിരുന്നു!അതു വരെ പ്ലാനിങ്ങിലും വിത്തു സപ്ലൈലും മാത്രം ഒതുങ്ങി നിന്ന മാങ്കാ എന്നു വിളിക്കപ്പെടുന്ന മിസ്റ്റര് മഹ്മൂദ്,അതായത് എന്റെ ഉപ്പ ഒരു ക്രിസിക്കാരന്‍ എന്നുള്ള അഹങ്കാരത്തിലും ബാക്കിയുള്ളവരേക്കാളും ക്രിസിമനസ്സാസ്ത്രം അറിയാമെന്നുള്ള ഓവര് കോണ്ഫിടന്സും കൂട്ടി വെച്ച്, തോട്ടത്തിന്റെ മുതലാളിത്തം ഏറ്റെഠുക്കാന്‍ സ്വയം തീരുമാനിച്ചു.ആരും ഒന്നും അറിന്ഞീല.അങ്ങനെ ഫ്രീയായി കിട്ടുന്ന എല്ലാ വളവും വേണ്ടിയും വേണ്ടാതെയും മൂപ്പിലാന് കൊണ്ടോയി ചാര്ത്തി വിട്ടു.ചാര്‍ത്തി ചാര്‍ത്തി കമത്തിയ സള്‍പ്പറ് കൂടിപ്പോയി! ആ കുരുന്തു പൈതങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായി പോയി കടുങ്കയ്.

അന്ന് ലാത്രീലെ കോയിക്കൂട്ടാന് ഉപ്പ് കൂടീട്ടും മിസ്ടര് മയ്മൂദ് ഒന്നും മിണ്ടീല! തറവാട്ടിലെ മൂത്ത പിയാപ്ലായി പോയീലെ, പെണ്ണ്ങ്ങക്കും ഒന്നും മുണ്ടാന്‍ പറ്റൂലാലോ? എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും മനസ്സില് പിരാവിയും നടന്നു.

അയിന്റെ പിറ്റേന്ന് മുസ്തപ്പ നല്ല തുള്ള്ന്ന ചെമ്മീന്‍ കൊണ്ടാന്നപ്പം എളാമ ദാമൂന്റെ പീടിയേന്ന് മാങ്ങിയ ബൈതിങ്ങ മുറിച്ച്, എണ്ണയില് വറ്ത്ത് കോരി, ചെമ്മീനും നല്ലോണം പൊരിച്ചു കോരി ബാക്കിള്ള എണ്ണെയില് കൊറച്ച് കടൂം ജീരോം പൊട്ടിച്ച് കൊറച്ച് തക്കാളീം മുറിച്ചിട്ട് വേവിച്ച്, ബൈതിങ്ങേം ചെമ്മീനും ചേര്‍ത്ത് നല്ലോമ്പോലെ എളക്കി പച്ച മൊളൂം മല്ലീം വെള്ളുള്ളീം അരച്ച് ബാക്കിള്ള എണ്ണെയില് വാട്ടി, ഒര് നുള്ള് മന്ഞളും ബേണ്ടപോലെ ഉപ്പും ചേര്‍ത്ത് നല്ലോണം വെന്താല് അരക്കപ്പ് വെള്ളമൊഴിച്ച് നല്ലോണം തിളച്ചു വെരുമ്പം എകദേഷം ഒരുമായിരി നാലു കിലോമീറ്റര് ചുറ്റളവിലുള്ള വീട്ടിലൊക്കെ മണം പരക്കും. അപ്പം പിന്നെ തൊട്ടടുത്ത അറയിലിരിക്കുന്ന എന്റെ കാര്യം പറയണ്ടല്ലോ?

"ഹിയ്യട ഹിയ്യാ ഇന്നത്തെ കാര്യം കുശാലായി" എന്നു മനസ്സില് വിജാരിച്ചു, ഒരു മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് ബെല്ലും ബ്രേക്കുമില്ലാതെ പാന്ഞടുത്ത് ചട്ടിയില്‍ കയ്യിട്ടു ഇട്ടില്ല എന്ന പൊസിഷണില് നിക്കുന്ന എന്നെ ഉമ്മാമ്മ കുങ്ങ്ഫൂ സ്റ്റൈലില് എവിട്ന്നോ പറന്നു വന്നു തടയിട്ടു. "അയില് ബൈതിന്ങ്ങണ്ട്, അനക്ക് തിന്നാമ്പാടില്ല!!"

"തിന്നാമ്പാടില്ലെ? അതെന്താ, എനക്ക് മാത്രം പറ്റാത്തതെ?"

"നീ പെറൂല!"

!!!! ഹൌ എന്റെ പൊന്നു റബ്ബേ!! ആ അലവലാതികള്‍ക്ക് കുത്തി വെക്കാന്‍ ലോകത്ത് വേറെ ഒന്നും കണ്ടില്ലെ? ആ വെര്‍തേ ഒരു പണീമില്ലാണ്ട് നടക്ക്ന്ന സുരേസ് കോപിനേ, ഒബാമനേ പിടിച്ചു കുത്തിക്കൂടെ? ഈ തിന്ന്ന്ന സാമാനം കൊണ്ട് കളിക്ക്‍ന്നോരെ എനിക്ക് പണ്ടേ പിടിക്കൂല! ഹറാമ്പെറപ്പ്കള്!!

"ഞാന്‍ പെറുമ്മാമ്മാ.. ബൈതിങ്ങ കാരണല്ല ഞാന്‍ പെറാത്തെ... അത് ഫാമിലി പ്ലാനിങ്ങ്‌ന്ന് പറന്ഞ് ഒരു സൂക്കേടാ, ഞാന്‍ നാളെ ഡോക്ക്ട്ടട്ത്ത് പോന്ന്ണ്ട്! എനിക്ക് കൂട്ടാന് താ... ഞാന്‍ പെറാം!!! "

Sunday, June 6, 2010

ദുഫായിക്കാരന്‍

സുബൈറ് ഗള്‍ഫിന്നും വന്നു! പയങ്ങാ‍ടി ആക മൊത്തം ഒരു ബ്രൂട്ടിന്റെ സ്മണം! മൂപ്പിലാന്‍ വാടകക്കെടുത്ത കോളിസിന്റെ മണ്ടി പോയ വയ്യറിയാന്‍ മൂക്കൊന്ന് ട്യൂണ്‍ ചെയ്താ മതി. ബ്രൂട്ടും, മാള്‍ബോറോന്റെ സിഗര്‍റ്റും, വാസ്ലീന്റെ ഹേറോയിലും കൂടി ഒരു മണമേളം. സുബൈറിനാണെങ്കില് നാട്ടിലെ ചൂട് പറ്റ്‌ന്നില്ല, റോട്ടിലെ കുയി പറ്റ്‌ന്നില്ലാ, ബസ്സിന്റെ ഓണിന് ഒട്‌ക്കത്ത സമണ്ട്, എപ്പം നോക്കിയാലും പവ്വറ്‌ക്കട്ട്, മീനും എറച്ചിയും ഫ്രെഷല്ല... ഒന്നും പറയണ്ടാ.

"ദുബെയ്‌ലെ മത്തിയെന്താ മത്തി, തിന്നുമ്പം വെരെ ഇങ്ങനെ പെടപെടക്ക്‌അല്ലെ?? ഇബടെള്ളോര്‍ക്ക് യാതൊരു കോളിറ്റി കണ്ട്രോളും ഇല്ല! അബ്‌ടത്തെ മത്തിന്റെ ഒരു കണ്ണ് ചൊമന്നാല് ഷെയ്ക്കിനൊടാണേ ഉത്തരം പറയണ്ടി! ഇബട പിന്നെ ചീഞ്ഞാലും മാങ്ങി തിന്നാനാള്‌ണ്ടല്ലോ...” എട്ടാങ്ക്ലാസ് വെരെ സുല്‍ത്താന്തോട്ടിന്റെ കരെയില് തൂറി നടന്ന സുബെയിറിന്റെ കോളിറ്റി കണ്ട്രോള് പെറ്റുമ്മ കേട്ടാ സയിക്കൂല!

നാട്ടിലെ ഏതു കണ്ട്രി പീപ്പിള്‍സും അടുത്തൂടെ നടന്നാലും സ്ക്രാച്ച് വീഴുന്ന ഒരു റേബാന്റെ ഗൂലിണ്‍ഗ്ലാസുണ്ട് സുബെയിറിന്റെ പിസ്തയും ബദോം തിന്ന്‌ ബെള്പ്പിച്ച നെയ്യൊലിക്ക്‌ന്ന അല്‌വാക്കണ്ടം പോലത്തെ മോന്തമ്മല്. സാമാനപീടിയേല് മൂന്നുറുപ്പ്യക്ക് പുതീന്റെ ചപ്പ് മേങ്ങാനായാലും അതില്ലാണ്ട് മ്‌മ്‌മ്‌മ്‌ഹു!! ദുബെയ്‌ലെ മായിരിയല്ലാലോ,നാട്ടില്‍, സൂര്യനു ബയങ്കരം ലെയിറ്റല്ലെ? പോരാത്തെയ്‌ന് “സയിക്കാന്‍ പറ്റാത്ത ചൂടും. ദുബെയിലെ പോലെ ഇബടേം ഫുള്ള് ഏസി ആക്കണ്ടത്‌ ഒരു ലക്ഷറി അല്ലുമ്മാ, ഒരു നെസെസ്സിറ്റിയാ”.

“അയിനു മോനെ, ഒരു മാസം കയ്യുമ്പളേക്ക് ഇബടെ കോരി ചൊരിയൂലെ? അപ്പം ഈ ഏശീം കുന്തോം നമ്മക്കെന്തിനാ?" ഏശി ഒരു നെസെസ്സിട്ടിയായ വിവരം അറിയാത്ത കുഞ്ഞേയിസെളാമ ചോയിച്ചു പോയി.

“ഇങ്ങക്കൊക്കെ ഇതൊക്കെ ഒരു ശീലമായതോണ്ടാ ഇമ്മാ... മനിഷ്യന്മാര്‍ക്ക് സയിക്കാന്‍ പറ്റണ്ടേ? കൊതൂം ചൂടും ഒലക്കമലെ ലോട്‌ ഷെഡിങ്ങും! ഈ നാട്‌ നന്നാവൂല! ബെറ്‌തെയാ അറബിയേള് ഇബടേ ഓയില്‍ ടില്ലിങ്ങിനു ബരാത്തെ? ഈലും ഒണങ്ങിയ നാട് ലോകത്തേടേം ഉണ്ടാഊല!”

കുഞ്ഞെയിസെളാമ താടിക്ക് കയ്യും കൊട്‌ത്ത് പണിക്ക്‌ക്ക്‌ന്ന കച്ചിബിനോട് ചോയിച്ചു, “എല്ലാ, ഈ അറബ്‌നാട്ടിലല്ലേ ബെലിയ ബെലിയ മരിബൂമീം ഒട്ടകോം ഇള്ളേഅ്? ഞമ്മളെ കേരള്‍ത്തില് ഇണ്ടാ, ഇമന്‍ പറീന്ന മായിരി ഒണങ്ങാന്‍?”

റേബാനും ഫിറ്റാക്കി ഹാപ്പിന്റെ ബനിയനും സിങ്കപ്പൂര് ലുങ്കീം ഒരു പാട്ട ബ്രൂട്ടും മാള്‍ബോറൊന്റെ സിഗര്‍റ്റ് പെട്ടീല് ഒരു സിഗര്‍റ്റും ഓവല്‍ടിന്നു കുടിച്ച് പുഷ്ടിച്ച കൈകള്‍ക്കു മാത്രം താങ്ങാനാവുന്ന ഒരു ഗോള്‍ഡന്‍ വാച്ചും കെട്ടി, സുബെയിറ് നാട്ടുകാര്‍ക്ക് ദര്‍ശനമേകാനായി ഇറങ്ങി. തിരിച്ച്‌ ദുഫായിലെത്തുമ്പോള്‍ “നാട്ടുവഴികളിലൂടെ വൈകുന്നേരങ്ങളില്‍ നാട്ടുകാരുമായി ലോക്യം പറഞ്ഞു നടന്നതും ഇസ്മായില്‍ക്കാന്റെ ചായപീടിയേന്ന് ചായ കുടിച്ചതിന്റേയും ആ നൊസ്റ്റാല്‍ജിക്ക് സൊഹം” പങ്കു വെക്കണമല്ലൊ?

പോന്ന വയി നീളെ കാണുന്നോര്‍ക്ക് ഫ്രീ കുളൂസിന്റെയും അഭിപ്രായങ്ങളുടേയും വിതരണവും ഇണ്ട്... “ദുബായിലെ സോപ്പിന് ഇതിനേക്കാളും മണവും ഗുണവും കോളിറ്റി കണ്ട്രോളും ഇണ്ട്” “ദുബൈലെ റോട്ടുമ്മല്‍ ഒരു കല്ല്‌ അടര്‍ന്നാല്‍, ഉടനെ! ഇമ്മിഡിയറ്റായി, റോഡ് ഫുള്ളായി ഒരു മണിക്കൂറു കൊണ്ട് ടാര്‍ ചെയ്‌തിരിക്കും! ഷൈക്കിനോട്‌ ഇബടത്തെ പോലെ എക്സ്ക്യൂസുകളൊന്നും നടക്കൂല!” “ഔക്കര്‍ക്കാ, ഇങ്ങള് റസീദിനെ ഗള്‍ഫിലേക്ക് കേറ്റാന്‍ നോക്ക്, നാട്ടില് നിന്ന്‌ട്ട്‌ ഒര് കാര്യോല്ല. സമയോം കസ്റ്റപ്പാടും ബാക്കിയാവുന്നല്ലാണ്ട്. ഔട ഡോക്കിട്ടര്‍മാര്‍ക്ക് എന്താ വെലാന്നാ?”

അങ്ങനെ നാട്ടുകാരെ നന്നാക്കി നന്നാക്കി സുബെയിറ് ഇസ്മായിക്കാന്റെ ചായപീടിയന്റെ മുന്നിലെത്തി. സ്ഥലത്തെ ഇമ്പോര്‍റ്റന്റായിട്ടുള്ള ഒട്ട്‌ മിക്ക ടീംസും ഹാജരു വിളിച്ചിട്ട്‌ണ്ട്. ക്ലോറോഫില്ല് പിടിച്ചെട്‌ക്ക്‌ന്ന സൂര്യപ്രകാശം എലെയ്ന്നും ചോര്‍ത്തി കുപ്പിയിലാക്കി ചികിത്സ നടത്തുന്ന വൈദ്യര് വാസു, എന്തെങ്കിലും ജോലി ചെയ്ത കുടുംബം പോറ്റാനുള്ള മടി കാരണം പള്ളിയിലെ ആദ്യത്തെ സഫ്ഫിലിരുന്നു വലിയാളായ ഗഫൂറ്‌, നാട്ടിലുള്ള എല്ലാ അടുക്കള കഥകളും വീട്ടിലെ പെണ്ണ്‌ങ്ങളറീന്നെയ്ന്റെ മുന്നേ മണത്തറിയാന്‍ കഴിവുള്ള മൂക്കന്‍ മുസ്തഫ, എപ്പളും ഒപ്പരം മാത്രം നടക്കുന്ന കപ്പലു കണാരനും തോണി മജീദും, നാട്ടിലെ ഏറ്റവും വലിയ ചന്തിക്കുടമയായ ചന്തിയില്ല പരീക്കയും...തുടങ്ങി വലുതും ചെറുതുമായ എല്ലാ ഐറ്റംസും നെരന്നിരിക്കുന്നുണ്ട്. സുബെയിറ് തന്റെ സ്മണം പരത്തി കൊണ്ട് കേറിയിരുന്നു. എല്ലാര്‍ക്കും ഒരു റൌണ്ട് ചായേം കടീം.

രണ്ട് ബെഞ്ചപ്പറം കത്തികുത്ത് സുലെയ്‌മാനിര്ന്ന് പേപ്പറ്‌ വായിക്ക്‌ന്ന്‌ണ്ട്. കത്തികുത്ത് സുലെയ്‌മാന്‍ സ്ഫടികം സിനിമേന്റെ ഒര് റീമേക്ക് വര്‍ഷനാ. ഉപ്പ ഇസ്ക്കൂള്‍ മാഷ്, ബ്ലഡില്‌ പട്ടാളം കലര്‍ന്നോയ മായിരി ചിട്ടന്റെ അസ്‌ക്യത. അങ്ങനെ മോനെ തല്ലി തല്ലി, മോന്‍ വെടക്കായി. കഞ്ചാവ്, കള്ള്, കത്തിക്കുത്ത്, അടിപിടി മുതലായ എല്ലാം തികഞ്ഞ സര്‍വഗുണസമ്പന്നന്‍. ആരു കണ്ടാലും ഒന്നു വണങ്ങി പോവും. സുബെയ്‌റ്‌ നാട്ടില് വരുന്നെയ്ന്റെ ഒരു കൊല്ലം മുമ്പ് നടന്ന ഒരു അടിപിടിക്കേസില് കാലിന് വെട്ടേറ്റ് നാലു മാസം ആശുത്രീല് കെടന്ന് കസ്‌ട്ടപ്പെട്ട്, ആകെ തടിയൊക്കെ തളര്‍ന്നാണ് സുലെയ്മാന്‍ ഇരിക്കുന്നത്. ആര്‍ക്കും ഓനെ മേണ്ട. “ഒന്നു പീടിയേന്ന് സാമാനം മേങ്ങാന്‍ അയക്കാന്ന്‌ വെച്ചാ, ആ ഒന്നരക്കാലും വെച്ച് നൊണ്ടി നൊണ്ടി ഓനെത്തുമ്പളേക്കും നേരം സുബൈയാകും.” എന്നാലും സുലെയ്‌മാന്‍ ഒരാളോടും കൈന്നീട്ടൂല, ആരെങ്കിലും വാങ്ങി കൊട്‌ത്താ തിന്നും, ഇല്ലെങ്കില് പട്ടിണി കെടക്കും, അത്രേയുള്ളൂ.

മൂപ്പരെ ആകെയുള്ള ദോസ്‌ത് പിരാന്തന്‍ മാമുവാണ്. പിരാന്തന്‍ മാമു എല്ലാരേയും, അത് ആരായാലും വേണ്ടീല, “നായിന്റെ മോനെ” എന്നേ വിളീക്കൂ. പള്ളീലെ ഇസ്മായില്‍ മൊയിത്സായിവ് നടന്നു പോകുമ്പോള്‍ വളരെ വിനീതമായി, മാമു പറയും, “അസ്സലാമു അലൈക്കും, നായിന്റെ മോനെ”. കുന്നുമലെ അസ്സനാജിന്റെ മയ്യത്തും കൊണ്ട് ഖബറെടത്തിലേക്ക് പോവുമ്പം മാമു മയ്യത്ത് ഏറ്റിയ കട്ടിലിന്റെ മുമ്പില് പോയി നിന്ന് പറഞ്ഞു, “അനക്ക് അങ്ങനെ തന്നെ വേണം നായിന്റെ മോനെ!”

ചായപ്പീടിയേല് എത്തിയ മുതല് സുബൈറ്‌ തുടങ്ങീലേ പ്രഭാഷണം. “ഇന്നത്തെ കാലത്ത് ആര്‍ക്കും കരിയര്‍ നന്നാക്കണമെന്നൊന്നും ഇല്ല! ഇമനെ തന്നെ നോക്ക്, തടിയും മിട്‌ക്കും ഇല്ലാഞ്ഞിട്ടാ? മെനക്കെടാന്‍ മടി, അല്ലാണ്ടെന്ത്? അന്നോനോട് ഞാമ്പറഞ്ഞീന്, നീ ഈ അടിപിടിയും കഞ്ചാവും നിര്‍ത്തി വല്ല ബീഡി തെരക്കാനോ, കല്ല് ചെത്താനോ, കമ്പ്യൂട്ര് പടിക്കാനോ പൊവ്വാന്‍. ഇപ്പളെന്തായി? ഇതൊക്കെ അവസാനം ഇങ്ങനെ തന്നെയാവും. നമ്മള് ഇപ്പം തടി വെള്ളാക്കി നയിച്ചാല് മരിക്കുമ്പം കെടക്കാന്‍ ഒര് പൊരെയ്ം സംസംബെള്ളം ബീത്തി തെരാന്‍ ആരെങ്കിലും അട്‌ത്തൂം ഇണ്ടാവും. ഇതിപ്പം ഒന്നിനും കയ്യാണ്ടായീലെ? ഇന്നാട്ടില്‍` ഓനാരെങ്കിലും പെണ്ണ്‌ കൊട്‌ക്കോ? അല്ലനിപ്പം ബീടരെ കിട്ടിയാ തന്നെ ഓള് ഇമന്റെ കളിക്ക് നിക്കോ? ഇഞ്ഞി ഈ ഒന്നരക്കാലും വെച്ച് എന്ത് പണി ചെയ്യാന്‍? പോരാത്തെയ്‌ന് ഗുണ്ടാന്ന് പേരും, ബീഡിക്കാര് വെരെ പടി ചൌട്ടിക്കോ? അവസാനം തെണ്ടല് തന്നെ ഗതി..ഹ്‌മ്മ്!” ഈ ഒട്ടകപ്പാല് കുടിക്കുന്നതു കൊണ്ട് ഗള്‍ഫിന്നും ലീവിനു വരുന്നോര്‍ക്കൊക്കെ പൊതുവേ എല്ലാ കാര്യത്തിനെ പറ്റിയും ഭയങ്കരം അറിവാണല്ലോ? അതു മുഴുവന്‍ എവിടെങ്കിലും കൊണ്ടോയി എറക്കി വെക്കണ്ടേ, അതിനുള്ള പറ്റിയ സമയമാണ് ഈ ലീവും നാടും. മാക്സിമം കവറേജാണ് ലക്ഷ്യം.

അന്നത്തെ ടോക്ക്ടൈം കയിഞ്ഞ് മൈരിബ്‌ നിസ്ക്കരിക്കാന്‍ പള്ളീ‍ലേക്ക് ഇറങ്ങുന്ന വയിക്ക്, സുബൈറ് പോക്കറ്റിന്നും ഒരു നൂറ് രൂഫാ നോട്ടെടുത്ത്, “ദുബെയ്‌ല് ഇത് വെറും പത്ത് ദിര്‍ഹല്ലെ?” എന്ന ഒരു കൂള്‍ ഭാവം മോന്തക്ക് ഫിറ്റ് ചെയ്ത്, ലുങ്കി വലിച്ച് അണ്ടിമ്മല് കൊളത്തിക്കൊണ്ട് നിവര്‍ന്ന് നിന്ന് സുലെയ്മാന്റെ നേരെ നീട്ടി, പിരാന്തന്‍ മാമുവാണ് വാങ്ങിയത്. എന്നാലും അവസാനമായി കിട്ടിയ ഉപദേശാവസരം കളയാന്‍ യാതൊരു മട്ടുമില്ലാത്ത സുബെയ്‌റ് സുലെയ്മാന് ചെവിക്കാണ് തകരാറ് എന്ന പോലെ ഒറക്കനെ പറഞ്ഞു, “എട സുലെയ്മാനെ, ഇനി ഈ പൈശേം കൊണ്ടോയി കഞ്ചാവടിക്കണം കേട്ടോ?” എന്നിട്ട് ഒരു വിജയഷ്രീലാളിത ചിരിയും പാസാക്കി, നരസിംഹം സ്റ്റൈലില്‍ തിരിഞ്ഞതും ബാക്കിന്നും ഒരശരീരി,

“ഇല്ല നായിന്റെ മോനെ, അന്റെ നൂറ്‌ ഉലുവേം കൊണ്ട് ഞാന്‍ ഹജ്ജിന് പൊവ്വാടാ ചെറ്റേ!!!”

ആരും മുണ്ടീല. ദുബെയ്‌ക്ക് ഫ്ലൈറ്റ് കേറ്‌ന്ന വെരെ സുബൈറിനും മുണ്ടാ‍ട്ടം കൊറവേയ്‌നി!

Monday, January 18, 2010

പാത്തിബിയും സക്കീനത്താത്തയും ഒരു പാഠവും

“ഓളെ നിര്‍ത്തിക്കൂടുമ്മാ, പൊരെയ്‌ല് വെലിയ പാടാന്ന്‌ കൈജ പറീന്നെ കേട്ടീലെയ്നോ? നാല് പെങ്കുട്ട്യോളും,” അമ്മായി കാരണോത്തിനോട്‌ അപ്പീലിട്ടു.

“ഊ ഊം, ഓള നിര്‍ത്താന്‍ പറ്റൂലേ. എന്തൊര് ബായിലനാവാ ഓക്ക്? തെറ്ന്തലയല്ലാണ്ട് വായിന്നും തൊയ്യൂല, തീറ്റക്കാണങ്കില് യാതൊരു കൊറവൂല്ല- അതൊന്നും പോരാണ്ട് കള്ളത്തരോം!” ഉമ്മാമ്മക്ക് തീരെ താത്പര്യം പോര.

അമ്മായി ഉമ്മനെ കണ്ണും കയ്യും കാണിച്ച് സ്വന്തം ടീമിലേക്ക് വലിക്കാന്‍ തൊടങ്ങി, “ഇങ്ങള് പറീന്ന്, ഓള പോലെ പണിയെട്‌ക്ക്‌ന്ന ആരെങ്കിലും ദുനിയാവ്‌ തപ്പിയാ കിട്ടുഓ?” അയിന് ജവാബില്ല! കാര്യം സെരിയാണ്, മിസ്സിസ് പാത്തിബി “നായി നയിക്ക്‌ന്ന പോലെ നയിക്കും”. പാത്തിബിത്താ 10 വയസ്സു മുതല് നമ്മള തറവാട്ടില്‍ ഒരു അംഗമാണ്. പാത്തിബിന്റെയ് അമ്മായിയും, അമ്മായിന്റെയ് മോളും, നാത്തൂനും, അന്‍സത്തിയും എല്ലാരും മുക്രീന്റകം അട്‌ക്കളെയ്‌ലും അല്ലാണ്ടും പയറ്റി തെളിഞ്ഞോരാണ്. ബിരിയാന്ന്ന് ദമ്മിടാന്‍ പാത്തിബിനെ പോലെ വമ്പത്തി കോയിക്കോട് ബേറെയില്ല! കൊയലി പത്തിരി അത്രെം നൈസായി പരത്താന്‍ ഇന്നും തറവാട്ടില് രണ്ടേ രണ്ട് പേരു മാത്രം- പാത്തിബീം, കാരണൊത്തീം! അമ്മാതിരിയ്‌ള്ള പാത്തിബിനാണ് ഡിസ്മിസ്സ് ചെയ്യാന്‍ ഉമ്മാമ്മ പറയുന്നത്!! എങ്ങനെ സയിക്കും?

ഉമ്മയും എളാമയും അമ്മായിയും ഉമ്മാമ്മനെയ് ചെവിട്ടിനും തലക്കും സൌര്യം കൊട്‌ക്കാണ്ട് അവസാനം പാത്തിബിന്റെ പിരിച്ചു വിടലിനെതിരെ സ്റ്റേ വാങ്ങി. പാത്തിബി തിരിച്ചു രംഗത്തെത്തി. കൊയലി പത്തിരി വീണ്ടും നൈസായി. പഞ്ചാരന്റെയും, പാല്‍പ്പൊടിന്റേയും, സര്‍പ്പിന്റേയും അളവ് വീണ്ടും ദാരിദ്ര്യരേഖക്ക് താഴേയായി. വൈന്നേരം പണീം കയിഞ്ഞ് പാത്തിബി പൊവ്വാനെറങ്ങുമ്പം ഉമ്മാമ്മ ബാക്കിള്ളോലോട് പറയും, “ഓള മൊലന്റെ മുയിപ്പ് കണ്ടില്ലെ? ഇള്ള പഞ്ചാരേം പാല്‍പ്പൊടീം അരിയും ഒക്കണ്ടാവും!!!”

അങ്ങനെ ഒരു ദൌസം ലാവിലെണ്ട് അട്ക്കളവാത്‌ക്കല് സെക്കീനത്താത്ത. “എന്റെ പൊന്നാര കൈജാത്ത, ഇങ്ങള് ബെറും ഒരായ്ച്ചത്തേക്ക് ഓളൊന്ന് ബിട്ടെരണം. ബേറൊര് ബയ്യുല്ലാഞ്ഞിട്ടാ...പിറോസിന് കയിഞ്ഞായ്ച്ച കണ്ട് ആ പെണ്ണിന്റെ പൊരെയ്ന്നും അഞ്ചാറാള് ബെര്ന്ന്‌ണ്ട് പോലും. ഇത്‌ങ്ങള്‍ക്കൊക്കെ ബെച്ച് ബെളമ്പണ്ടേ? ആരെ കൊണ്ടാ ഈനൊക്കെ കയ്യുന്നത്? ഒരായ്ച്ച തെകച്ചും മേണ്ടാ കൈജാത്താ, അയിനു മുമ്പേ ഞാന്‍ തിരിച്ചെത്തിക്കാം”

സെക്കീനത്താ. സെക്കീന്ത്താനെ പറ്റി വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍ ഉമ്മാമ്മ പറയും, “ഇമ്മായിരി ഒരു പടപ്പ് ഇദ്ദുനിയാവില് മസിട്ട് തപ്പിയാ കിട്ടൂല.” പാത്തിബിനെ ഒരായ്ച്ചതേക്ക് കടം മാങ്ങാന്‍ വന്നതാ. പണിക്കാരിയേള മാത്രല്ല, പൊന്നും പാത്രോം സാരീം എന്നു മാത്രമല്ല ഓട്ടൊരിക്ഷെയില് കേറ്റാന്‍ പറ്റ്‌ന്ന എന്തും മൂപ്പത്തി കൊണ്ടുപോയിരിക്കും! എന്നിട്ട് പിന്നെ കുറ്റോം പറയും, “എന്ത് സാരിയാ നുച്ചൂ അത്? മേത്ത തൊടിപ്പിക്കാന്‍ പറ്റ്‌ന്ന്‌ണ്ടോ? എനിക്ക് ഒരുമായിരി ചൊറിച്ചലെയ്നി!!!” എന്നിട്ട് പിന്നേം അതന്നെ കടം മാങ്ങേം ചെയ്യും!

സെക്കീനത്താക്ക് മക്കള് ആറ്. ഓരെ പോലെ തെകഞ്ഞോര്‍ ഇദ്ദുനിയാവില് ഇപ്പളെന്നല്ല, ഇന്നേ വരെ ഇണ്ടായിട്ടില്ല എന്നാണ് മൂപ്പത്തിന്റെ ബിസ്വാതം. ഒരോന്നിനെ കെട്ടിക്കുമ്പളും അളന്നും തൂക്കീം ബായില പല്ലെണ്ണീം കെട്ടാന്‍ പോന്നോള ഉമ്മാന്റേം ബാപ്പാന്റേം പണിക്കാരിന്റേയും ഇന്റര്‍വ്യൂയും കയിഞ്ഞാണ് കെട്ട്! പെണ്ണിന്റെ ബീട്ടിലറിയിക്കാണ്ട് കോളെയില് പോയി കാണല്‍ പരിവാടിയും ഇണ്ട്. ഇത് കണ്ട്പിടിക്കുന്നത് ഞാന്‍ ഒരു ദൌസം കോളജ് കാന്റീനിലിരുന്ന് വല്ല ലൈനും വീഴുന്നുണ്ടോന്നും നോക്കി ഇരിക്കുമ്പളുണ്ട് സെക്കീനയും നാലാമത്തോന്‍ സലീം കുമാര്‍ ഖാനും (പേരു പോലെ തന്നെയാണെങ്കിലും യാതൊരു അഹങ്കാറും ഇല്ലാത്ത ഒരു പാവം ചെറുക്കനാ). കുടുംബ ബന്ധങ്ങള്‍ക്ക് വേണ്ടിയേടത്തും വേണ്ടാത്തേടത്തും വാരിക്കോരി മൂല്യം കൊടുക്കുന്ന അസുഖക്കാരിയായ ഞാന്‍, “സക്കീനത്താ...” എന്നും പറഞ്ഞു രണ്ടു മൂന്നു മുലാക്കാത്ത് കാച്ചി!!! കോളെയ് കാന്റ്റ്റീനിലെ എന്റെ ഹോള്‍ഡ് അറിയിക്കാന്‍ “ബാബൂ, മൂന്ന് ചായയും നാലു ബിസ്ക്കറ്റും” എന്നും വിളിച്ചു പറഞ്ഞു. “ഇങ്ങളെന്താ ഇബടെ? ആരെങ്കിലും ചേര്‍ക്കാനാ?”
“ആരെ ചേര്‍ക്കാന്‍?!! മൂത്ത ലണ്ട് പഹയന്മാരെ ചേര്‍ത്തതിന്റെയ് കൊണമല്ലെ ലണ്ട് ഹിന്ദുച്ചികള്‍ പൊരെയില് ??!!! ഇമന് ഇബടൊരിത്തിനെ കാണാം മന്നതാ. അനക്കറിയോ? ബലോളജിക്ക് പടിക്ക്‌ണ റംസാന.” കാന്റീനിലും അയിന്റെയ് അപ്പറത്തുള്ള കെമിസ്റ്റ്രി ലാബിലും, എന്‍.സി.സിന്റെ ഓഫീസിലും ആ സമയത്ത് ഇതേ പോലൊരു അശരീരി മൊയങ്ങിയതായി ഒരു റിപ്പോര്‍ട്ടുണ്ട്. അത്രക്ക് സമണ്ടിലാണേ ചോദ്യം!!

ഞാന്‍ ഉടനെ കൈ കയുകി, “ഏയ് എനിക്ക് സുലോളജീലെ ആരേം പരിചയല്ല!!”

ബിടുഓ?? ആര്‍്! “എടി, നൊണ്ണ്‌ കറ്‌ത്ത ഒരുത്തി! ഇമനേം കാട്ടി ഇത്തിര ബെള്പ്പ്‌ണ്ട്, ഗള്‍ഫിലേയ്നി അയിന്റതാ.. ഓളെ ഇമ്മേം ഇപ്പേം കരിക്കട്ടാണ്! ബെളക്കടിച്ചാ കാണൂല...”

ഞാന്‍ തീര്‍ത്തും പറഞ്ഞു, “എനിക്കറിയാനെ വയില്ല!! ബലോളജി/സുലോളജി അപ്പര്‍ത്ത ബ്ലോക്കിലാ... ഞമ്മളുമായി യാതൊരു ബന്ധോല്ല!! എന്നാ പിന്നെ ഞാന്‍ പോട്ടെ... എനിക്ക് ക്ലാസുണ്ട്...” കോളേജില്‍ ഒരു ബ്രോക്കര്‍ പാത്തുവാകുന്ന എല്ലാ ലക്ഷണവും തെളിഞ്ഞു വന്നപ്പോള്‍ ഞാന്‍ ഊരി!

“നീ പൊയാലെങനാ? ഞാന്‍ നുച്ചൂനോട് പറഞ്ഞീന് നിന്നേം കൂട്ടുംന്ന്! നീ ഇബടിരി. നീയുമ്പാടി ഇണ്ടാകുമ്പം ഓക്ക് കൊറവാവൂല!! ഓള് മുണ്ട്‌ന്നേം പറേന്നേം കേക്കൂ ചെയ്യാ... അന്നാ അസ്സനാജിക്ക, കള്ള നായി, ഒരുത്തിനെ കാണിച്ച് തന്നിട്ട്!! ഓള് ‘സാ’ന്ന് പറീമ്പം ഒരു പാ‍ത്തരം തുപ്പല്! ഞാനാ പിയൂണിനെ പറഞ്ഞ് ബിട്ട്‌ക്ക്‌ണ് ഓള കൊണ്ടേരാന്, നീ ഇബടിരി!! ഇതെന്താ? ചായേ? മൂത്തരത്തിന്റെ ചൂടും, പഞ്ചാരേല്ല!! ബേറെ ഇണ്ടാക്കി കൊണ്ടാരാന്‍ പറ അന്റെ ബാബൂനോട്”

ഇന്നത്തോടെ കോളേജ് മുയുമന്‍ എനിക്ക് നല്ല ഇമേജായി. ഞാന്‍ ഏത്തമിടീച്ച കിള്ന്ത് ജ്യൂനിയേര്‍സ് എന്നെ നോക്കി കിക്കിളിക്കുന്നു! ബ്ലഡി കണ്ട്രീസ്! ഞാന്‍ ഒരു മൂലക്കുരു പരുവത്തില് ബെഞ്ചിന്റെ അറ്റത്ത് ബ്ലിങ്കി ഇരിക്കുകയാണ്.

റംസാന വന്നു. നമ്മളുടെ കണ്ണുകള്‍ ഉടക്കി. ഞാന്‍ വളരെ ദയനീയമായാണ് ഉടക്കിയത്. ഈ രക്തത്തില് എനിക്ക് യാതൊരു പങ്കുമില്ലെന്നും ഞാന്‍ വഴിതെറ്റി എത്തിപെട്ട ഒരു പൈങ്കുട്ടിയാണെന്നും എന്നെ ഇവരു ബലമായി പിടിച്ചു വെച്ചതാണെന്നും ഞാന്‍ എന്റെ കണ്ണിലൂടെ മാക്സിമം പറഞ്ഞു. ടെലിപതി തങ്ങളേ കനിയണേ!!!

ഇബള് വന്നിരുന്നതും സലീം കുമാര്‍ ഖാന്‍ താടി വരെ ബട്ടന്‍സിട്ട് നിര്‍ത്തിയ ഷര്‍ട്ടിന്റെ പോക്കറ്റിന്നും ഒരു കഷ്‌ണം കടലാസെട്‌ത്ത് തൊടങ്ങി. ഞാന്‍ എന്റെ കൈരേഖാ ശാസ്ത്രത്തില് ശ്രദ്ധ ഫുള്ളായി കേന്ദ്രീകരിച്ചു.

സലീമിന്റെ കനകംബീരമായ സമണ്ടും ചോദ്യോം കാന്റീനില്‍ മൊയങ്ങി...”റംസാനാ.. ഇഞ്ഞി പടച്ചോനെ സൊപ്പ്‌നം കണ്ട്ക്ക്‌ന്നോ?”

റംസാന ഞെട്ടിയോ എന്നു എനിക്കറീല, ഞാന്‍ ഞെട്ടി, ലേസം ബോധക്കുറവും അനുഭവപ്പെട്ടു. പ്രയിവറ്റായി പരീക്ഷ് എയുതണമെങ്കില്‍ എന്താണു പ്രൊസീജര്‍ എന്നു ഉടനെ അന്വേഷിക്കണം. ഇനി എതായലും ഈ കോളെജില്‍ മാനത്തോടെ ജീവിക്കാന്‍ കയ്യൂലാന്ന് ഒറപ്പായി.

ആ‍ ഉറപ്പ് ഒന്നുമ്പാടി ഊട്ടി ഉറപ്പിച്ചു കൊണ്ട് എസ്.കെയുടെ അടുത്ത ചോദ്യം മൊയങ്ങി, “റംസാനാ... അനക്ക് സാരീരികമായ വല്ല വയ്യായ്മയും ഉണ്ടൊ?”

റംസാനന്റെ കണക്ഷന്‍ വിട്ടു പോയി എന്നാണ് എന്റെ കൈരേഖയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. ഞെരുക്കങ്ങളോ മൂളലുകളോ ഒന്നുമില്ല!! ഞാന്‍ മെല്ലെ അരികത്തൂടെ ഒന്നു പാളി നോക്കി, റംസാനയും കൈരേഖയിലാ...

“റംസാനാ അനക്ക് ഇന്നെ പേടിയാണൊ?”

സക്കീനത്ത ഇടപെട്ടു, “മോളേ അനക്ക് വല്ല കൊഞ്ഞിപ്പോ മറ്റോ ഇണ്ടൊ? ഇഞ്ഞെന്താ ഒന്നു മുണ്ടാത്തെ? ആയിസാ, ഞ്ഞിന്തെങ്കിലും ചോയിക്ക്, ഓള കൊണ്ട് മുണ്ടിക്ക്...”

ഞാന്‍ ദയനീയമായി പുഞ്ചിരി പൊയിച്ചു, എന്നിട്ട് ചോയിച്ചു, “എനിക്ക് പാത്തണം. ഞാനൊന്ന് പാത്തീട്ട് ഇപ്പം ബെരാ...”

ഞാന്‍ സ്ലോമോഷ്യനില് നടന്നു അപ്പറത്ത സൈടിലെത്തീട്ട്, തിരിഞ്ഞു നിന്നു റംസാനനോട് ആംഗ്യബാസെയില് പറഞ്ഞു, “റംസൂട്ടി ബിട്ടോടീ‍ീ‍ീ‍ീ‍ീ‍ീ...”

പിന്നെ കേട്ടത് ഇതാണ്, റംസാനന്റെ നൊണ്ണ്‌ കര്‍ത്തത് കാരണവും അവളുടെ വീട്ടിന്റെ വാതിലിന് തീരെ വീതി ഇല്ലാഞ്ഞതും കാരണം അതു വേണ്ടാന്ന് വെച്ചന്ന്. പക്ഷേ ഞാന്‍ എല്ലാരോടും സത്യം പറഞ്ഞു കൊടുത്തു. ഇന്റര്‍വ്യൂ മുയുമനും കയിഞ്ഞപ്പം, റംസാന പറഞ്ഞു, “ഇങ്ങളേ മൂന്ന്‌ കൊല്ലം മുമ്പ് ഇന്റെ ഇത്താനെ കാണാന്‍ പൊരെയ്‌ല് മന്നീനും, അന്നും എനക്ക് ഇസ്ട്ടായിറ്റില്ല, ഇന്നും ഇസ്ട്ടായിറ്റില്ല.”

സക്കിനത്താ, പാത്തിബിനേം കൊണ്ട് പോയി. പിന്നെ പാത്തിബിനെ മൂന്നാല് മാസത്തേക്ക് ആരും കണ്ടില്ല!! സക്കീനത്താനോട് ചൊയിച്ചാ പറയും, “കള്ള പഹച്ചി മൂന്നൌസം മന്നീനും, പിന്ന ഈ വയിക്ക് വന്നിട്ടില്ല.” പക്ഷേ പാത്തിബി അവുടെ പോകുന്ന ദ്രിക്സാക്ഷി വിവരണങ്ങള് എല്ലാരും കേട്ടു. അന്നാണെങ്കില് പാത്തിബിക്കും സൂറക്കും ഒന്നും ഫോണും മൊംബൈലും ഇല്ല. അങ്ങനെ പാത്തിബിനെ തിരഞ്ഞു പോകാന്‍ തീരുമാനമായി, കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ അദ്ദിക്കാക്ക മൂപ്പരെ അംബാസഡര്‍ കാറും ചോയിയേട്ടനെയും ഈ മഹായജ്ഞത്തിനു വിട്ടു തന്നു. അങ്ങനെ ഒരു വൈന്നേരം ഉമ്മാമ്മ, ഉമ്മ, ജമീലത്താ, ശൌക്കുത്താ, ഹസീനമ്മായി എന്നിവര് പാത്തിബിന്റെ വീടും തപ്പി പൊറപ്പെട്ടു. വെള്ളയില് ബെളക്കുംകാലിന്റവുടുന്നും മൂന്നാമ്മത്തെ തിരിച്ചലിലെ ഏയാമത്തെ വീടാണ്. അങ്ങനെ ചോയിച്ച് ചോയിച്ച് പൊകുകയാണ്, വയിക്കുന്നും കൊറെ മക്കളു കാറിന്റെ കൂടെ കൂടി, ഞാന്‍ ഞെളിഞ്ഞു തെളിഞ്ഞു ഇരിക്കുകയാണ്. കാറ്‌ തൊട്ന്നോരെയൊക്കെ കണ്ണുരുട്ടി പേടിപ്പിക്കുന്നുമുണ്ട്. അങ്ങനെ പാത്തിബിന്റെ വീടെത്തി. പാത്തിബി അവിടില്ല. “പണിക്ക് പോയതാ, ബെരാന്‍ ബൈകും.”

“എതായാലും ഇബടം ബരെ ബന്നില്ലെ, കണ്ടിട്ട് തന്നെ പൊകാ..” ഉമ്മാമ്മ കൊലായില് ഇരുന്നു. അങ്ങനെ എല്ലാരും ഇരിപ്പൊറപ്പിച്ചു. സമയം കൊറെ കയിഞ്ഞു, പത്തിബിന്റെ യാതൊരു വിവരവുമില്ല. ഉമ്മാമ്മ എണീച്ച് വീട്ടിന്റെ വായിലൊന്നു തള്ളി നോക്കി, വാതിലു തുറന്നു. ഉമ്മാമ്മ അകത്തേക്ക് കേറി പോയി. എല്ലാര്‍ക്കും ബോറടിച്ചു തുടങ്ങി, എത്ര നേരംന്ന് വെച്ചിട്ടാ ഇങ്ങനെ കുത്തിരിക്ക്യ? കൊരച്ച് നേരം കയിഞ്ഞപ്പണ്ട് ഉമ്മാമ്മ കയ്യിലൊരു പെര്‍ഷര്‍ കുക്കറും, നാലഞ്ച് പിഞ്ഞാണോം, കൊറെ കയിലും ഒരു ചാക്കും കൊണ്ട് അകത്ത്‌ന്നും വെര്ന്ന്, “ചോയീ ഇതാ കാറിന്റെ പൊറകിലിട്ടാളീ. നുച്ചൂ നീ ഇന്റെ കൂടെ വാ”

പിന്നെ ഇറങ്ങുന്നു ഉമ്മയും ഉമ്മാമ്മയും നാലഞ്ച് കെടക്കവിരിയും, രണ്ട് ടിന്‍ പൊളിക്കാത്ത ഓവല്‍ടിന്നും, ഒരു പെട്ടി കുപ്പിക്ലാസും കൊണ്ട്. എല്ലാം കാറില് കേറ്റീട്ട് കാര്‍ണ്ണോത്തി പറഞ്ഞു, “വണ്ടിയെട്ക്ക് ചോയി.”

“നമ്മള പൊരെയ്ന്നും കട്ടതും തേടി ഓള് ബെരുഓന്ന് നമ്മക്കൊന്ന് കാങ്ങണല്ലോ?!! ഹറാമ്പെറന്നോള്. ഇഞ്ഞിയേറ്റം ആരെങ്കിലും പാത്തിബിന്റെ പേര് ആ പൊരെയ്ല്‌ മുണ്ടിയാല്... ആ‍ാഹ്ഹ്ഹാ‍!”

വണ്ടി നേരെ പോയത് സക്കീനത്താന്റെ പൊരെയ്‌ലേക്കായിരുന്നു. ഒരു കയ്യില് ഓവല്‍ടിന്നും മറ്റേ കയ്യില് ഒരു ബെഡ്ഷീറ്റും പിടിച്ച് ഉമ്മാമ്മ എറങ്ങി. പാത്തിബി തുണി തിര്മ്പ്‌ന്ന്‌. സക്കിനത്താത്ത പടാപ്പൊറത്തിര്ന്ന്‌ മുറ്‌ക്ക്‌ന്ന്‌. രണ്ടാളും ഒന്നു ചമ്മി, എന്നാലും കാണിക്കാണ്ട് പറഞ്ഞ്, “ഞാനിപ്പം പാത്തിബിനോട് പറയേയിനി കദീജ ചൊയിചീനീ‍ ഇത്രേം കാലം ഓളേടയാന്ന്. തുണി ചിക്കിട്ട് നേരെ ഇങ്ങളങ്ങോട്ട് അയക്കാന്‍ നിക്കാ ഞാന്‍!”

“മേണ്ട സക്കീന. ഓളെ ഇങ്ങളേന്നെ വെച്ചൊ! ഞാനീ ഓവല്‍ടിന്നും ഒരു ബെഡ്ഷീട്ടും ഓക്ക് കൊട്‌ക്കാന്‍ മന്നതാ. ഇന്ന പാത്തിബി. ഒരു പുതിയേ പെഷര്‍ കൊക്കറും ഇണ്ട്, അനക്ക് സമയള്ളപ്പം മന്ന് എട്‌ത്താ മതി. എന്നാ പിന്നെ പോകട്ടെ, അത്തായത്തിന് ആള്ണ്ട്! അസ്സലാമു അലൈക്കും.”

Eppadi?